അവാസ്തവമായ ചരിത്രത്തിന്റെ ഖനനം രാഷ്ട്രസങ്കല്‍പ്പത്തിനു ക്ഷതമേല്‍പിക്കുന്നു.
ബിസി അഞ്ചാം നൂറ്റാണ്ടില്‍ ചരിത്രം എന്ന വിജ്ഞാനശാഖയുടെ അടിസ്ഥാനതത്വങ്ങള്‍ക്കു അസ്ഥിവാരമിട്ട ഗ്രീക്കുകാര്‍ പരിവര്‍ത്തനത്തെ ഗ്രഹിക്കലാണ് ചരിത്രമെന്നു പറയുന്നു. അന്നു മുതല്‍ ഇന്നുവരെ ഏതു പുതിയ രീതിശാസ്ത്രങ്ങളും ദര്‍ശനങ്ങളും നിലവില്‍വന്നാ
ഡോ. വൈ ശ്രീനിവാസ റാവു
(അസി. പ്രഫസര്‍. ചരിത്രവിഭാഗം, ഭാരതിദാസന്‍ യൂനിവേഴ്‌സിറ്റി, തിരുച്ചിറപ്പള്ളി. തമിഴ്‌നാട്)
ബിസി അഞ്ചാം നൂറ്റാണ്ടില്‍ ചരിത്രം എന്ന വിജ്ഞാനശാഖയുടെ അടിസ്ഥാനതത്വങ്ങള്‍ക്കു അസ്ഥിവാരമിട്ട ഗ്രീക്കുകാര്‍ പരിവര്‍ത്തനത്തെ ഗ്രഹിക്കലാണ് ചരിത്രമെന്നു പറയുന്നു. അന്നു മുതല്‍ ഇന്നുവരെ ഏതു പുതിയ രീതിശാസ്ത്രങ്ങളും ദര്‍ശനങ്ങളും നിലവില്‍വന്നാലും ചരിത്രത്തിന്റെ ലക്ഷ്യം അതുതന്നെയാണ്. നിര്‍ഭാഗ്യവശാല്‍, ഭൂരിപക്ഷ ഫാഷിസ്റ്റ് വംശീയ വര്‍ഗീയ ശക്തികള്‍ ചരിത്രത്തിന്റെ ഈ അടിസ്ഥാന നിയമങ്ങളെ ആക്രമിക്കുകയാണ്. അന്യായമായ വഴികളിലൂടെ രാഷ്ട്രീയവും സാമൂഹികവും മതപരവും സാംസ്‌കാരികവുമായ ആസ്ഥാനം കൈയ്യടക്കുക എന്നതാണവരുടെ ലക്ഷ്യം. ഭൂരിപക്ഷ വിഭാഗത്തിന്റെ 'ചരിത്രപരമോ' ചരിത്രപരമായി അപൂര്‍ണമായതോ ആയ അസ്തിത്വം തന്നെയാണ് രാജ്യത്തിന്റെ അടിസ്ഥാന സ്വത്വം എന്നു സ്ഥാപിക്കലും ഇതിന്റെ ഒരേയൊരു ഉദ്ദേശ്യമത്രെ. ആധുനിക മനുഷ്യരുടെ സംഘടനകള്‍, അവരുടെ ചര്‍മത്തിന്റെ നിറം, സംസ്‌കാരം, മതം, വംശം ജാതി, ഗോത്രം, ഭൂപ്രദേശം, ആശയസിദ്ധാന്തങ്ങള്‍ എന്നീ സ്വത്വങ്ങള്‍ക്കൊപ്പം കുടിയേറ്റത്തിനുള്ള സിദ്ധി നേടിയെടുക്കുന്നതോടുകൂടി ഒരു ഭൂവിസ്തൃതിയില്‍ നിന്നു മറ്റൊന്നിലേക്കു നിരന്തരം കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ആധുനിക കാലങ്ങളില്‍, ചരിത്രത്തിന്റെ യുക്തിയെയും ചരിത്ര യാഥാര്‍ഥ്യത്തെയും നിഷേധിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍, ഒരു രാജ്യത്തിനു ഒരു ഏകമുഖ ചരിത്രമുണ്ടാവുകയെന്നതു വെറും