'ലക്ഷദ്വീപ് ജനത പറയുന്നത്'
ഒരു അഡ്മിനിസ്‌ട്രേറ്റര്‍ ആവാനുള്ള നിങ്ങളുടെ യോഗ്യത എന്താണ്? അതെ, നിങ്ങളുടെ പിതാവ് ആര്‍എസ്എസ്സിലായിരുന്നു. സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ രാജിവയ്‌ക്കേണ്ടിവന്നപ്പോള്‍ മുഖ്യമന്ത്രിയായ നരേന്ദ്രമോദി നിങ്ങളെ ഗുജറാത്തിന്റെ ആഭ്യന്തരമന്ത്രിയാക്കി. 2012ല്‍ ആദ്യത്തെ തിരഞ്ഞെടുപ്പ് അവസരം ലഭിച്ചപ്പോള്‍ നിങ്ങളുടെ നിയോജകമണ്ഡലത്തിലെ ആളുകള്‍ നിങ്ങളെ തീര്‍ത്തും നിരസിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം.
എന്‍ എം സിദ്ദീഖ്
മിസ്റ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍,
ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ എത്തിയതു മുതല്‍ അവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള മനുഷ്യ സാധ്യതകളെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നു. ദുരുദ്ദേശങ്ങളുള്ള ഒരു ഭരണാധികാരിയ്ക്ക് യഥാര്‍ത്ഥത്തില്‍ ഒരു നിയന്ത്രണ രേഖയുമില്ലെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്കറിയാം, പ്രത്യേകിച്ചും, ഹിസ് മാസ്‌റ്റേഴ്‌സ് വോയ്‌സ് (എച്ച്എംവി) ഡിസ്‌കുകളിലെ വിശ്വസ്തനായ നായയെപ്പോലെയാവുമ്പോള്‍. കൊറോണ വൈറസിനെ ഒരു മുഴുവന്‍ ജനവിഭാഗത്തിനും പരിചയപ്പെടുത്തിയ ഭരണാധികാരിയെന്ന നിലയില്‍ നിങ്ങള്‍ തീര്‍ച്ചയായും ഒരു വ്യതിരിക്തത പുലര്‍ത്തുന്നു.
യുഎസ്, ഇറ്റലി തുടങ്ങിയ വികസിത രാജ്യങ്ങളില്‍ പോലും ദശലക്ഷക്കണക്കിന് ആളുകള്‍ കൊവിഡ് 19ന് ഇരയായപ്പോള്‍ വൈറസിന് കടന്നുകയറാന്‍ കഴിയാത്ത ദ്വീപസമൂഹം രാജ്യമൊട്ടാകെ അങ്ങിനെയുള്ള ഒരേയൊരു പ്രദേശമായിരുന്നു. കൊറോണ വൈറസിനെ ചെറുക്കാന്‍ ലക്ഷദ്വീപിലെ പാവപ്പെട്ടവര്‍ക്ക് സ്വാഭാവിക കഴിവുകളുള്ളതുകൊണ്ടായിരുന്നില്ല അത്. മറിച്ച്, നിങ്ങളുടെ മുന്‍ഗാമിയായ, മുന്‍ ഐബി മേധാവിയായിരുന്ന, അന്തരിച്ച ദിനേശ്വര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് നടപടിക്രമം(എസ്ഒപി) കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിഞ്ഞതിനാലാണ്.
2020 ഡിസംബര്‍ നാലിന് ദിനേശ്വര്‍ ശര്‍മയുടെ മരണത്തെത്തുടര്‍ന്ന് ലക്ഷദ്വീപിന്റെ അധികചുമതല ലഭിച്ചപ്പോള്‍ നിങ്ങള്‍ക്ക് എസ്ഒപിയെക്കുറിച്ചും അറിയാമായിരുന്നു. പക്ഷേ നിങ്ങള്‍ അത് ലംഘിക്കാന്‍ തീരുമാനിച്ചു. നിങ്ങള്‍ക്കും പരിവാരങ്ങള്‍ക്കും സാധാരണ മനുഷ്യര്‍ക്ക് ബാധകമായ യാത്രാവിലക്ക് ദ്വീപില്‍ തടസ്സമായില്ല. നിങ്ങളും പരിചാരകരും ഒരു നിയന്ത്രണവുമില്ലാതെ അഞ്ച് ദ്വീപുകള്‍ സന്ദര്‍ശിച്ചുവെന്നതാണ് ഏറെ വിചിത്രം.
