കശ്മീർ പ്രത്യേക പദവി; ചരിത്രം, വർത്തമാനം
കശ്മീരിലെ ബിജെപി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്തും വീട്ടുതടങ്കലില്‍ അടച്ചും പ്രതിഷേധങ്ങള്‍ ഉയരുന്നത് തടഞ്ഞുകൊണ്ടാണ് ഈ ജനാധിപത്യ വിരുദ്ധ നീക്കം.
കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഒരു മാസമായി വലിയ തോതില്‍ സൈനികവത്കരണം നടത്തിയതിന് പിന്നാലെ ഇന്ന് കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞിരിക്കുന്നു. കശ്മീരിനെ ലഡാക്ക് എന്നും ജമ്മുകശ്മീർ എന്നും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരിക്കുന്നു. കശ്മീരിലെ ബിജെപി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്തും വീട്ടുതടങ്കലില്‍ അടച്ചും പ്രതിഷേധങ്ങള്‍ ഉയരുന്നത് തടഞ്ഞുകൊണ്ടാണ് ഈ ജനാധിപത്യ വിരുദ്ധ നീക്കം. ലോകത്തെ ഏറ്റവും സുന്ദരമായ ഭൂമിയില്‍ കഴിഞ്ഞ എഴുപതാണ്ടുകള്‍ക്കിടയില്‍ ചോര പൊടിയാത്ത ദിനങ്ങളില്ല. 1947ല്‍ ഇന്ത്യന്‍ യൂനിയന്‍ നിലവില്‍ വരുന്നതിന് മുമ്പ് തന്നെ കശ്മീര്‍ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്ന ചരിത്രം മറച്ചുവയ്ക്കാറാണ് പതിവ്. എന്നാൽ അത് പരിശോധിക്കാതെ കശ്മീർ ജനതയുടെ നീതിനിഷേധത്തെ കുറിച്ച് ആർക്കും പറയാനാകില്ല.
1846ല്‍ ഈസ്റ്റിന്ത്യാ കമ്പനിയും ജമ്മുവിലെ രാജാവായിരുന്ന ഗുലാബ് സിംഗും തമ്മില്‍ ഉണ്ടാക്കിയ അമൃത്സര്‍ കരാര്‍ പ്രകാരമാണ് കശ്മീരിന്റെ വിൽപന നടന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ഗുലാബ് സിംഗ് കശ്മീര്‍ താഴ്വര 75 ലക്ഷം രൂപ വിലകൊടുത്തു വാങ്ങി. ഇതോടെ ജമ്മുവും ലഡാക്കും ഉള്‍പ്പെടെയുള്ള കശ്മീരി ഭാഷ സംസാരിക്കുന്ന, സൂഫി പാരമ്പര്യം നിലനിര്‍ത്തുന്ന, മുസ്‌ലിം ഭൂരിപക്ഷമുള്ള, കശ്മീര്‍ താഴ്വരയാണ് വാങ്ങിയത്. 1931 ലാണ് ദോഗ്ര വംശജനായ ഹരിസിംഗ് എന്ന ഹിന്ദു രാജാവിന്റെ അടിച്ചമര്‍ത്തല്‍ ഭരണത്തിനെതിരേ ആദ്യമായി കശ്മീരിലെ മുസ്‌ലിംകള്‍ ശബ്ദമുയര്‍ത്തിയത്. പക്ഷേ ആ ശബ്ദവും ഹരിസിംഗ് അടിച്ചമര്‍ത്തിയെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.
