പ്രിയപ്പെട്ട പൊതുബോധമേ, എല്ലാം നമ്മുടെ ചെലവിലാണ്
അരനൂറ്റാണ്ട് മുമ്പത്തെ ബാല്യകൗമാരങ്ങളിലുള്ള ഈ നാട്ടിന്‍പുറത്തെ മുസ്‌ലിം കുട്ടികളെ, മണ്ഡലകാലത്ത് മല കയറാന്‍ വ്രതമെടുത്ത അയ്യപ്പസ്വാമികള്‍ 'വാവരുകുട്ടി' എന്ന് അതൃപ്പത്തോടെ വിളിക്കുമായിരുന്നു; പ്രായം ചെന്ന മുസ്‌ലിംകളെ സ്‌നേഹാദരപൂര്‍വം 'വാവര്‍ സ്വാമി' എന്നും.
അഷ്‌റഫ് ശ്രമദാനി
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് ഏറെയൊന്നും അകലത്തിലല്ലാതുള്ള ഗ്രാമം. അരനൂറ്റാണ്ട് മുമ്പത്തെ ബാല്യകൗമാരങ്ങളിലുള്ള ഈ നാട്ടിന്‍പുറത്തെ മുസ്‌ലിം കുട്ടികളെ, മണ്ഡലകാലത്ത് മല കയറാന്‍ വ്രതമെടുത്ത അയ്യപ്പസ്വാമികള്‍ 'വാവരുകുട്ടി' എന്ന് അതൃപ്പത്തോടെ വിളിക്കുമായിരുന്നു; പ്രായം ചെന്ന മുസ്‌ലിംകളെ സ്‌നേഹാദരപൂര്‍വം 'വാവര്‍ സ്വാമി' എന്നും. പടച്ചവന്റെ ശ്രേഷ്ഠനാമങ്ങളിലൊന്നായ 'ഹയ്യ്' അയ്യപ്പന്‍ എന്നായി മാറിയതാണെന്ന് ഒരു ഉസ്താദ് പറയുമായിരുന്നു.
എന്തായാലും ജനാബ് വാവര്‍ സാഹിബും ശ്രീഅയ്യപ്പസ്വാമിയും ഉറ്റചങ്ങാതിമാരായിരുന്നുവെന്ന് ഞങ്ങളെല്ലാം മനസ്സിലാക്കിവച്ചു. വാവരും പള്ളിയും പള്ളിനടയും ശരണംവിളിയില്‍ തുടിച്ചുനിന്നു. തട്ടീം മുട്ടീം ഏറ്റക്കുറച്ചിലുകളോടെ പ്രളയകാലത്ത് കൂടുതല്‍ പ്രണയത്തോടെ നമ്മള്‍ മലയാളികള്‍ പ്രദര്‍ശിപ്പിച്ച സ്‌നേഹസാഹോദര്യങ്ങളുടെ ഏറെ തെളിഞ്ഞ ചിത്രമായിരുന്നു ശബരിമല തീര്‍ത്ഥാടനകാലത്ത് പണ്ട്. അന്ന് അധികമാളുകള്‍ പോകാറില്ല. പോകുന്നവരില്‍ മേല്‍ജാതിക്കാര്‍ വളരെ വിരളം. ശരണംവിളിയോ ശക്തം. നല്ല പ്രഭാതഭേരി. നല്ല ഗ്രാമം.
ഈ ആസുരകാലത്ത് വാവരുടെ പ്രാതിനിധ്യം, പൂര്‍വാശ്രമത്തില്‍ തുളുക്കത്തിയും ആര്യസാമ്രാജ്യത്തില്‍ പോയി പ്രതിജ്ഞയെടുത്ത ശേഷം സൂര്യഗായത്രിയും പിന്നീട് ആര്യപുത്രിയും ബഹുമുഖ ചുംബിതപുഷ്പവും പരമോന്നത കോടതിയുടെ വിധി നടപ്പാക്കാന്‍ കച്ചകെട്ടി ഇറങ്ങിയ/ ഇറക്കപ്പെട്ട ആക്റ്റിവിസ്റ്റുമായ പാത്തുമ്മത്താത്തക്കാണ്. ഈ വക ഇനം ഫിത്‌നക്കോലുകളെല്ലാം കൂടി നമ്മുടെ പൊതുഖജനാവ് തകര്‍ക്കുകയും പ്രളയാനന്തര സാമുദായിക സാഹോദര്യത്തില്‍ വിള്ളലുണ്ടാക്കുകയും ഒരു നവകേരള നിര്‍മിതിക്കായി ഒരുക്കൂട്ടിയ കട്ടയും സിമന്റുമൊക്കെ ബിലീവേഴ്‌സ് വാള്‍സ്ട്രീറ്റിനും കൂടി വക മാറ്റിവയ്ക്കുകയും ഒരു സുവര്‍ണാവസരം പാഴാക്കുകയും സവര്‍ണന് അവസരമുണ്ടാക്കി അഭിരമിക്കുകയും ചെയ്യുന്നു. ചുറ്റും മതിലുകള്‍. ഹാവൂ!