പ്രസിഡന്റ് രാംനാഥ് കോവിന്ദിന് ചുമതലാബോധമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം നിങ്ങളെ തടയുമായിരുന്നു, ഭരണഘടന പ്രകാരം തന്നെ. പക്ഷേ, അത് സംഭവിച്ചില്ല! അത് നിങ്ങള്‍ ഒരു വിജയമായി കണ്ടു, മാരകമായ പദ്ധതികള്‍ അഴിച്ചുവിടാന്‍ നിങ്ങളെ സ്ഥൈര്യപ്പെടുത്തി. ഇപ്പോള്‍ ലക്ഷദ്വീപിലെ രണ്ട് ഡസനിലധികം ആളുകള്‍ കൊവിഡ് 19 മൂലം മരണമടഞ്ഞിട്ടുണ്ട്. ഡല്‍ഹി പോലുള്ള സ്ഥലങ്ങളിലെന്നത് പോലെ ദ്വീപുകളിലും പകര്‍ച്ചവ്യാധി കലശലാണ്. ദേശീയ തലസ്ഥാനത്തുനിന്ന് വ്യത്യസ്തമായി, ലക്ഷദ്വീപിന് പേരിനുപോലും ആരോഗ്യസംവിധാനങ്ങളൊന്നുമില്ല. അത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.
ദ്വീപുകളുടെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് എസ്ഒപി ഉദാരമാക്കിയതെന്ന് കഴിഞ്ഞ ദിവസം ലക്ഷദ്വീപ് ജില്ലാ കലക്ടര്‍ എസ് അസ്‌കര്‍ അലി പറയുന്നത് ശ്രദ്ധിച്ചു. അയാള്‍ എന്ത് വളര്‍ച്ചയെക്കുറിച്ചാണ് സംസാരിച്ചത്? ജനവാസമുള്ള എല്ലാ ദ്വീപുകളിലും കൊറോണ വൈറസിന്റെ വരവ് മൂലം ലോക്ക് ഡൗണ്‍ അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ജനജീവിതംതന്നെ നിലച്ചു. നിങ്ങളും നിങ്ങളുടെ കലക്ടറും ദ്വീപുകളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ വളരെ ഉല്‍സുകരാണെന്ന് തോന്നുന്നു.
കലക്ടറാവട്ടെ, നിങ്ങളുടെ സംഘി സുഹൃത്തുക്കളാവട്ടെ, ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പുളയ്ക്കുന്ന ഹിന്ദുത്വവാദികളാവട്ടെ, യുക്തിഭദ്രമായ ഒരൊറ്റ വാദമുഖം പോലും നിങ്ങളുടെ കുല്‍സിത വൃത്തികളെ ന്യായീകരിക്കുന്നതിന് ഉന്നയിക്കുന്നതില്‍ ദയനീയമായി, അപഹാസ്യമായി പരാജയപ്പെടുകയാണ്. കുട്ടികള്‍ ഉച്ചമയക്കത്തിലാവാതിരിക്കാനാണ് ബീഫ് നിരോധിക്കുന്നതെന്ന വങ്കത്തമുയര്‍ത്താന്‍ അസാമാന്യമായ വിവരദോഷമുണ്ടാവണം. അത് വേണ്ടുവോളമുണ്ടെന്നതാണ് സംഘി ന്യായീകരണങ്ങളുടെ ആകത്തുക.