മിഥ്യയാണ് എന്നാണ് മനസ്സിലാക്കപ്പെടേണ്ടത്. എന്നാല്‍ ചരിത്രപരമായ യുക്തിയെ നിഷേധിച്ചും ചരിത്ര യാഥാര്‍ഥ്യങ്ങളെ കുഴിച്ചുമൂടിയും രാഷ്ട്രീയ അധീശത്വം നേടിയെടുക്കുന്നതിനാണു ഭൂരിപക്ഷ സമൂഹത്തിലെ സാമൂഹിക സംഘങ്ങള്‍ ഉദ്ദേശിക്കുന്നത്. ചരിത്രത്തിന്റെ 'യുക്തി'യെ തന്നെ പുനര്‍നിര്‍വചിക്കുവാനും ഈ വിജ്ഞാനശാഖയുടെ അടിസ്ഥാന നിയമങ്ങളില്‍ കൃത്രിമം വരുത്തുവാനുമുള്ള സിദ്ധി കരസ്ഥമാക്കിയവര്‍ എന്ന നിലയ്ക്ക് അവര്‍ക്കതു എളുപ്പത്തില്‍ സാധിക്കുന്നതാണ്. ഈ പ്രക്രിയയുടെ പൂര്‍ത്തീകരണത്തിനായി, നിര്‍ഭാഗ്യവശാല്‍, ഈ സാമൂഹിക സംഘങ്ങള്‍ സമൂഹത്തിലെ അവരുടെ സ്ഥാനത്തെ ഒരു നേട്ടമായി എടുക്കുന്നു. അധികാരത്തിന്റെ പിന്തുണയോടുകൂടി അങ്ങേയറ്റത്തെ മാര്‍ഗങ്ങള്‍ വരെ അതിനായി ഉപയോഗപ്പെടുത്തി ഏതു വിയോജിപ്പിനെയും എതിര്‍പ്പിനെയും വിജയകരമായി മറികടക്കുന്നു. ഒടുവില്‍, ഈ വിജ്ഞാനശാസ്ത്രത്തെ ഗൗരവതരമായി സമീപിച്ച്, നീണ്ട പരിണാമഘട്ടങ്ങളെ അഭിമുഖീകരിച്ച വലിയ ഗുരുക്കന്മാര്‍ രൂപപ്പെടുത്തിയ അടിസ്ഥാന തത്വങ്ങളെ തന്നെ നിരാകരിക്കുവാന്‍ അവര്‍ ഔദ്ധത്യം കാണിക്കുന്നു. തങ്ങളുടെ അജണ്ടയെ മുന്നോട്ടുകൊണ്ടുപോകുന്ന ഒരേയൊരു ഉപകരണം ചരിത്രമാണെന്ന വസ്തുത ഭൂരിപക്ഷ സമൂഹത്തിലെ മതാന്ധതയും വര്‍ഗ വംശീയ ചിന്തയുമുള്ള വിഭാഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആയതിനാല്‍ ചരിത്രത്തിലും ചരിത്രപരമായി സുബദ്ധമല്ലാത്ത വിഷയങ്ങളിലും എങ്ങിനെ വ്യാപരിക്കണമെന്നതിനുള്ള ചില രീതികളെ അവര്‍ നിര്‍ണയിച്ചു. അതില്‍ ഒന്നാമത്തേതു ചരിത്രത്തിലെ ഒരു ഘട്ടത്തെ സമയത്തെ ശുദ്ധം എന്നും മലിനപ്പെടാത്തത് എന്നും ദുരുപദിഷ്ടമായി കാണുക എന്നതാണ്. ഇന്ത്യയുടെ കാര്യമെടുത്താല്‍ എഡി 712നു മുമ്പുള്ള കാലം (മുസ്‌ലിം അധിനിവേശത്തിനു മുമ്പുള്ള കാലം) ശുദ്ധമായ ഹിന്ദു ഇന്ത്യയുടെ ചരിത്രമാണ് എന്നു കരുതപ്പെടുന്നു. ഇതു യുക്തിഹീനമായ ഒരു ആശയമാണ്. 712ന്റെ മുമ്പും ഇന്ത്യന്‍ ചരിത്രം സാംസ്‌കാരിക വൈവിധ്യത്തിന്റേതായിരുന്നു. ബുദ്ധമതവും ജൈനമതവും വൈദിക ബ്രാഹ്‌മണ്യത്തിന്റെ ഭാഗമായിട്ടില്ല. യഥാര്‍ഥത്തില്‍ വൈദിക ബ്രാഹ്‌മണ്യത്തില്‍ അന്തര്‍ലീനമായിട്ടുള്ള ഹിംസയെ എതിര്‍ത്തുകൊണ്ടാണ് ഈ രണ്ടു മതങ്ങളും രംഗത്തുവന്നതുതന്നെ. എഡി ഒന്നാം നൂറ്റാണ്ടില്‍ തന്നെ (എഡി 58) ക്രിസ്തുമതം കേരളത്തിലെത്തിയിട്ടുണ്ട്. മാത്രമല്ല ഇന്ത്യയെ ഭരിച്ച ഗ്രീക്കുകാരും കുശാനന്മാരും വിദേശികളായിരുന്നു. അതിനാല്‍ എഡി 712നു മുമ്പുള്ള ഇന്ത്യയുടെ ചരിത്രം ശുദ്ധ ഹൈന്ദവ ചരിത്രമായിരുന്നുവെന്ന വാദത്തില്‍ ഒരു ന്യായവുമില്ല. എന്തായിരുന്നാലും ഈ കല്‍പിത ആഖ്യാനം സൂക്ഷ്മ വായനയെ ശക്തമായി പ്രേരിപ്പിക്കുവാന്‍ മാത്രമല്ല ഉപയോഗിക്കപ്പെടുക. ഇതുതന്നെയാണു 'ചരിത്രം' എന്നു വ്യാഖ്യാനിക്കുവാനുള്ള പരിശ്രമങ്ങളും നടത്തപ്പെടും.
എഡി 712 മുതല്‍ 1858 വരെയുള്ള ഇന്ത്യയുടെ ചരിത്രമെന്നാല്‍ മുസ്‌ലിംകളാല്‍ ശിഥിലമാക്കപ്പെട്ട 'ഇന്ത്യന്‍' നാഗരികതയുടെ ചരിത്രമാണെന്നതാണ് രണ്ടാമത്തെ വിവരണം. ഈ വാദമുഖവും പൊള്ളയാണ്. മധ്യകാലഘട്ടത്തിന്റെ ആരംഭം മുതല്‍ ആധുനിക കാലഘട്ടം വരെയുള്ള ഓരോ സമൂഹവും അധിനിവേശത്തിനും കുടിയേറ്റത്തിനും സാക്ഷിയായിട്ടുണ്ട്. മറ്റു ഭൂപ്രദേശങ്ങളിലേക്കു കുടിയേറുകയും അധിനിവേശം നടത്തുകയും ചെയ്ത ജനങ്ങള്‍ അവിടങ്ങൡ സ്ഥിരവാസമുറപ്പിക്കുകയും അവിടം തങ്ങളുടെ മാതൃഗേഹമാക്കി മാറ്റുകയും സ്വാഭാവികമായും ആ പ്രത്യേക സമൂഹത്തിന്റെ ചരിത്രത്തിലെ ഭാഗമായി തീരുകയും ചെയ്തു. അവരുടെ ആഗമനത്തോടുകൂടി ആ ജനവിഭാഗത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ പാളി കൂടി ചേര്‍ക്കപ്പെടുകയാണു ചെയ്യുന്നത്. ചരിത്രപരമായ ബഹുസ്വരതയിലേക്കുള്ള ഒരു സംയോജനം കൂടിയാണത്. അതു അവിടുത്തെ മുന്‍കാല സംസ്‌കാരവുമായി പ്രവര്‍ത്തനനിരതമാവുന്നു. അത്തരം പ്രക്രിയ ചരിത്രത്തില്‍ ഒരുകാലത്തും 'ശുദ്ധമായ സംസ്‌കാരം' എന്നതിനെ നിലനില്‍ക്കുവാന്‍ അനുവദിക്കുകയില്ല. എന്നിരുന്നാലും സാമൂഹികവും രാഷ്ട്രീയവുമായ കേന്ദ്രസ്ഥാനം