അബ്ദുല്ല അന്‍സാരി
നായാടി മുതല്‍ നമ്പൂതിരി വരെ ഐക്യപ്പെടണം എന്നതായിരുന്നു ഒരുകാലത്ത് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം. കാലം മാറി, മോദി യുഗത്തിലെത്തിയപ്പോള്‍ വെള്ളാപ്പള്ളിക്കും പരിണാമം സംഭവിച്ചിരിക്കുന്നു. നായാടി മുതല്‍ നസ്രാണി വരെയുള്ളവരുടെ ഐക്യമാണത്രേ പുതിയ കാലഘട്ടം തേടുന്നത്; പിന്നെ ബാക്കിയുള്ളത് മുസ്‌ലിം മാത്രം. അങ്ങനെ കേരള നവോത്ഥാനത്തില്‍ സുപ്രധാന പങ്കുവഹിച്ച ശ്രീനാരായണീയരുടെ എസ്എന്‍ഡിപി യോഗം ധര്‍മപരിപാലനത്തില്‍ നിന്നും സാമൂഹികവിരുദ്ധ പരിപാലനത്തിലേക്ക് ഏറക്കുറെ പൂര്‍ണമായി മാറിക്കഴിഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍
അധികാരമുള്ളവനോട് ഒട്ടിനിന്ന് അനര്‍ഹമായത് അടിച്ചുമാറ്റാന്‍ പരിണാമ വിധേയമാവേണ്ടതുണ്ട്. സ്വന്തം സമുദായത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാല്‍ പോലും അതാണു ശരി. ഹിന്ദുരാജ്യം സൃഷ്ടിച്ചെടുക്കാന്‍ മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തി, ബാക്കിയുള്ള മുഴുവന്‍ വോട്ടുകളും സംഘപരിവാരത്തിന് അനുകൂലമായി സമാഹരിക്കുക എന്ന, ബിജെപിയുടെ പുതിയ നയം അങ്ങനെ കേരളത്തില്‍ വെള്ളാപ്പള്ളിയിലൂടെ മുന്നേറുന്നു. താമര വിരിയിക്കാന്‍ പല അടവുനയങ്ങളുണ്ട്.
കേരളത്തിലേക്ക് എത്തുമ്പോള്‍ നസ്രാണികളെയും കൂടി ഒപ്പം കൂട്ടിയാലേ അത് സാധ്യമാവൂ. അവര്‍ണ വിഭാഗങ്ങളുടെ എന്തെങ്കിലും അവകാശങ്ങള്‍ക്കുവേണ്ടി സംഘടിക്കാന്‍ നടേശന്‍ ഇന്നേവരെ ആഹ്വാനം ചെയ്തിട്ടില്ലെന്ന് അറിയണം. ഈഴവര്‍ അടക്കമുള്ള ഒബിസി, എസ്‌സി, എസ്ടി വിഭാഗങ്ങളുടെ അവസരങ്ങള്‍ അട്ടിമറിച്ച് സവര്‍ണ സംവരണം നടപ്പിലാക്കിയപ്പോള്‍ പോലും, നടേശന്‍ അസ്വസ്ഥനാവുകയോ സംഘടിക്കാന്‍ ആഹ്വനം ചെയ്യുകയോ ചെയ്തിട്ടില്ല.
1924ല്‍ ആലുവയില്‍ നടന്ന സര്‍വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികം എന്ന നിലയിലാണ് വത്തിക്കാന്‍ സമ്മേളനം നടന്നത്. അതുകൊണ്ടുതന്നെ ആലുവ സമ്മേളനം ഒരു ലഘു വിലയിരുത്തലിന് വിധേയമാക്കുന്നതില്‍ സാംഗത്യമുണ്ട്.
'വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനുമാണ്' എന്ന് ആഹ്വാനം ചെയ്തു കൊണ്ടാണ് സമ്മേളനം തുടങ്ങിയതെങ്കിലും നടന്നത് മറ്റൊന്നാണ്. ഹിന്ദുമതത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത്, ആര്യസമാജം പ്രസിഡന്റ് പണ്ഡിറ്റ് ഋഷിറാമായിരുന്നു.