ഒരു അഡ്മിനിസ്‌ട്രേറ്റര്‍ ആവാനുള്ള നിങ്ങളുടെ യോഗ്യത എന്താണ്? അതെ, നിങ്ങളുടെ പിതാവ് ആര്‍എസ്എസ്സിലായിരുന്നു. സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ രാജിവയ്‌ക്കേണ്ടിവന്നപ്പോള്‍ മുഖ്യമന്ത്രിയായ നരേന്ദ്രമോദി നിങ്ങളെ ഗുജറാത്തിന്റെ ആഭ്യന്തരമന്ത്രിയാക്കി. 2012ല്‍ ആദ്യത്തെ തിരഞ്ഞെടുപ്പ് അവസരം ലഭിച്ചപ്പോള്‍ നിങ്ങളുടെ നിയോജകമണ്ഡലത്തിലെ ആളുകള്‍ നിങ്ങളെ തീര്‍ത്തും നിരസിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. ഗുജറാത്തിലെ നിങ്ങളുടെ ജനപ്രീതിയുടെ അളവുകോലാണ് അത്! എന്നിരുന്നാലും, മോദിയുമായുള്ള വ്യക്തിപരമായ ബന്ധമാണ് ദാദ്ര, നഗര്‍ ഹവേലി, ദാമന്‍, ദിയു അഡ്മിനിസ്‌ട്രേറ്റര്‍ ജോലിനേടാന്‍ നിങ്ങളെ സഹായിച്ചത്.
സാധാരണയായി കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഓഫിസര്‍മാരെയാണ് നിയമിക്കുന്നത്. ആകസ്മികതകള്‍, അമിത് ഷായുടെ രാജി ഒരു മന്ത്രിയാവാന്‍ നിങ്ങളെ സഹായിച്ചെങ്കില്‍, ദിനേശ്വര്‍ ശര്‍മയുടെ മരണം ലക്ഷദ്വീപിന്റെ അധികാരം നേടാന്‍ നിങ്ങളെ സഹായിച്ചു. ലക്ഷദ്വീപിലെ ആളുകള്‍ ഇടപെട്ട ആദ്യത്തെ ഗുജറാത്തി പട്ടേല്‍ നിങ്ങളാണെന്ന് ദയവായി കരുതരുത്. ഇന്ത്യ സ്വതന്ത്രമായ ഉടന്‍തന്നെ പാകിസ്താന്‍ ഒരു നാവികക്കപ്പല്‍ ലക്ഷദ്വീപിലേക്ക് അയച്ചു. മുസ്‌ലിം ഭൂരിപക്ഷ ദ്വീപുവാസികള്‍ തങ്ങളെ പിന്തുണയ്ക്കുമെന്ന് അവര്‍ കരുതി.
ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ പാക് തന്ത്രത്തിന്റെ കാറ്റുകണ്ട് തിരുവിതാംകൂര്‍ ഭരണാധികാരിയോട് നമ്മുടെ പോലിസിനെ ലക്ഷദ്വീപിലേക്ക് അയച്ച് അവിടെ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. ദിവസങ്ങള്‍ക്കുശേഷം, കറാച്ചിയില്‍നിന്ന് പാകിസ്താന്‍ കപ്പല്‍ എത്തിയപ്പോള്‍, ദ്വീപില്‍ ഇന്ത്യന്‍ പതാക പറക്കുന്നത് അവരെ അത്ഭുതപ്പെടുത്തി. ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗമാണെന്നും ജനങ്ങള്‍ സന്തുഷ്ടരാണെന്നും പാക് നാവികര്‍ കറാച്ചിയെ അറിയിച്ചു. അവര്‍ നിരാശരായി മടങ്ങി. ഭാഷ, വസ്ത്രധാരണം, ഭക്ഷണം, സംസ്‌കാരം എന്നിവയുള്‍പ്പെടെ കേരളജനതയുമായി പൊതുവായി എല്ലാമുള്ളപ്പോള്‍ അവരുടെ മതമല്ലാതെ പാകിസ്താനുമായി ദ്വീപ് ജനതയ്ക്ക് പൊതുവായി ഒന്നുമില്ലായിരുന്നു.