ആര്‍ജിക്കുന്നതിനായി തെറ്റായ അഖ്യാനങ്ങളിലൂടെ ഒരു സാങ്കല്‍പിക ശത്രുവിനെ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. അതില്ലാതെ ഭൂരിപക്ഷ മത വര്‍ഗീയത മുന്നോട്ടുവെക്കുന്ന ഇന്ത്യയെന്ന ആശയത്തെ പുനര്‍വിഭാവനം ചെയ്യുന്നതിന്, അങ്ങിനെയൊരു ശത്രു ഇല്ലെങ്കില്‍, വളരെ പ്രയാസകരമായിരിക്കും. ആ ശത്രുവിനെ ഭാവനചെയ്‌തെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വലിയ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനു നിര്‍ദ്ദിഷ്ട ഫലപ്രാപ്തിയെ ഉദ്ദേശിച്ചുള്ള സമാന്തര പദ്ധതികള്‍ ആവശ്യമാണ്. ശത്രുവിനെ സങ്കല്‍പിച്ചു സൃഷ്ടിച്ചെടുത്താല്‍ മാത്രം പോര, ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടുന്നതിനു ബഹുവിധവും പരസ്പരബന്ധിതവുമായ പ്രക്രിയകളിലൂടെ സുസ്ഥിരമായ പരിശ്രമങ്ങള്‍ നിരന്തരം നടത്തപ്പെടേണ്ടതുണ്ട്. ഉദാഹരണത്തിനു, രാമന്റെ ജന്മസ്ഥലത്താണ് ബാബരി മസ്ജിദ് നിര്‍മിക്കപ്പെട്ടിരിക്കുന്നത് എന്ന തരത്തില്‍ ചരിത്രത്തെ ഭവനാപരമായി വ്യാഖ്യാനിച്ച് അവതരിപ്പിച്ചാല്‍ മാത്രം പോര, ആരോപിക്കപ്പെടുന്ന ജന്മഭൂമിയില്‍ ഒരു ക്ഷേത്രം നിലനിന്നിരുന്നുവെന്നതിന്റെ തെളിവ് ചരിത്രപരമായി അംഗീകരിക്കപ്പെട്ട രീതിയിലൂടെ അവതരിപ്പിക്കുക കൂടി വേണം.
തങ്ങള്‍ അവതരിപ്പിക്കുന്ന ചരിത്രപരമായ ആഖ്യാനവും ചരിത്രപരമായ തെളിവുകളും യാഥാര്‍ഥ്യമല്ലാത്തതിനാല്‍ മത സാമൂഹിക ഭൂരിപക്ഷത്തിന്റെ വക്താക്കള്‍ അവരുടെ ആഖ്യാനങ്ങള്‍ അവരുടേതായ പൊതുജനക്കൂട്ടങ്ങളുടെ വികാരങ്ങളെ തൃപ്തിപ്പെടുത്തുംവിധമുള്ളതാണെന്നു ഉറപ്പുവരുത്തുന്നു.
ഈവിധം സംഘടിക്കപ്പെട്ട ആള്‍ക്കൂട്ടത്തില്‍ നിന്നാണ് അവര്‍ അവരുടെ ശക്തി സംഭരിക്കുന്നത്. ചരിത്രപഠനത്തിന്റെ മാനദണ്ഡത്തെ തന്നെ ഉപയോഗപ്പെടുത്തിക്കൊണ്ട് കൃത്രിമമായി തെളിവ് ഉണ്ടാക്കുന്നതിനു ചരിത്രത്തിന്റെ അംഗീകൃത രീതിയെ തന്നെ ദുരുപയോഗം ചെയ്യുകയാണ് വേണ്ടത് എന്ന കാര്യവും ഭൂരിപക്ഷത്തിന്റെ ആളുകള്‍ ഉറപ്പുവരുത്തുന്നു.
ഭൂരിപക്ഷ സമുദായത്തിലെ ആള്‍ക്കൂട്ടങ്ങളില്‍ വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരുമുണ്ട്. ഏതാണ് ചരിത്രപരം ഏതാണ് വസ്തുതാപരമായി ചരിത്രപരമല്ലാത്തതെന്ന വേര്‍തിരിവ് അറിയുന്ന വിദ്യാസമ്പന്നര്‍ പോലും ഉദ്ദേശ്യപൂര്‍വം മതപരമായ വൈകാരികതയ്ക്കു ചരിത്രസത്യങ്ങളേക്കാള്‍ പ്രാമുഖ്യം നല്‍കുന്നു. എന്നാല്‍ സാധാരണഗതിയില്‍ ചരിത്രത്തെയും ചരിത്രവുമായി ബന്ധമില്ലാത്തതിനെയും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കഴിവില്ലാത്ത വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ആള്‍ക്കൂട്ടം ചരിത്രമല്ലാത്തതിനെ ചരിത്രമാക്കുന്നതിന്റെയും അസത്യത്തെ സത്യമാക്കുന്നതിന്റെയും വിഹാരമണ്ഡലം തന്നെയാണ്. ഈ രണ്ടു വിഭാഗവും വിശേഷിച്ചും അവരിലെ വിദ്യാസമ്പന്നര്‍, ഉത്തരവാദിത്വത്തോടെയാണ് പെരുമാറിയിരുന്നതെങ്കില്‍ ബാബരി മസ്ജിദ് തകര്‍ത്തത് ഒരിക്കലും പൊറുക്കുമായിരുന്നില്ല. നിര്‍ഭാഗ്യവശാല്‍ ഈ ഗൂഡാലോചനയുടെ വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കുക മാത്രമല്ല അവര്‍ ചെയ്തത്. ഈ തത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ മുന്നോട്ടുവച്ച ആഖ്യാനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിലും അവര്‍ പങ്കുകൊണ്ടു. മാത്രവുമല്ല, അവിടെ ഒരു ചരിത്രമുണ്ടായിരുന്നുവെന്നും അതായിരുന്നു ചരിത്രമെന്നും എന്നാല്‍ വിദേശ ആക്രമണകാരികള്‍ അതിനെ മലിനപ്പെടുത്തുകയും നശിപ്പിക്കുകയുമാണ് ഉണ്ടായതെന്നുവരെ അവര്‍ അതിനു പരിസമാപ്തി നല്‍കി. ഈയൊരു വിശ്വാസം ഭൂരിപക്ഷത്തിലെ വലിയ ആള്‍ക്കൂട്ടങ്ങളുടെ ഭാഗമായ വിദ്യാസമ്പന്നരെ വിശേഷമായ ഒരു പ്രക്രിയയില്‍ പങ്കുചേരുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നു. വിദ്യാഭ്യാസമില്ലാത്തവരെ ഈ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തലാണ് ആ പ്രക്രിയ. അതുവഴി വ്യാജ ചരിത്ര ആഖ്യാനങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും അവര്‍ അങ്ങിനെ ഉപജീവനം നല്‍കുക കൂടി ചെയ്യുന്നു.
മൂന്നാമതായി ചരിത്രത്തെ തിരുത്തുവാനും തിരുത്തപ്പെട്ടതിനെ സത്യമായി അവതരിപ്പിക്കുവാനും രാഷ്ട്രീയ അധികാരം കരസ്ഥമാക്കല്‍ അനിവാര്യമാണെന്നു ഭൂരിപക്ഷത്തിന്റെ തത്വസംഹിതയുടെ തലവന്മാര്‍ അവരെ വിശ്വസിപ്പിക്കുന്നു.