ഇത്യാദി സോഷ്യോളജിക്കല്‍ ചമ്മലുകളില്‍ നിന്നു ശ്രദ്ധതിരിക്കാനും തരാതരം മതേതര ബാലന്‍സ് ഒപ്പിച്ചെടുക്കാനും മാത്രമല്ല (ആ ദിക്‌റും വേണ്ട ആ പത്തിരിയും വേണ്ട എന്നുവച്ച്) മാറിനില്‍ക്കുന്ന മേത്തനെയിട്ടു കൊട്ടുന്നത്. അവരില്‍ നവോത്ഥാനവും പുനരുദ്ധാരണവും ഉണ്ടാക്കാനുള്ള (തല്‍പരകക്ഷികളുടെ) ഉല്‍ക്കടമായ വികാരത്തിനു ശമനവും ആത്മരതി വഴി ആത്മസായൂജ്യവുമുണ്ടാക്കുന്നതിനു വേണ്ടി കൂടിയാണ്. എച്ചില്‍ക്കുളി കൊണ്ട് മാറുമെന്ന് മുമ്പ് വിശ്വസിക്കപ്പെടുന്ന എല്ലാ രോഗങ്ങളും മനസ്സിലുള്ളവരാണ് മുസ്‌ലിംകളെ ഉദ്ധരിക്കാന്‍ കോബ്രകളായി ഫണം വിടര്‍ത്തിവരുന്നത്.
സല്‍മാന്‍ റുഷ്ദിയുടെ സാത്താനിക് വേഴ്‌സസിനെ ചവെറന്നു രേഖപ്പെടുത്തിയ സാഹിത്യനിരൂപകാചാര്യന്‍ എം കൃഷ്ണന്‍നായര്‍ ജീവിച്ചിരുന്നെങ്കില്‍ കിതാബ് നാടകത്തെ കാഷ്ഠമെന്നാകും വിളിക്കുമായിരുന്നത്. ധൈഷണിക തലത്തില്‍ അമേദ്യഗന്ധമുള്ള അസംബന്ധങ്ങളാണ് ഇത്തരം പീറകൃതികളെങ്കിലും അല്‍കിതാബിനെ പഠിച്ചറിയാത്ത മേത്തന്‍മാരെയും സാമാന്യജനങ്ങളുടെ പൊതുബോധത്തെയും അസുഖകരമായ രീതിയില്‍ ഇതൊക്കെ സ്വാധീനിക്കുമെന്ന് ഇതിനു പിന്നിലെ സൈദ്ധാന്തിക ബുദ്ധിജീവികള്‍ക്കറിയാം. നമ്മുടെ പല ഫോര്‍ത്ത് എസ്‌റ്റേറ്റുകളും ഈ വക ചീപ്പ് വസ്തുക്കള്‍ വലിയ വിലയില്‍ വില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റുകളാണ് ചിലപ്പോള്‍.
ശരിയായ ഗൃഹപാഠം ചെയ്യാതെ ചാനല്‍ സ്റ്റുഡിയോയില്‍ വന്ന് ചന്തിയമര്‍ത്തി അഭിരമിച്ചിരിക്കുന്നവരെ ചോദ്യശരങ്ങളെയ്തു വീഴ്ത്താനുള്ള കഴിവേ അവതാരകനു വേണ്ടൂ. ഏത് കൊടുംകുറ്റവാളിയെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമ്പോള്‍ പോലും ചില മാനംമര്യാദകള്‍ പാലിക്കാറുണ്ട്. എപ്പോഴും ഏന്‍ഗറായി സംവദിക്കുന്ന ചില ആങ്കര്‍മാര്‍ നമുക്കുണ്ട്. അവരുടെ നെഞ്ചകങ്ങളിലുള്ള ദേഷ്യവും അമര്‍ഷവും വാക്കുകളിലൂടെ, ഭാവഹാവാദികളിലൂടെ പ്രകടമാണ്. അയ്യയ്യോ എന്തൊരു ജിഗറ്! അമ്മമ്മോ എന്തൊരു ഘോരശബ്ദം! ആരും പതറിപ്പോകും.