എകെ 47, ജിഹാദി, എല്ലാറ്റിനുമുപരി തീവ്രവാദം തുടങ്ങിയ വാക്കുകള്‍ പരാമര്‍ശിച്ചുകൊണ്ട് ചില ബിജെപി നേതാക്കളും കേരളത്തിലെ അവരുടെ വക്താക്കളും ലക്ഷദ്വീപ് ജനതയ്ക്ക് നേരേ അധിക്ഷേപം നടത്തുന്നത് വിചിത്രമായിരിക്കുന്നു. കണക്കില്‍പ്പെടാത്ത പണം കൈവശം വച്ചതിന് ഒരു ലക്ഷദ്വീപ് നിവാസിയെ പോലും പിടികൂടിയിട്ടില്ല. അതേസമയം, മൂന്നര കോടി രൂപ കാറില്‍ കടത്തിയ പ്രതികളെ പിടികൂടിയത് കേരളത്തിലാണ്. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ച പണം അപഹരിക്കാനുള്ള അപകടം സൃഷ്ടിച്ച ക്രിമിനല്‍ സംഘങ്ങളുടെ പിന്നില്‍ ബിജെപിയായിരുന്നു. നിങ്ങളുടെ സ്വന്തം പാര്‍ട്ടിയായ ബിജെപിക്കുപോലും അവിടെ സാന്നിധ്യമുണ്ടെങ്കിലും മുസ്‌ലിം ലീഗിനില്ല.
അതെ, അവര്‍ മതവിശ്വാസികളാണ്, എല്ലാ മതനിയമങ്ങളും പാലിക്കുന്നു. അതില്‍ എന്താണ് തെറ്റ്? ഭരണഘടന ഓരോ പൗരനും മതസ്വാതന്ത്ര്യം നല്‍കുന്നുണ്ടല്ലോ. ടൂറിസത്തിന്റെ പേരില്‍ ദ്വീപുവാസികള്‍ക്ക് മദ്യം പരിചയപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ നിങ്ങളുടെ മുന്‍ഗണനകള്‍ ഞങ്ങള്‍ മനസ്സിലാക്കി. കറുപ്പിന് അടിമകളാക്കി ചൈനക്കാരെ നിയന്ത്രിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷുകാരെപ്പോലെയാണ് നിങ്ങള്‍ പെരുമാറിയത്. വികസനത്തിനും ടൂറിസത്തിനും മദ്യം അനിവാര്യമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, നിങ്ങളും മോദിയും എന്തുകൊണ്ടാണ് ഗുജറാത്തിനെ മദ്യരഹിത സംസ്ഥാനമായി നിലനിര്‍ത്തുന്നത് ? നിങ്ങളുടെ ദാമനില്‍ പോലിസുകാര്‍ക്ക് കൈക്കൂലി കൊടുക്കുന്നത് മദ്യം കൊണ്ടുപോവാനും കുടിക്കാനും മാത്രമാണെന്ന് അറിയാമോ?