ചരിത്രം തിരുത്തി എഴുതണമെങ്കിലും തള്ളിക്കളയണമെങ്കിലും പുനര്‍വ്യാഖ്യാനിക്കണമെങ്കിലും രണ്ടു ഏജന്‍സികളിലൂടെയാണ് സാധ്യമാവുക. ഒന്നു ചരിത്രകാരന്‍/മാര്‍, രണ്ടു ഗവണ്‍മെന്റ്. സാമൂഹികമോ രാഷ്ട്രീയമോ ആയ ഉദ്ദേശ്യപൂര്‍ത്തിക്കുവേണ്ടി ചരിത്രകാരന്‍/ ചരിത്രകാരി ചരിത്രത്തെ തിരുത്തിയെഴുതുകയോ തള്ളിക്കളയുകയോ ചെയ്യുകയെന്നത് അവര്‍ക്കു നിസ്സാരമായി ചെയ്യാവുന്ന കാര്യമാണ്. ഗവണ്‍മെന്റ് എന്ന ഏജന്‍സിയാണ് ഈ കാര്യത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍, സ്വീകരിക്കപ്പെട്ട ചരിത്രത്തെപ്പോലും വ്യാജമെന്നു വിശേഷിപ്പിക്കുവാനുള്ള അധികാരത്തോടെയാണത് നിര്‍വഹിക്കുന്നത്. കൃത്രിമമാക്കപ്പെട്ട ചരിത്രത്തെ രാജ്യത്തെ ജനമനസ്സുകളില്‍ അനായാസം എത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഭരണകൂടം അധികാരമുപയോഗിച്ച് തയ്യാറാക്കികൊടുക്കുന്നു. വ്യാജ ചരിത്രനിര്‍മിതിയും ചരിത്രത്തിന്റെ ദുര്‍വ്യാഖ്യാനവും വിജയകരമായി നിര്‍വഹിക്കലല്ല സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്. നേരെ മറിച്ച് ചരിത്ര സത്യങ്ങളെ ശരിവെക്കുകയാണു വേണ്ടത്. എന്നാല്‍ ഇത്തരം അംഗീകൃത സ്ഥാപനങ്ങളെ ഗവണ്‍മെന്റ് ഉപയോഗിക്കുന്നതു പുതിയ ആഖ്യാനങ്ങളെയും വാദമുഖങ്ങളെയും പിന്തുണയ്ക്കുന്ന തെളിവുകള്‍ നിര്‍മിച്ചെടുക്കുന്നതിനാണ്.
ഇന്ത്യന്‍ പുരാവസ്തു ഗവേഷണ സര്‍വേ, സാംസ്‌കാരിക മന്ത്രാലയം, ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതല്‍ കോടതികള്‍ വരെ ഗവണ്‍മെന്റിനു വശംവദരായി കഴിഞ്ഞിരിക്കുന്നു. യഥാര്‍ഥ ചരിത്രത്തെ തുരന്നു കളയുന്നതിലും ചരിത്രപരമല്ലാത്തതിനെ ചരിത്രമായി വ്യാഖ്യാനിക്കുന്നതിലുമാണ് ഇവരെല്ലാം കൈകോര്‍ത്തിട്ടുള്ളത്. സാംസ്‌കാരിക മന്ത്രാലയം ഒഴികെ ഈ പ്രക്രിയയില്‍ ഏര്‍പ്പെട്ടിട്ടുള്ള മറ്റെല്ലാ സ്ഥാപനങ്ങളും ശാസ്ത്രീയമായ വിവേചന ശക്തിക്കു വിധേയമായി ചരിത്രസത്യത്തെ മുന്നോട്ടുവെക്കാനും സ്വീകരിക്കാനും പ്രോല്‍സാഹിപ്പിക്കാനും ബാധ്യതയുള്ളവരാണ്. എന്നാല്‍ ദൗര്‍ഭാഗ്യകരമായ കാര്യം, ഭൂരിപക്ഷത്തിന്റെ തത്വചിന്തയോടു പൂര്‍ണബോധ്യത്തോടെ യോജിച്ചു പ്രവര്‍ത്തിക്കുന്നവരാണു ഇത്തരം സ്ഥാപനങ്ങളുടെ മേധാവികള്‍. ഈ സ്ഥാപനങ്ങളുടെ മൗലികസ്വഭാവത്തിന്റെയും പ്രവര്‍ത്തനരീതികളുടെയും ഉത്തരവാദിത്തങ്ങളുടെയും അടിത്തറ തോണ്ടുന്നതു ഒരു തെറ്റായി ഇവര്‍ പരിഗണിക്കുന്നതേയില്ല.
അവരെല്ലാവരും ഏകോപിച്ച്, സത്യത്തിനു അധികാരം നല്‍കുന്നതിന്റെ മാര്‍ഗങ്ങളും പ്രവര്‍ത്തനക്രമവും ഉപയോഗിച്ച് കളവിനെ ചരിത്ര സത്യമാക്കാന്‍ നിയോഗിക്കപ്പെട്ട ഏജന്‍സിയെ പിന്തുണയ്ക്കുന്ന ഘടകമായി ഉയര്‍ന്നുവരുന്നു. ഒരു പ്രവണത ഇപ്രകാരം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞാല്‍ ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം അതു തുടര്‍ന്നും പ്രയോഗിക്കപ്പെടും. ഉദാഹരണത്തിന് ബാബരി മസ്ജിദിന്റെ ഉല്‍ഖനനങ്ങളുടെ കാര്യത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തങ്ങളുടെ രീതികളില്‍ കൃത്രിമം കാണിച്ചുകൊണ്ടുള്ള പ്രവണത ഉണ്ടാക്കിയെടുത്തപോലെ. മേല്‍പ്പറഞ്ഞ അടിസ്ഥാന നിയമങ്ങളുടെ കാര്യത്തില്‍ ചെയ്തത് അധികാരികള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ തുടര്‍ന്നും ചെയ്തുകൊണ്ടിരിക്കും. അടുത്തതു ഗ്യാന്‍വ്യാപി മസ്ജിദ് ആയിരിക്കാം.
നേരത്തെ സൂചിപ്പിച്ചതുപോലെ ചരിത്രം ഒരൊറ്റ അടുക്കില്‍ നിര്‍മിക്കപ്പെട്ടതല്ല. അതിന്റെ ബഹുവിധമായ പാളികള്‍ വ്യത്യസ്ത സ്വത്വങ്ങളെയും ആശയസംഹിതകളെയും ശാസ്ത്രീയമായി ബോധ്യപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതുമായ വിധത്തില്‍ ബന്ധിപ്പിച്ചിട്ടുള്ളതാണ്. എന്തുതന്നെയായിരുന്നാലും, മറ്റൊരു ചരിത്ര സ്മാരകത്തിനുമേല്‍ പണിതീര്‍ക്കപ്പട്ടതാണതിന്റെ തെളിവ് കണ്ടെടുക്കുന്നതിനാണെങ്കില്‍ പോലും, ഒരു പ്രത്യേക കാലത്തിന്റെ, പശ്ചാത്തലത്തിന്റെ, സംസ്‌കാരത്തിന്റെ ജീവിക്കുന്ന നിദര്‍ശനമായ ചരിത്രപാളിയുടെ ഒരു ഭാഗത്തെ തട്ടിതകര്‍ക്കുന്നതു അധാര്‍മികമാണ്. മിശ്രസംസ്‌കാരം എന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന ആശയത്തിനു വിരുദ്ധവുമാണ്. ഈ സ്മാരകങ്ങള്‍ അവയുടെ ദീര്‍ഘകാലത്തെ നിലനില്‍പ്പുകൊണ്ടുതന്നെ ദേശ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമായി തീര്‍ന്നതാണ്.