പണ്ഡിറ്റ് ഋഷിറാം
ഇംഗ്ലീഷിലുള്ള റാമിന്റെ പ്രഭാഷണം ടി കെ മാധവനാണ് പരിഭാഷപ്പെടുത്തിയത്. പ്രസംഗം ചൂടുപിടിച്ചപ്പോള്‍ ടി കെ മാധവന്‍ ദേഷ്യത്തോടെ പിന്‍മാറി. പിന്നീട് സഹോദരന്‍ അയ്യപ്പന്‍ പരിഭാഷ ഏറ്റെടുത്തു. പ്രഭാഷണം കൂടുതല്‍ കത്തിക്കയറിയതോടെ വര്‍ധിച്ച ദേഷ്യത്തോടെ അദ്ദേഹവും പിന്മാറി.
ടി കെ മാധവന്‍
സഹോദരന്‍ അയ്യപ്പന്‍
കാരണം മറ്റൊന്നുമല്ല; പണ്ഡിറ്റ്ജിയുടെ പ്രസംഗത്തിലുടനീലുടനീളം നിറഞ്ഞുനിന്നത് അന്യമതവിദ്വേഷവും തീവ്രമായ പരമത നിന്ദയുമായിരുന്നു. ശക്തമായ മതപരിവര്‍ത്തന ശ്രമങ്ങള്‍ നടന്നിരുന്നത് കൊണ്ടാവണം ക്രിസ്തുമതത്തെയാണ് റാംജി കൂടുതല്‍ കടന്നാക്രമിച്ചത്. തുടര്‍ന്ന് മഞ്ചേരി രാമകൃഷ്ണയ്യരാണ് പരിഭാഷ പൂര്‍ത്തിയാക്കിയത്. പ്രസംഗവും പരിഭാഷയും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നു മാത്രം (ന്യൂസ്ഗില്‍, അശോകന്‍ ചരുവില്‍, 3 മാര്‍ച്ച്, 2024). തങ്ങളെ വിളിച്ചുവരുത്തി അപമാനിച്ചതിന്റെ സെഞ്ചുറി ആണ് വത്തിക്കാന്‍ സമ്മേളനം എന്ന് മാര്‍പ്പാപ്പ അറിഞ്ഞിരിക്കുമോ ആവോ!
എസ്എന്‍ഡിപിക്കും ആര്‍എസ്എസിനും ഇടയിലെ വ്യത്യാസം നേര്‍ത്തുനേര്‍ത്ത് പൂര്‍ണമായി ഇല്ലാതായിരിക്കുന്നു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രസ്ഥാനം ഇന്ന്, അപരന്റെ നിരുപദ്രവകരമായ അഭിപ്രായ പ്രകടനങ്ങള്‍ പോലും അസഹിഷ്ണുതയോടെയും വിദ്വേഷത്തോടെയും വീക്ഷിക്കുന്ന മാനസിക നിലയിലേക്ക് പരിണമിച്ചിരിക്കുന്നു. ഒരു മുസ്‌ലിം വിരുദ്ധ സംഘടനയുടെ എല്ലാ ചേരുവകളും എസ്എന്‍ഡിപിയില്‍ ഇന്ന് പ്രകടമാണ്. ഇത്തരമൊരു പരിണാമത്തെ സംബന്ധിച്ച് ചരിത്രകാരനായ ഡോ. എം എസ് ജയപ്രകാശ് കാലേകൂട്ടി പ്രവചിച്ചിരുന്നത് സ്മരണീയമാണ്.
എം എസ് ജയപ്രകാശ്
അരമനയും അന്തപ്പുരവും ചെങ്കോലും കിരീടവുമൊക്കെയായി വാഴുന്ന സഭാ മേധാവികള്‍ക്ക് അധികാരമുള്ള ആരുടെ കൂടെയും കൂടാന്‍ മടിയില്ല; മടിയില്ലെന്നു മാത്രമല്ല അതൊരു യോഗ്യത കൂടിയാണ്. സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജിയെ അന്തിക്രിസ്തുവെന്ന് ആക്ഷേപിച്ചു ബ്രിട്ടിഷുകാര്‍ക്കൊപ്പവും പിന്നീട് സര്‍ സിപിക്കൊപ്പവും ചേര്‍ന്നുനിന്ന്, വസ്തുക്കളും കെട്ടിടങ്ങളും പൊതുമുതലും അടിച്ചെടുക്കുന്നതില്‍ ഒരുവിധ പിശുക്കും സഭാ മേലധ്യക്ഷന്മാര്‍ കാട്ടിയിരുന്നില്ല. സര്‍ സിപിയുടെ ഷഷ്ടിപൂര്‍ത്തിക്ക് മംഗള പത്രം സമര്‍പ്പിക്കാന്‍ മെത്രാന്മാര്‍ പരസ്പരം മല്‍സരിച്ച കഥകള്‍ ചരിത്രത്തിലുണ്ട്. ബ്രിട്ടിഷുകാര്‍ സ്ഥലം കാലിയാക്കുകയും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുകയും ചെയ്ത സന്ദര്‍ഭത്തില്‍ അതിനനുസരിച്ച് ചുവടും നിറവും മാറിയ പാരമ്പര്യവും സഭയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്.
1921 ഫെബ്രുവരി 17ന് ബ്രിട്ടിഷ് അധികാരികളുടെ നിര്‍ദേശപ്രകാരം സഭാ മേധാവികളുടെ ആഹ്വാനത്തെ തുടര്‍ന്ന് ആയിരത്തി അഞ്ഞൂറോളം വിശ്വാസികള്‍, ബ്രിട്ടനോട് കൂറ് പ്രഖ്യാപിച്ച്, തൃശൂര്‍ നഗരത്തില്‍ കലാപം അഴിച്ചുവിട്ട സംഭവം ചരിത്രത്തില്‍ ചിരപ്രതിഷ്ഠമായ വസ്തുതയാണ്. സ്വാതന്ത്ര്യസമര നേതാക്കളായ കെ മാധവന്‍ നായര്‍, യാക്കൂബ് ഹസ്സന്‍, യു ഗോപാല മേനോന്‍, മൊയ്തീന്‍ കോയ എന്നിവര്‍ ജയില്‍ മോചിതരായതിനെ തുടര്‍ന്ന് അവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനായി തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് സംഘടിപ്പിച്ച പൊതുയോഗം കൈയേറിക്കൊണ്ടാണ് ലഹള ആരംഭിക്കുന്നത്.
K MADHAVAN NAIR
സമ്മേളനത്തിനായി ഒരുക്കിയിരുന്ന ബെഞ്ചുകളും കസേരകളും വലിച്ചിട്ട് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി. നഗരത്തിലെ ഹിന്ദു, മുസ്‌ലിം വീടുകളും അവരുടെ സ്ഥാപനങ്ങളും തിരഞ്ഞുപിടിച്ചു തകര്‍ക്കുന്നു. സൂപ്രണ്ട് ഹിച്ച്‌ഹോക്കിന്റെ ഒത്താശയോടെ പോലിസ് അകമ്പടിയോടെ നടത്തിയ കലാപത്തില്‍ വമ്പിച്ച നാശനഷ്ടങ്ങളാണ് ഇതര സമുദായങ്ങള്‍ക്ക് വരുത്തിവച്ചത്. കലാപത്തിന് നേതൃത്വം കൊടുക്കുകയും അവസരം കിട്ടിയപ്പോഴെല്ലാം സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുകയും അവസാനം വരെ ബ്രിട്ടിഷുകാരോട് 100 ശതമാനം കൂറുപുലര്‍ത്തുകയും ചെയ്ത ഇ ആര്‍ ഇയ്യുണ്ണി പിന്നീട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് എംപിയും മന്ത്രിയുമായി (യോഗക്ഷേമം വാരിക, പുസ്തകം 11, ലക്കം 23).
ഇയ്യുണ്ണി
ഡോ. ജോസ് സെബാസ്റ്റ്യന്റെ കുറിപ്പ് ശ്രദ്ധിക്കുക. 'മൊത്തം ശമ്പളത്തിന്റെയും പെന്‍ഷന്റെയും 33 ശതമാനവും പോവുന്നത് ജനസംഖ്യയില്‍ 18.4 ശതമാനം വരുന്ന ക്രിസ്ത്യാനികളിലെ ചെറിയൊരു ന്യൂനപക്ഷത്തിനാണ്. ഉദാഹരണത്തിന് 50,000 രൂപ മുതല്‍ 60,000 രൂപ വരെ പെന്‍ഷന്‍ വാങ്ങുന്നവര്‍ 34.1 ശതമാനവും 60,000 രൂപ മുതല്‍ 70,000 രൂപ വരെ വാങ്ങുന്നവര്‍ 37.69 ശതമാനവും ക്രിസ്ത്യാനികള്‍ ആണ്. (https://www.facebook.com/share/p/bCSKv6WzKPDqXT4y/?
കേരളത്തിലെ മലയോര മേഖലയില്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയേറി മാറിമാറി വന്ന സര്‍ക്കാരുകളെ വിരട്ടിയും മെരുക്കിയും പട്ടയം വാങ്ങി കൊഴുത്തു തടിച്ചത് ഏത് സമുദായം, സര്‍ക്കാര്‍ ഉദ്യോഗങ്ങളും അധികാര കേന്ദ്രങ്ങളിലെ ഉയര്‍ന്ന പദവികളും ഏതൊക്കെ സമുദായങ്ങള്‍ എത്ര അളവില്‍ കൈയടക്കിവച്ചിരിക്കുന്നു തുടങ്ങി, കേരളീയ സമൂഹത്തിന്റെ സാമൂഹികസാമ്പത്തിക രംഗത്തെ ഉച്ചനീചത്വങ്ങള്‍ സംബന്ധിച്ച സമഗ്രവും സത്യസന്ധവുമായ വസ്തുതകളുടെ പഠന വിവരങ്ങള്‍ പുറത്തു വന്നാല്‍ ഞെട്ടിക്കുന്ന ചര്‍ച്ചകള്‍ക്ക് അത് വഴി തുറക്കും.
മൂന്നാറില്‍ വിവാദമായ കുരിശ്
ഏറക്കുറെ ഇതിനു സമാനമായ പരിണാമമാണ് വെള്ളാപ്പള്ളിയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്; സമൂഹത്തെ മുള്‍മുനയില്‍ നിര്‍ത്തി പരമാവധി അടിച്ചു മാറ്റുക. ലോകാടിസ്ഥാനത്തില്‍ തന്നെ സഭ സ്വീകരിച്ചു പോരുന്ന അതേ നിലപാട് തന്നെയാണ് ഏറെക്കാലമായി വെള്ളാപ്പള്ളിയുടേതും. സഭയുടേത് ബന്ധപ്പെട്ട വിഭാഗത്തിലെ സവര്‍ണ ഉപരിവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മൊത്തത്തില്‍ പ്രയോജനപ്പെടുമ്പോള്‍ വെള്ളാപ്പള്ളിയുടേത് അദ്ദേഹത്തിനും കുടുംബത്തിനും മാത്രമേ പ്രയോജനപ്പെടുന്നുള്ളൂ എന്ന വ്യത്യാസമേ ഉള്ളൂ. നവോത്ഥാന സമിതിയുടെ കണ്‍വീനറാവുക വഴി ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ സ്വകാര്യ ക്ഷേത്രത്തിന് മൂന്നര കോടി രൂപയാണ് അനുവദിച്ചത്. ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇപ്രകാരം പതിച്ചു കിട്ടിയ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമിയുടെയും പാട്ട കുടിശ്ശിക ഒഴിവാക്കിയും നാമമാത്ര പാട്ടത്തുക നിശ്ചയിച്ചും നേടിയെടുത്ത വസ്തുവകകളുടെ കണക്ക് വെളിപ്പെടുത്താന്‍ ആര്‍ജവമുണ്ടെങ്കില്‍ വെള്ളാപ്പള്ളി തയ്യാറാവണം.
വര്‍ഷങ്ങളായി അംഗീകാരം ലഭിക്കാതിരുന്ന ആയിരത്തോളം കോളജ് അധ്യാപക നിയമനത്തിന്റെ അംഗീകാരം ലഭ്യമാക്കി ആയിരക്കണക്കിന് കോടി രൂപ കോഴപ്പണം ലഭിച്ചതും വെള്ളാപ്പള്ളിക്കും മുന്നാക്ക സവര്‍ണ വിഭാഗങ്ങള്‍ക്കും മാത്രമാണ് (മുസ്‌ലിം പ്രീണനാരോപണം; വെള്ളാപ്പള്ളി മാപ്പ് പറയണം: മെക്ക, ആഗോള വാര്‍ത്ത, ജൂണ്‍ 10, 2024). മാറിമാറി വരുന്ന മുന്നണികളെ സ്വാധീനിച്ച് കേരളത്തിന്റെ പ്രകൃതി വിഭവങ്ങളും പൊതുമുതലും അധികാരവും കൈയടക്കുന്നവരെക്കുറിച്ച് കൃത്യമായ പഠനം നടന്നാല്‍, നിലപാട് മാറ്റത്തിന്റെയും പരിണാമ പ്രക്രിയകളുടെയും പിന്നിലെ കള്ളക്കളികള്‍ ബോധ്യമാവും. വേട്ടക്കാരോടൊപ്പം ഇര പിടിക്കുകയും ഇരകളോടൊപ്പം ആനന്ദനടനം നടത്താനുമുള്ള മെയ് വഴക്കം ചിലര്‍ക്കു മാത്രം ലഭിക്കുന്ന യോഗ്യതയാണ്.
ലോക സര്‍വമത സമ്മേളനത്തിലേക്ക് തന്നെ തിരിച്ചുവരാം. വെള്ളാപ്പള്ളിയും എസ്എന്‍ഡിപിയും മൈസൂരിലൂടെ കടന്നു വത്തിക്കാനില്‍ എത്തുമ്പോള്‍ വര്‍ഗീധ്രുവീകരണം പുതിയ ഊടും പാവും സ്വീകരിച്ച് പാരമ്യത്തില്‍ എത്തിയിരിക്കുന്നു. ഒരു വശത്ത് സംഘപരിവാരം, സഭാ മേലധ്യക്ഷന്മാരുമായി നേരിട്ട് ഇടപെടലുകള്‍ നടത്തുമ്പോള്‍ തന്നെ, ഹൈന്ദവ സമൂഹത്തിലെ പ്രബല ഒബിസി ഭാഗമെന്ന് കരുതപ്പെടുന്ന ശ്രീനാരായണീയ സമൂഹത്തെ ഉപയോഗപ്പെടുത്തി സവര്‍ണ െ്രെകസ്തവതയുടെ പരമോന്നത പിതാവിലൂടെ കേരളത്തില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് വത്തിക്കാനില്‍ നടന്നത്. മുനമ്പം വിഷയം ഇത്രയധികം പ്രശ്‌നവല്‍ക്കരിച്ചതില്‍ എസ്എന്‍ഡിപിക്കും മഠാധിപതികള്‍ക്കും സവര്‍ണ െ്രെകസ്തവര്‍ക്കുമുള്ള പങ്കും അവര്‍ക്കിടയിലെ അന്തര്‍ധാരയും കഴിഞ്ഞ ഒന്നര മാസക്കാലം കേരളത്തിന്റെ സാംസ്‌കാരികരാഷ്ട്രീയമാധ്യമ മണ്ഡലങ്ങളില്‍ നടന്ന കോലാഹലങ്ങളും വിഴുപ്പലക്കലുകളും ശ്രദ്ധിച്ചാല്‍ മതിയാവും.
ഇതിന്റെ തുടര്‍ച്ചയാണ് വത്തിക്കാനില്‍ അരങ്ങേറിയത്. സിപിഎമ്മും കോണ്‍ഗ്രസ്സും വഖ്ഫ് വിഷയം തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തരം പോലെ ഉപയോഗപ്പെടുത്തി. ഇടതുപക്ഷം കടുത്ത നിസ്സംഗതയിലൂടെയാണ് കാര്യം സാധിച്ചതെങ്കില്‍ കോണ്‍ഗ്രസ് സംഘപരിവാരത്തെ വെല്ലുന്ന ധ്രുവീകരണത്തിനാണ് തിരികൊളുത്തിയത്. 'മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ല' എന്നുവരെ പ്രഖ്യാപിക്കാന്‍ വി ഡി സതീശന്‍ ധാര്‍ഷ്ട്യം കാട്ടി. സംഘപരിവാര അജണ്ട പ്രകാരം െ്രെകസ്തവ ഈഴവ സമൂഹങ്ങളില്‍ രൂപപ്പെട്ട പുതിയ മുസ്‌ലിം വിരുദ്ധ വര്‍ഗീയ ധ്രുവീകരണം അതിന്റെ എല്ലാ ചേരുവകളോടും കൂടി തങ്ങള്‍ക്ക് അനുകൂലമായി ഒളിച്ചു കടത്താനുള്ള ശ്രമമാണ് സതീശന്‍ നടത്തിയത്. മുനമ്പത്ത് നോട്ടീസ് നല്‍കിയത് കൈയേറ്റക്കാരായ 12 വന്‍കിട കച്ചവടക്കാര്‍ക്കും റിസോര്‍ട്ട് മാഫിയകള്‍ക്കും മാത്രമാണ്. ഇടനിലക്കാരാല്‍ വഞ്ചിതരായി അബദ്ധവശാല്‍ കുടുങ്ങിപ്പോയ താമസക്കാരെ ഒഴിപ്പിക്കുന്നതല്ല എന്ന് മുസ്‌ലിം സമുദായ നേതൃത്വം കൂട്ടായി ഉറപ്പുനല്‍കിയിട്ടും സതീശന്‍ വിടാന്‍ ഭാവമില്ല. വത്തിക്കാന്‍ സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനര്‍ ബഹുമാന്യനായ ഉമ്മന്‍ചാണ്ടിയുടെ മകന്‍, ചാണ്ടി ഉമ്മന്‍ എംഎല്‍എ ആണ് എന്നത് കൂടി അറിയണം. പരിപാടിയില്‍ പങ്കെടുത്ത പ്രതിനിധികളുടെ സാമുദായിക അനുപാതം തന്നെ സമ്മേളനത്തിന്റെ ലക്ഷ്യം എന്തായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.
അല്ലെങ്കില്‍ തന്നെ, മതസൗഹാര്‍ദം, സര്‍വമത സമ്മേളനം എന്നെല്ലാം കൊട്ടിഘോഷിച്ചു കൊണ്ടാടുന്നവ ഒരുതരം ആത്മീയ കാപട്യവും രാഷ്ട്രീയ നാടകങ്ങളും തന്നെയാണ്. മതവിദ്വേഷം അവസാനിപ്പിക്കലും ജനങ്ങള്‍ക്കിടയില്‍ സൗഹാര്‍ദപരമായ അന്തരീക്ഷം നിലനിര്‍ത്തലുമാണ് ലക്ഷ്യമെങ്കില്‍ പ്രസ്തുത വിഷയത്തിലുള്ള ആത്മാര്‍ത്ഥത സ്വന്തം നയനിലപാടുകളിലും സമീപനങ്ങളിലും പ്രകടമാവണം; ഇരകള്‍ക്കൊപ്പം നിലയുറപ്പിക്കണം. പരമത വിദ്വേഷം ജ്വലിപ്പിച്ച് നിര്‍ത്തിയും അനര്‍ഹമായ സങ്കുചിത താല്‍പ്പര്യങ്ങള്‍ പുകമറയ്ക്ക് പിന്നിലൂടെ നേടിയെടുത്തും ഇതര സമൂഹങ്ങളെ അപരവല്‍ക്കരിച്ചും നേടാവുന്നതല്ല മതങ്ങള്‍ക്കിടയിലെ സൗഹാര്‍ദം.