രാജ്യത്തെ ഏറ്റവും സമാധാനപരമായ മേഖലയാണ് ലക്ഷദ്വീപ്. ബലാല്‍സംഗം, കൊലപാതകം, മോഷണം, കവര്‍ച്ച തുടങ്ങിയവ അവിടെ അപൂര്‍വമായി മാത്രമേ നടക്കൂ. എന്നിട്ടും, ഗുണ്ടാ ആക്ട് എന്നറിയപ്പെടുന്ന സാമൂഹിക വിരുദ്ധ പ്രവര്‍ത്തന നിരോധനം (പാസ) അവിടെ അവതരിപ്പിക്കേണ്ടത് ആവശ്യമാണെന്ന് നിങ്ങള്‍ കരുതി. ആരെയും ഒരുവര്‍ഷത്തേക്ക് ജയിലില്‍ അടയ്ക്കാന്‍ ഇത് നിങ്ങളെ അധികാരപ്പെടുത്തുന്നു. ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍, ബ്രിട്ടീഷുകാര്‍ അവതരിപ്പിച്ച റൗലറ്റ് നിയമവുമായി പലവിധത്തില്‍ താരതമ്യപ്പെടുത്താവുന്ന നിങ്ങളുടെ പരിഷ്‌കാരങ്ങള്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുമെന്ന് നിങ്ങള്‍ക്കറിയാം. അതുകൊണ്ടാണ് നിങ്ങള്‍ ഗുണ്ടാനിയമത്തെക്കുറിച്ച് ചിന്തിച്ചത്. ഇത് നിങ്ങളുടെ ചിന്താഗതിയെ തുറന്നുകാട്ടിയെന്ന് പ്രത്യേകം പറയേണ്ടതില്ല.
നിങ്ങള്‍ ഗുജറാത്തിലെ ഒരു ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. നിങ്ങള്‍ ഗുജറാത്തിലെ ഒരു മുസ്‌ലിം കുടുംബത്തില്‍ ജനിച്ചിരുന്നെങ്കില്‍ മാംസം കഴിക്കുമായിരുന്നു. നിങ്ങളുടെ ഭക്ഷണശീലങ്ങള്‍ ദ്വീപുവാസികളില്‍ അടിച്ചേല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് എന്തവകാശമുണ്ട്? മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെപ്പോലെയുള്ള ഗോമാംസം ഭക്ഷിക്കുന്നവരെ നരേന്ദ്രമോദി കെട്ടിപ്പിടിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ? പശ്ചിമേഷ്യയില്‍ നിന്നുമുള്ള ഗോമാംസം ഭക്ഷിക്കുന്നവരോട് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ? പിന്നെ, നിങ്ങളുടെ ഭക്ഷണരീതി ലക്ഷദ്വീപിലെ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?
സ്‌കൂളുകളില്‍ വിളമ്പുന്ന ഉച്ചഭക്ഷണത്തില്‍ നിങ്ങള്‍ മാംസം നിരോധിച്ചു. ഗുജറാത്തിലെ മൃഗശാലകളില്‍ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും ചിക്കന്‍ മാത്രം വിളമ്പാനുള്ള തീരുമാനം പോലെ തന്നെ ഇത് വളരെ രസകരമാണ്. ഗോമാംസം ധാരാളമായി ലഭ്യമാവുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലാണ്. പശുവിന്റെ പേരില്‍, നിങ്ങള്‍ എല്ലാ ഗോക്കളുടെയും മാംസം നിരോധിച്ചിരിക്കുന്നു. ദ്വീപ് നിവാസികള്‍ ധോക്‌ല മാത്രം കഴിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? പ്രോട്ടീന്റെ വിലകുറഞ്ഞ ഉറവിടമാണ് ഗോമാംസം. നിങ്ങളുടെ നേതാവ് തന്റെ ഗോതമ്പ് നിറം നിലനിര്‍ത്താന്‍ ഉപയോഗിക്കുന്നുവെന്ന് പറയുന്ന ഇറക്കുമതി ചെയ്യുന്ന വിലയേറിയ ഒരുതരം കൂണ്‍ കഴിച്ച് ജീവിക്കാന്‍ അവര്‍ക്കാവില്ല.
മിസ്റ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍, ഒന്നറിയുക, നിങ്ങള്‍ മേയുന്നത് മോദിയുടെ കാരുണ്യത്തിലാണ്. നിങ്ങള്‍ ഒരു ബാധ്യതയാണെന്ന് തോന്നുന്ന നിമിഷം അയാള്‍ നിങ്ങളെ പുറത്താക്കും. ഒരു മുന്‍ എംപി മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ ഉപേക്ഷിച്ച ആത്മഹത്യാക്കുറിപ്പില്‍ നിങ്ങളുടെ പേരുണ്ട്. ആരോപണം ശരിയാണോ തെറ്റാണോ എന്ന് അറിയില്ല. പക്ഷേ, നിങ്ങള്‍ തീര്‍ച്ചയായും പോലിസിന്റെ ചോദ്യം ചെയ്യലിന് വിധേയനാവും. നിങ്ങള്‍ക്ക് വികസനത്തെക്കുറിച്ച് ചില 'മികച്ച ആശയങ്ങള്‍' ഉണ്ട്. നിങ്ങള്‍ തയ്യാറാക്കിയതായി ആരോപിക്കപ്പെടുന്ന 'മാസ്റ്റര്‍പ്ലാന്‍' പ്രകാരം, നിങ്ങള്‍ ലക്ഷദ്വീപിന് ഒരു മെട്രോ, ആറ് വരി ഹൈവേ, വിമാനത്താവളം ഒക്കെ വാഗ്ദത്തം ചെയ്യുന്നു. വെറും 32 കിലോമീറ്ററിനുള്ളിലാണതെന്നോര്‍ക്കണം. നിങ്ങളുടെ പ്ലാന്‍ 'കട്ട് ആന്റ് പേസ്റ്റ്' ആണ്, പക്ഷേ അത് ലക്ഷദ്വീപിന് നിരക്കുന്നതല്ല.
ലക്ഷദ്വീപിന്റെ ആകര്‍ഷണം അതിന്റെ പ്രകൃതി സൗന്ദര്യമാണ്. അതിമനോഹരമായ ബീച്ചുകള്‍, ആശ്വാസകരമായ സൂര്യോദയവും സൂര്യാസ്തമയവും, സസ്യ, മല്‍സ്യജാലങ്ങളും. ലക്ഷദ്വീപിലേക്ക് പോകുന്ന വിനോദസഞ്ചാരികള്‍ മക്‌ഡൊണാള്‍ഡ് ബര്‍ഗറും കെന്റക്കി ഫ്രൈഡ് ചിക്കനും വിളമ്പുന്ന മാളുകള്‍കൊണ്ട് മടുത്തവരാണ്. തേങ്ങാപ്പാലില്‍ വേവിച്ച മല്‍സ്യം, അരിപ്പൊടി കൊണ്ടുണ്ടാക്കിയ ഇടിയപ്പം, മരച്ചീനിയും കാച്ചിലും, സങ്കല്‍പ്പിക്കാനാവാത്ത വ്യത്യസ്തമായ മല്‍സ്യവിഭവങ്ങള്‍, എയര്‍ കണ്ടീഷന്‍ഡ് റെസ്‌റ്റോറന്റിനുള്ളിലുള്ളതിനേക്കാള്‍ കടല്‍ത്തീരത്ത് കുടക്കീഴില്‍ ഇരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അതാണ് ലക്ഷദ്വീപിന്റെ ആകര്‍ഷണം.
അഞ്ചുവര്‍ഷം മുമ്പ് റിലീസ് ചെയ്ത മലയാള സിനിമ 'അനാര്‍ക്കലി' നിങ്ങള്‍ കാണണം. അതെ, നിങ്ങലുടെ പുതിയ ശത്രു, പൃഥ്വിരാജ് നാകനായ സിനിമ. റോഡുകളുടെ ഇരുവശത്തും ആളുകള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് ആ സിനിമയില്‍ കാണിക്കുന്നുണ്ട്. അവ വിശാലമാക്കുകയാണെങ്കില്‍, അത് പല കുടുംബങ്ങളെയും മേല്‍ക്കൂരയില്ലാത്തവരാക്കും. നിങ്ങള്‍ അതിനെ വികസനം എന്ന് വിളിക്കുന്നു. വികസനത്തിന്റെ പേരില്‍ ദാദ്രയിലെ തദ്ദേശവാസികളോട് അവരുടെ സ്ഥലം വിട്ടുനല്‍കാന്‍ നിങ്ങള്‍ നേരത്തേ ഉത്തരവിട്ടിരുന്നതായി മനസ്സിലാക്കുന്നു. ഇപ്പോള്‍ നേപ്പാളിലെ ഒരു കോടീശ്വരന്‍ ബിസിനസുകാരന്‍, ഒരു രാത്രിയ്ക്ക് 100 ഡോളര്‍ വാടക ഈടാക്കുന്ന കൂടാരങ്ങള്‍ നിര്‍മ്മിച്ച് അവിടം സ്വന്തമാക്കിയത് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ അതിനെ പുരോഗതിയെന്നാണ് വിളിക്കുന്നത്.
'അനാര്‍ക്കലി' എന്ന സിനിമയെക്കുറിച്ച് ഇവിടെ പരാമര്‍ശിച്ചു. അടിയന്തര ബൈപാസ് ശസ്ത്രക്രിയ ആവശ്യമുള്ള ഒരു രോഗിയെ ദ്വീപില്‍നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുന്ന വെല്ലുവിളിയും സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നു. നിര്‍ധനരായ രോഗിക്ക് അടിയന്തര ഘട്ടത്തില്‍ നേരത്തേ അവിടെ ഒരു ഹെലികോപ്റ്റര്‍ മിക്കവാറും ലഭ്യമായിരുന്നു. നിങ്ങളുടെ വലിയ വിവേകത്തില്‍ അക്കാര്യത്തിന് ഇപ്പോള്‍ ഒരു നാലംഗ സമിതിയെ നിയോഗിച്ചു. ആത്യന്തികമായി ഒരു രോഗിക്ക് ഹെലികോപ്റ്റര്‍ ലഭ്യമാക്കണമോ എന്ന് സമിതി തീരുമാനിക്കും. രോഗിയുടെ അവസ്ഥ അവര്‍ എങ്ങനെ നിര്‍ണയിക്കും? മെഡിക്കല്‍ റിപോര്‍ട്ടുകള്‍ 'സൂമി'ല്‍ കാണാന്‍ നാല് അംഗങ്ങളെ ചുമതലപ്പെടുത്തുന്നു. അതിന് ലക്ഷദ്വീപില്‍ മതിയായ ഇന്റര്‍നെറ്റ് സൗകര്യമുണ്ടോ? സമിതി തീരുമാനത്തിലെത്തുമ്പോഴേക്കും, നമ്മളെല്ലാം അന്തിമമായി എത്തിച്ചേരേണ്ട സ്ഥലത്ത് രോഗി എത്തിയിരിക്കും.
നിങ്ങളുടെ തീരുമാനങ്ങളെ മുഹമ്മദ് ബിന്‍ തുഗ്ലക്ക് എടുത്ത തീരുമാനങ്ങളുമായി താരതമ്യം ചെയ്താല്‍ നമ്മള്‍ ചരിത്രത്തോട് വലിയ അപരാധമാവും പ്രവര്‍ത്തിക്കുന്നത്. അതെ, തലസ്ഥാനം മാറ്റുന്നത് പോലുള്ള പല തീരുമാനങ്ങളും അദ്ദേഹം എടുത്തിരുന്നു. എന്നാല്‍, അദ്ദേഹം ഒരു ബഹുഭാഷാ പണ്ഡിതനും കലാകാരനും തത്വചിന്തകനും സര്‍വോപരി മനുഷ്യസ്‌നേഹിയുമായിരുന്നു. ഗണിതം, ജ്യോതിശാസ്ത്രം, കാലിഗ്രാഫി, സംസ്‌കൃതം, വൈദ്യം എന്നിവയില്‍ അദ്ദേഹം ജ്ഞാനിയായിരുന്നു.
ലക്ഷദ്വീപില്‍ ധാരാളം തൊഴിലവസരങ്ങളില്ല. ഒരു സര്‍ക്കാര്‍ ജോലി, അല്ലെങ്കില്‍ കപ്പല്‍ ജോലി ആത്യന്തികമായി കണക്കാക്കപ്പെടുന്നു. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും കാര്യക്ഷമതയും കഠിനാധ്വാനികളുമണെന്ന് അവകാശപ്പെടുന്നില്ല. അലസരായ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഉള്ളതുപോലെ സര്‍ക്കാര്‍ ജീവനക്കാരില്‍ ചില മടിയന്‍മാരുമുണ്ട്. അത്തരം എല്ലാ ജീവനക്കാരുടെയും പ്രവര്‍ത്തനം നിരീക്ഷിക്കുന്ന ഒരു ദീര്‍ഘകാല നയം ആവിഷ്‌കരിക്കുന്നതില്‍ ഒരു ദോഷവുമില്ല. അവരിലെ കാര്യക്ഷമത പ്രോല്‍സാഹിപ്പിക്കുകയും അലസത തടയുകയും വേണം. എന്നാല്‍, അവരെ പൊതുവായി വിലയിരുത്തി താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് ശരിയല്ല. ദുഷ്ടന്മാരുടെ കയ്യിലുള്ള അധികാരശക്തി അപകടകരമാണ്! ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് ഒരു ഭരണാധികാരിയുടെ പ്രാഥമിക ജോലി.
വികസനമാണല്ലോ നിങ്ങളുടെ ന്യായീകരണം. കേരളത്തിലെ കോവളത്ത് 60കളില്‍ യൂറോപ്യന്‍ ഹിപ്പികള്‍ കണ്ടെത്തിയ ആവാടുതുറ എങ്ങനെ ഇന്നത്തെ ഹവ്വാബീച്ചായി മാറിയെന്ന, ടി ജി ജേക്കബിന്റെ ഒരു പഠനമുണ്ട്. തദ്ദേശീയരുടെ തേങ്ങ, കയര്‍, കരിങ്കല്ലുടയ്ക്കല്‍, മല്‍സ്യമേഖലകളിലെ തൊഴില്‍ ഘടന തകര്‍ത്ത് അന്താരാഷ്ട്ര മയക്കുമരുന്ന് ലോബികളുടെയും സെക്‌സ് ടൂറിസത്തിന്റെയും പിടിയലമര്‍ന്ന അത്തരം വികസനം നിങ്ങള്‍ ദയവായി ലക്ഷദ്വീപില്‍ ഇറക്കുമതി ചെയ്യരുത്. മിനിക്കോയിയിലെ പര്‍ദ്ദസമാനമായ അവരുടെ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രവിശേഷത്തിന്മേല്‍ ദയവായി കൈവെയ്ക്കരുത്. അവരെ ബിക്കിനി ടൂറിസത്തിനായി നിര്‍ബന്ധിക്കരുത്.
ലക്ഷദ്വീപ് ഭരിക്കാന്‍ ജവഹര്‍ലാല്‍ നെഹ്രു തിരഞ്ഞെടുത്ത മൂര്‍ക്കോത്ത് രാമുണ്ണിയെപ്പോലെയുള്ള പ്രതിഭാശാലികളായ അഡ്മിനിസ്‌ട്രേറ്റര്‍മാരും നിങ്ങളുടെ പൂര്‍വസൂരികളായി ദ്വീപിലുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത വൈമാനികായിരുന്നു അദ്ദേഹം. അഡ്മിനിസ്‌ട്രേറ്ററായിരിക്കെ അദ്ദേഹം ദ്വീപുകളിലെ കടലോരങ്ങളില്‍ പണികഴിപ്പിച്ച മനോഹരമായ ഡാക് ബംഗ്ലാവുകളാണ് ഇന്നും ദ്വീപിലെത്തുന്ന ടൂറിസ്റ്റുകളുടെ ആകര്‍ഷണം. നിങ്ങള്‍ക്ക് ദ്വീപുകാരെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍, കുറഞ്ഞത് അവരെ പ്ലീസ്, ഉപദ്രവിക്കരുത്.