ഇങ്ങിനെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്മാരകങ്ങളുടെ അടിവേര് കണ്ടെത്തുന്നതിനായി അന്വേഷിച്ചിറങ്ങിയാല്‍, എല്ലാത്തിനുമല്ലെങ്കിലും മിക്കതിനും പല അടുക്കുകളുള്ള ചരിത്രമുണ്ടാകും. നമുക്ക് ആധികാരികമായി ഇതാണ് ആ ചരിത്രത്തിന്റെ അവസാനത്തെ പാളി എന്നു പറയാനാവില്ല. പ്രാചീന കാലത്തെയും മധ്യകാലത്തെയും അധിനിവേശ സംഘങ്ങള്‍ അവരുടെതായ വ്യത്യസ്ത സംസ്‌കാരവുമായാണു കടന്നുവരുന്നത്. അവര്‍ ആക്രമിച്ചെത്തിയ പ്രദേശങ്ങള്‍ പിടിച്ചടക്കിയപ്പോള്‍ അവിടെ നിലനിന്നിരുന്ന നിര്‍മിതികളെ തകര്‍ക്കുകയും തല്‍സ്ഥാനത്തോ അതിനപ്പുറത്തോ പുതിയതൊന്നും നിര്‍മിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നതു ചരിത്രപരമായി തെളിയിക്കപ്പെട്ടതാണ്. അതുപക്ഷേ മുസ്‌ലിം അധിനിവേശകരില്‍ ഒതുങ്ങുന്നതല്ല.
ലക്ഷക്കണക്കായ ബുദ്ധപ്രതിമകള്‍ വികൃതമാക്കപ്പെടുകയും ബൗദ്ധ വിഹാരങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്ത രാജ്യമാണിത്. ആരാണതു ചെയ്തതെന്നു കാര്യബോധമുള്ള ഓരോ ചരിത്രജ്ഞാനിക്കും അറിവുള്ളതാണ്. മാത്രവുമല്ല, ബുദ്ധമതത്തെയും അതിന്റെ ഔന്നത്യത്തെയും ഹിന്ദുമതത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തിപ്പോന്നതിനെ ഒരു നിശ്ചിത കാലംവരെ തുടര്‍ച്ചയുമുണ്ടായിട്ടുണ്ട്.
വാസ്തവത്തില്‍ ബുദ്ധമതാനുയായികള്‍ ചരിത്രപരമായ തെളിവുകളോടു കൂടി അയോധ്യയ്ക്കും അയ്യപ്പദേവാലയങ്ങള്‍ക്കും മേല്‍ അവകാശമുന്നയിക്കുന്നുണ്ട്. ഈ രാജ്യത്തെ ബുദ്ധമതവിശ്വാസികള്‍, വികൃതമാക്കപ്പെട്ട ബുദ്ധപ്രതിമകളെക്കുറിച്ച് ചോദ്യമുന്നയിക്കുകയും തകര്‍ക്കപ്പെട്ട ബുദ്ധവിഹാരങ്ങളെ പുനര്‍നിര്‍മിക്കുന്നതിനായി ആവശ്യമുയര്‍ത്തുകയും കൈവശപ്പെടുത്തിയ ബുദ്ധപ്രതിമകളെയും ബുദ്ധനിര്‍മിതികളെയും തിരിച്ചുപിടിക്കാനുള്ള ഉദ്യമങ്ങള്‍ക്കു തുടക്കമിടുകയും ചെയ്താല്‍ ഈ രാജ്യത്ത് ചരിത്രസ്മാരകങ്ങള്‍ തകര്‍ക്കുന്നതിനു ഒരവസാനവുമില്ലാതെയാവും.
ആയതിനാല്‍ പുരാതനകാലത്തും മധ്യകാലഘട്ടത്തിലും സംഭവിച്ചതിനു പ്രതികാരം ചെയ്യുകയെന്നതു അവസാനിപ്പിക്കേണ്ടതാണ്. ചരിത്രസ്മാരകങ്ങളെ ആക്രമിക്കുക എന്നതു പിന്തിരിപ്പന്‍ ചിന്തയാല്‍ പ്രചോദിതമായ പ്രവര്‍ത്തനശൈലിയുള്ള ഒരു സമൂഹത്തിന്റെ ആവിര്‍ഭാവത്തിന്റെ സൂചനയാണ്. ഈ പ്രവണത ഇവിടെ അവസാനിപ്പിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ സമ്മിശ്ര സംസ്‌കാരത്തെ തന്നെയത് തകര്‍ക്കും.