ശെയ്ഖ് മുഹമ്മദ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് ആദ്യമായി കശ്മീരി ജനത രാഷ്ട്രീയമായി സംഘടിക്കുന്നത്. ആള്‍ ജമ്മു ആന്റ് കശ്മീര്‍ മുസ്‌ലിം കോണ്‍ഫറന്‍സ് എന്ന പേരില്‍ രാഷ്ട്രീയ പ്രസ്ഥാനം രൂപംകൊണ്ടു. ഹരിസിംഗിന്റെ ഭരണത്തില്‍ നിന്നു സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഈ സംഘടനയാണ് പിന്നീട് നാഷണല്‍ കോണ്‍ഫറന്‍സ് ആയി പേര് മാറ്റിയത്. ഈ കാലയളവില്‍ രാജാവ് നിയോഗിച്ച ഗ്ലാന്‍സി കമ്മീഷന്‍ മുസ്‌ലിംകള്‍ക്ക് സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം കൊടുക്കണമെന്ന് നിർദേശിച്ച റിപോര്‍ട്ട് രാജാവ് അംഗീകരിച്ചു. പക്ഷെ, റിപോര്‍ട്ട് നടപ്പിലാക്കിയില്ല. തുടര്‍ന്ന് പ്രതിഷേധ സമരങ്ങള്‍ ഉണ്ടായി. 1934ല്‍ നിയമസഭ രൂപവത്കരിച്ചുവെങ്കിലും രാജാവ് അതിന്റെ ശക്തി ചോര്‍ത്തിക്കളഞ്ഞു. കശ്മീരില്‍ ഭരണകൂടത്തിന്റെ വംശീയ അടിച്ചമര്‍ത്തലുകളുടെ ലക്‌ഷ്യം തുടക്കം മുതൽ മുസ്‌ലിംകളെ രാഷ്ട്രീയധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നായിരുന്നു.
ഈസ്റ്റിന്ത്യ കമ്പനിയും രാജാ ഗുലാം സിംഗും തമ്മില്‍ 1846 ല്‍ ഒപ്പിട്ട അമൃതസര്‍ കരാര്‍ റദ്ദുചെയ്യണമെന്നും രാജാഹരിസിംഗ് കാശ്മീര്‍ വിട്ടുപോകണമെന്നും ആവശ്യപ്പെട്ടു ക്വിറ്റ് കശ്മീര്‍ പ്രക്ഷോഭത്തിന് 1946ല്‍ നാഷണല്‍ കോണ്‍ഫറന്‍സ് ആഹ്വാനം നല്‍കിയിരുന്നു. ഇന്ത്യപാക്ക് വിഭജനത്തിനു മുന്‍പ് നടന്ന ഈ പ്രക്ഷോഭം ഫലം കാണാതെ പോയി. അന്നും ഇതൊരു തര്‍ക്കപ്രദേശമായി നിലനിര്‍ത്തുകയാണ് ബ്രിട്ടീഷ് അധീനതയിലുള്ള ഭരണകൂടം ചെയ്തത്. 1947 ഒക്ടോബര്‍ 26നാണ് , 75 ശതമാനം മുസ്‌ലിം ജനതയുള്ള ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള ഇന്‍സ്ട്രുമെന്റ് ഓഫ് അക്സഷന്‍(ഐഒഎ) ഹരിസിംഗും ഇന്ത്യാ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് ലോഡ് മൗണ്ട് ബാറ്റണും ഒപ്പുവച്ചത്.
പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നീ മൂന്നുകാര്യങ്ങളിൽ മാത്രമേ ഇന്ത്യന്‍ ഭരണഘടന ബാധകമാവുകയുള്ളു എന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. പുതിയതായി എന്തു നിയമം ബാധകമാക്കണമെങ്കിലും അതും ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ മാത്രമേ ആകാവൂ. അങ്ങനെയാണ് ജമ്മുകശ്മീരിന് പ്രത്യേക അവകാശം നിലനിര്‍ത്താനുള്ള ഇന്ത്യന്‍ ഭരണഘടനയുടെ 370ാം അനുച്ഛേദം ഉള്‍പ്പെടുത്തിയത്.