ബിബിസി പോലുള്ള വിശ്വോത്തര മാധ്യമങ്ങള്‍ എത്ര പ്രൗഢമായാണ് ചാനല്‍ ചര്‍ച്ചകള്‍ കൈകാര്യം ചെയ്യുന്നത്! അതില്‍ സംബന്ധിക്കുന്നവരെ സെലക്ട് ചെയ്യുന്നതില്‍ വരെ അവര്‍ തികഞ്ഞ ഔചിത്യം പാലിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ പരമോന്നത നീതിപീഠം മുമ്പാകെ പെരുംനുണ സത്യവാങ്മൂലമായി കൊടുക്കാന്‍ മടിയില്ലാത്ത ഒരു സര്‍ക്കാര്‍ സംവിധാനമുള്ള നമുക്ക് ഏത് ആവിഷ്‌കാര മാധ്യമങ്ങളില്‍ നിന്നും കള്ളവും കൂതറ ന്യായങ്ങളും കേള്‍ക്കുന്നതില്‍ എന്തു പ്രയാസമുണ്ടാകാന്‍! ശൈഖുനമാര്‍ ക്ഷീണിതരാണ്, അവരെ ശല്യം ചെയ്യാതെ. ശ്രോതാക്കള്‍ സംതൃപ്തരാണ്. ഇനി നാം ഉറങ്ങട്ടെയോ?
പിന്നാക്കജാതികളും ദലിതുകളും നൂറ്റാണ്ടുകളായി ആചരിച്ചുവന്ന മഡെസ്‌നാന എന്ന വിവാദ ആചാരം നിര്‍ത്തലാക്കിയ പളിമാറു മഠാധിപതി വിദ്യാധീശതീര്‍ത്ഥ സ്വാമിയുടെ ചെരിപ്പിന്റെ വാറഴിക്കാന്‍ പോലും യോഗ്യതയില്ലാത്ത ഒരു മേത്തച്ചെറുക്കനെ കൊണ്ടാണ് ഇസ്‌ലാമിക നവോത്ഥാനമുണ്ടാക്കാനുള്ള ഭഗീരഥയത്‌നം. പരിശുദ്ധാത്മാവായ പ്രവാചകന്‍ യേശു മിശിഹ പറഞ്ഞത്, വരാനിരിക്കുന്ന മഹാനായ പ്രവാചകന്റെ ചെരിപ്പിന്റെ വാറഴിക്കാന്‍ പോലും തനിക്ക് യോഗ്യതയില്ലെന്നാണ്. ആ നബി തിരുമേനിയിലൂടെ മനുഷ്യരാശിക്കാകമാനം മാര്‍ഗനിര്‍ദേശമായും സത്യാസത്യവിവേചകമായും മഹത്തായ സമഗ്ര ജീവിതപദ്ധതിയായും അത്യുന്നതങ്ങളില്‍ നിന്ന് ഒടുവിലായി അവതരിക്കപ്പെട്ട അല്‍കിതാബിലാണ് ഹയനകളുടെ നോട്ടം.
ഒരു നൂറ്റാണ്ടു കൊണ്ടുതന്നെ ഏതാണ്ടായ ഒരു മൂലധനമല്ല ഈ ലാസ്റ്റ് ടെസ്റ്റമെന്റിന്റേത്. വളരെ കുലീനമായി, ശാസ്ത്രീയമായി പ്രമാണങ്ങളുടെ പിന്‍ബലത്തോടെ ഈ ഗ്രന്ഥെത്തയും അതിന്റെ നിര്‍മിതിയായ ഒരു മഹാ മാനവികതയെയും പ്രതിരോധിക്കാന്‍ പറ്റിയ അഭിജാതരായ പണ്ഡിതനിര തന്നെയുണ്ട് ഇവിടെ എന്നറിയുക. ചരിത്രവിജ്ഞാനവും ജനിതക മൂല്യബോധവും നീതിനിഷ്ഠയുമുള്ള മതേതര-ഇസ്‌ലാമേതര പണ്ഡിതന്‍മാര്‍ പോലും ഈ നിരയില്‍ യഥോചിതം അണിചേരാറുണ്ട്. എന്നിട്ടാണീ പ്രബുദ്ദൂസുകള്‍! അതൊന്നുമല്ല കാര്യം. അതൊരു വൃത്തികെട്ട കൃമിയുടെ അസ്‌ക്യതയാണ്. ഉണ്ടിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഗ്രഹണിശൂല.
നമ്മുടെ ഇന്ത്യ ഒന്നു ശരിപ്പെട്ടേക്കുമെന്നു പ്രതീക്ഷ സൃഷ്ടിക്കപ്പെടുന്ന ഈ വേളയില്‍ തന്നെ വെറുപ്പിന്റെ രാഷ്ട്രീയം അതിവേഗം ബഹുദൂരം വളര്‍ത്തിയെടുത്ത വിദ്വേഷം ഒന്നടങ്ങുകയാണെന്ന് ആശ്വസിക്കാന്‍ ശ്രമിക്കവേ ഒരു പ്രത്യേക സമുദായത്തിനു നേരെ കുന്തമുന തിരിച്ചുനില്‍ക്കുന്ന കമ്പിപ്പാരാ സൈക്കോളജി. എല്ലാവരും അരിയാഹാരം തന്നെയാണ് കഴിക്കുന്നത്.
വമ്പന്‍മാര്‍ സമൂഹഗാത്രത്തില്‍ പുതിയ വിള്ളലുകള്‍ ഉണ്ടാക്കുകയാണ്. അല്ല, നവകേരള നിര്‍മിതി നമ്മുടെ മുഖ്യ അജണ്ട തന്നെയാണോ? കലോല്‍സവങ്ങളില്‍ നിന്നു സിനിമാ തമ്പുരാക്കന്‍മാര്‍ പറ്റിയ പ്രതിഭകളെ നമ്മുടെ ചെലവില്‍ റാഞ്ചി. രാകിപ്പറക്കുന്ന ചെമ്പരുന്ത്. ഒരു നിയോഗം പോലെ മഡെസ്‌നാന നിര്‍ത്തലാക്കിയ ചരിത്രമുഹൂര്‍ത്തം മലയാളക്കരയിലെ മേലാളനെയും കീഴാളനെയും ബാലികേറാമല കയറ്റുകയാണ്. അത് മനസ്സിലാക്കാന്‍ വക്രബുദ്ധിയല്ല, കുറച്ച് നേര്‍ബുദ്ധി ഉപയോഗിക്കേണ്ടിവരും.
വാവരെയും അയ്യപ്പസ്വാമിയെയും കടത്തിവെട്ടുന്ന ബന്ധമാണ് അമേരിക്കയും ഇസ്രായേലും തമ്മില്‍. ഐഎസിന് സൈബര്‍ സുരക്ഷയും നല്‍കുന്നത് അമേരിക്ക തന്നെയാണെന്ന് പുതിയ വെളിപ്പെടുത്തല്‍. ആകയാല്‍ എല്ലാ ഇസ്‌ലാമോഫോബിയാക്കളും സൂഫിയാക്കളും ജാതിമതഭേദമെന്യേ ഒന്ന് ക്ലാപ്പടിക്കുവിന്‍! മേത്തനെപ്പോലെയല്ല സത്യക്രിസ്ത്യാനി. അവര്‍ നല്ല ആട്ടിടയന്മാരാണ്. അവരുടെ കെസിബിസി പറയുന്നു: നവോത്ഥാനത്തിന്റെ പിതൃത്വം ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് അവകാശപ്പെടാനാവില്ലെന്ന്. ഒരു ക്ലാപ്പ് കൂടിയാവാം. ആദ്യം തന്നെ അമിത്ഷാ (ഉദ്ഘാടനം) പറന്നിറങ്ങിയ കണ്ണൂര്‍ വിമാനത്താവളം വീണ്ടും വീണ്ടും ഉദ്ഘാടനം ചെയ്ത് 'ഉസാറാക്കണ'മെന്ന മോഹത്തിനിടയ്ക്കും നമ്മള്‍ ബാബരി ദിനം സംസ്ഥാനതലത്തില്‍ മറന്നില്ല.
ഡിസംബര്‍ 6ന് നോം ശബരിമലയില്‍ അതിശക്തമായ സുരക്ഷാവിന്യാസം നടത്തി. കാരണം, അവിടം സുരക്ഷ ശക്തമാണല്ലോ അല്ലാതെത്തന്നെ. ശബരിമല ഒരു അയോധ്യയാക്കില്ലെന്ന് മുഖ്യമന്ത്രി പറയാറുമുണ്ട്. സന്ദേശം വ്യക്തമാണ്. മണ്ഡല്‍ കമ്മീഷന്‍ മുമ്പേ കഴിഞ്ഞു. മണ്ഡലക്കാലം കഴിയുന്നു. സംവരണം അട്ടിമറിക്കപ്പെടുന്നു. ഇനി നമുക്കൊരു വനിതാ മതിലിന്റെ പണിയേ ബാക്കിയുള്ളൂ. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഇഷ്ടികയാക്കിക്കൊണ്ട് ഒരു അവര്‍ഗീയ മതില്‍ പണിതു പ്രളയാനന്തര സൗഭ്രാത്രം വീണ്ടെടുക്കാം. അതിനിടയ്ക്ക് എങ്ങനെയെങ്കിലും ഒരു ഹര്‍ത്താല്‍ ഒപ്പിച്ചെടുത്താല്‍ എല്ലാ ഗൃഹപാഠങ്ങളും ചെയ്ത് ഒരു വിശ്രമത്തോടെ മേത്തനെ കുത്താം. പ്രിയപ്പെട്ട പൊതുബോധമേ, എല്ലാം നമ്മുടെ ചെലവിലാണ്. അറിയുക, ഇതെല്ലാം നമ്മുടെ ചെലവിലാണ് മാളോരേ!