370 അനുച്ഛേദത്തില്‍ പറയുന്നത് ഇങ്ങനെയാണ്. കശ്മീര്‍ ഇന്ത്യയിലെ സ്വന്തമായി ഒരു ഉപ ഭരണഘടനയുള്ള സംസ്ഥാനമാണ്. ഇന്ത്യന്‍ യൂനിയന്‍ മാതൃകയില്‍ രണ്ട് നിയമ നിര്‍മ്മാണ സഭകളുമുണ്ട്. ഇവയിലൊന്നിനും ഇന്ത്യയുമായുള്ള ബന്ധം നിശ്ചയിക്കുന്ന ബില്ലുകള്‍ കൊണ്ട് വരാനുള്ള അധികാരമില്ല. ഇന്ത്യന്‍ യൂനിയനില്‍ അംഗമാണ് കശ്മീര്‍ യൂനിയന്‍ എന്നത് ഒരു കരാറിന്റെയും പുറത്ത് ഉണ്ടാക്കിയതല്ല, അതുകൊണ്ട് അതില്‍ നിന്നും ഒരു സംസ്ഥാനത്തിനും വിട്ട്‌പോകാനാവില്ല. പര്‍ലമെന്റിന് യൂനിയന്‍ ലിസ്റ്റിലും കണ്‍കറന്റ് ലിസ്റ്റിലും ഉള്ള വിഷയങ്ങളില്‍ നിയമം ഉണ്ടാക്കാം; പക്ഷെ കശ്മീരിന്റെ അനുവാദത്തോടെയെ നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ. വിവേചനാധികാരം സംസ്ഥാനത്തിനാണ്. ഇന്ത്യന്‍ മൗലിക അവകാശങ്ങള്‍ കശ്മീരിനു ബാധകമാണ്. ഇതില്‍ സ്വത്തിനുള്ള അവകാശം കശ്മീരില്‍ ഉണ്ട്. പക്ഷേ അവിടത്തെ സ്ഥിരനിവാസികള്‍ക്ക് ചില പ്രത്യേക അധികാരമുണ്ട്. ആരാണ് സ്ഥിരനിവാസി എന്നത് നിര്‍വചിക്കാനുള്ള അധികാരം കശ്മീരിനാണ്. ഇന്ത്യന്‍ സുപ്രീം കോടതിയുടെ അധികാരം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം, സിഎജിയുടെ അധികാരം ഇവ കാശ്മീരിനും ബാധകമാണ്. ഒരു കാശ്മീരി സ്ഥിരനിവാസി പാകിസ്ഥാനിലേക്ക് പോകുകയും, പിന്നീട് പാകിസ്ഥാനില്‍ നിന്നും തിരിച്ചു കാശ്മീരിലേക്ക് വരികയും ചെയ്താല്‍ അദ്ദേഹം ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹനാണ്. കശ്മീരിനു പ്രത്യേക പൗരത്വം ഇല്ല, അവിടെ ഒറ്റ പൗരത്വമേയുള്ളൂ ഇന്ത്യന്‍ പൗരത്വം.
ഈ അനുച്ഛേദം യാതൊരു കാരണവശാലും മാറ്റാന്‍ നിയമം അനുവദിയ്ക്കില്ല എന്നാണ് ഇന്ത്യന്‍ സുപ്രീം കോടതി സർഫേസി നിയമവുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസ് നരിമാൻ അധ്യക്ഷനായ ബെഞ്ച് 2017 ഏപ്രിലിൽ പറഞ്ഞത്. ജമ്മുകാശ്മീര്‍ ഹൈക്കോടതിയും ഇതേ കാര്യം പലവട്ടം ആവര്‍ത്തിച്ചിട്ടുള്ളതാണ്. സ്വന്തം ഭരണഘടനയും സ്വന്തം കൊടിയുമുള്ള ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലുള്ള ഒരേ ഒരു സംസ്ഥാനവും ജമ്മു കശ്മീര്‍ മാത്രമായിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കും ഇത്തരത്തിലുള്ള ഭരണഘടനാപരമായ പ്രത്യേക പദവികൾ നിലവിലുണ്ട്. ഒരു ജനതയുടെ ജനാധിപത്യ അവകാശങ്ങളെ സൈനിക നടപടിയിലൂടെ ഹനിക്കുന്ന നിലപാടാണ് ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത് ഇതിനെ ഫാഷിസ്റ്റ് നടപടിയായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു.