പുതുവര്‍ഷത്തില്‍ സമാധാനം ആശിച്ച് ലോകം

കെഎച്ച് നാസര്‍

Update: 2024-01-03 05:39 GMT
പുതുവര്‍ഷത്തില്‍ സമാധാനം ആശിച്ച് ലോകം

2024ല്‍ ലോകം സമാധാനത്തിലേക്ക് കാലെടുത്തു വയ്ക്കുമോ?. ലോകമാസകലമുള്ള മനുഷ്യസ്‌നേഹികളുടെ മനസ്സിലുയരുന്ന ചോദ്യമാണിത്. പിന്നിട്ട വര്‍ഷം ഒക്ടോബര്‍ 7ന് ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് ഇസ്രായേലിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തിയ മിന്നലാക്രമണത്തിന് പ്രതികാരമെന്നോണം മൂന്നു മാസത്തോളമായി ഗസയില്‍ സയണിസ്റ്റ് അധിനിവേശ സൈന്യം തുടരുന്ന തുല്യതയില്ലാത്ത കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിലാണ് ഈ ചോദ്യം. യുദ്ധത്തിന്റെയും സമാധാനത്തിന്റെയും ദ്വന്ദ്വമാനങ്ങളെ ഇന്ന് അടയാളപ്പെടുത്തുന്നത് സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ട് ശത്രുരാജ്യങ്ങള്‍ മാത്രമല്ല. ഒട്ടേറെ താല്‍പ്പര്യങ്ങളും സങ്കീര്‍ണതകളും ഈ യുദ്ധങ്ങളെ അവ നടക്കുന്ന നാടുകളുടെ അതിരുകള്‍ക്കപ്പുറത്തേക്ക് വലിച്ചുനീട്ടി കൊണ്ടുപോവുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. റഷ്യ-യുക്രയ്ന്‍ യുദ്ധത്തിലുംഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിലും ഇതു നമുക്കു കാണാന്‍ കഴിയും. ഏതൊരു യുദ്ധവുമിന്ന് പരസ്പരം പോരടിക്കുന്ന ശത്രുക്കളുടെയും ഗാലറിയിലിരുന്നു കളികാണുന്നവരുടെയും മാത്രമല്ല, ഇറങ്ങിക്കളിക്കുന്നവരുടേതു കൂടിയാണ്.

ഇറാഖിന്റെ കുവൈത്ത് അധിനിവേശവും തുടര്‍ സംഭവ വികാസങ്ങളും പശ്ചിമേഷ്യയെ കുറച്ചൊന്നുമല്ല ഉലച്ചത്. പിന്നീട് ഇറാഖിനെ തകര്‍ക്കാനുള്ള അമേരിക്കന്‍ ഇടപെടലുകളുടെ ചരിത്രം നമുക്കറിയാം. ഇസ്രായേല്‍ സ്ഥാപിതമായതോടെ അറബ് മണ്ണ് സ്വസ്ഥമായി ഉറങ്ങിയിട്ടില്ല. എണ്ണ പ്രകൃതിവാതക ശേഖരം അറേബ്യന്‍ ഗള്‍ഫിനെ സാമ്രാജ്യത്വക്കഴുകന്മാരുടെ ആകര്‍ഷണ കേന്ദ്രമായി നിലനിര്‍ത്തി. അറബ് രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങളും അമേരിക്കന്‍ സൈനികത്താവളങ്ങളുടെ സാന്നിധ്യവും മൂലം പശ്ചിമേഷ്യയുടെ അന്തരീക്ഷം അശാന്തിയുടെ കാര്‍മേഘപടലങ്ങളാല്‍ എന്നും ആവൃതമായിരുന്നു. റഷ്യ-യുക്രയ്ന്‍ യുദ്ധത്തിന്റെ അലയൊലികള്‍ ഒടുങ്ങും മുമ്പു തന്നെ ഗസയില്‍ ഇസ്രായേലിന്റെ വംശഹത്യ യുദ്ധം ഭീകര രൂപം കൈക്കൊണ്ട് രൂക്ഷമായി. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമല്ല, ഏകപക്ഷീയമായ വംശീയ ഉന്മൂലനമാണ് യഥാര്‍ഥത്തില്‍ ഗസയില്‍ നടക്കുന്നത്. ജനീവ കണ്‍വന്‍ഷന്‍ ഉടമ്പടികളും അന്താരാഷ്ട്ര യുദ്ധനിയമങ്ങളും ഐക്യരാഷ്ട്ര സഭയുടെ വിലക്കുകളും നഗ്‌നമായി ലംഘിച്ചും ലോകരാഷ്ട്രങ്ങളുടെ വെടിനിര്‍ത്തലിനുള്ള അഭ്യര്‍ഥനകളെ തള്ളിക്കളഞ്ഞും ഗസയെ മരണമുനമ്പാക്കി മാറ്റിയിരിക്കുകയാണ് ഇസ്രായേല്‍. വ്യോമാക്രമണത്തിലൂടെ ഫലസ്തീന്‍ ജനതയിലെ ആബാലവൃദ്ധത്തെ കൊന്നൊടുക്കുകയും ഗസയെ തവിടുപൊടിയാക്കുകയുമാണ് അധിനിവേശ സൈന്യം ചെയ്തത്. അതിനു പുറമെ കുടിവെള്ളവും ഭക്ഷണവും മരുന്നും തടഞ്ഞുകൊണ്ട് 20 ലക്ഷത്തിലധികം വരുന്ന ഗസന്‍ ജനതയെ കൊല്ലാക്കൊല ചെയ്യുകയാണ് ഇസ്രായേല്‍. കരയും കടലും ആകാശവും ഉപരോധിച്ചും സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞും ആക്രമണത്തില്‍നിന്ന് രക്ഷതേടി പലായനം ചെയ്യുന്ന ജനക്കൂട്ടത്തെ കൊന്നുതള്ളിയും തങ്ങളുടെ ക്രൂരത അന്തമില്ലാതെ തുടരുകയാണ് സയണിസ്റ്റ് സൈന്യം.

ഹമാസിന്റെ തടവിലെ ബന്ദികളെ മോചിപ്പിക്കുകയും ഹമാസിനെ നിലംപരിശാക്കുകയും ചെയ്യുകയെന്നതാണ് യുദ്ധത്തിന്റെ ലക്ഷ്യമായി ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നത്. പക്ഷേ, ഇതു രണ്ടും നേടുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടു. മാത്രമല്ല, ഹമാസുമായുള്ള കരയുദ്ധം കടുപ്പമേറിയതാണെന്ന് അധിനിവേശ സേനയ്ക്ക് മനസ്സിലാവുകയും ചെയ്തു. ഹമാസിന്റെ പ്രതിരോധത്തിനും യുദ്ധതന്ത്രങ്ങള്‍ക്കും മുന്നില്‍ പതറിനില്‍ക്കുകയാണ് ലോകത്തെ വിറപ്പിക്കാന്‍ ശേഷിയുണ്ടെന്ന് വീരവാദം മുഴക്കിയ സയണിസ്റ്റ് പട്ടാളം. ലോകരാജ്യങ്ങളുടെ എതിര്‍പ്പും ഇസ്രായേലിലെ തന്നെ ജൂത സമൂഹത്തിന്റെ രോഷവും സൈന്യത്തിനുണ്ടാവുന്ന ആള്‍നാശവും ബന്ദികളുടെയും മരണമടഞ്ഞവരും മുറിവേറ്റവരുമായ സൈനികരുടെ ബന്ധുക്കളുടെയും അമര്‍ഷവും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കൂടുതല്‍ ഒറ്റപ്പെടുത്തിയിരിക്കുന്നു. പുതുവര്‍ഷത്തലേന്നും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടും ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ലോകത്ത് പല രാജ്യങ്ങളിലെയും ജനം തെരുവിലിറങ്ങി. ശക്തമായ പിന്തുണയുമായി ഒപ്പം നിന്ന അമേരിക്കയില്‍ പ്രസിഡന്റ് ജോ ബൈഡന്റെ ജനപ്രീതി കുറഞ്ഞുവരുന്നതിന് ഒരു കാരണം ഇസ്രായേലിന്റെ വംശഹത്യയ്ക്ക് കൂട്ടുനില്‍ക്കുന്നതാണ്. ഇതില്‍നിന്നെല്ലാം മനസ്സിലാക്കാവുന്ന ഒരു പ്രധാന വസ്തുത ലോകരാഷ്ട്രീയത്തിന്റെ കേന്ദ്ര ശ്രദ്ധയായി ഗസ മാറിയെന്നതും ഫലസ്തീന്‍ പ്രശ്‌നത്തിന് എന്നത്തേക്കാളുമധികം ആഗോള പിന്തുണ ലഭിച്ചുവെന്നതുമാണ്.

യുദ്ധത്തിന്റെ 87 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പുറത്തുവരുന്ന അത്യാഹിതങ്ങളുടെ കണക്കുകള്‍ കരള്‍ പൊള്ളിക്കുന്നതാണ്. ഇസ്രായേല്‍ നടത്തിയ 1,838 കൂട്ടക്കുരുതികളിലായി 21,978 ഫലസ്തീനികള്‍ പിറന്ന നാടിന്റെ മോചനത്തിനായി രക്തസാക്ഷികളായി. ഇവരില്‍ 9,280 പേര്‍ കുട്ടികളും 6,600 പേര്‍ സ്ത്രീകളുമാണ്. 7,000 പേരെയാണ് കാണാതായത്. അതില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളും. 56697 പേര്‍ക്ക് പരിക്കേറ്റു. 326 ആരോഗ്യ പ്രവര്‍ത്തകരും 106 മാധ്യമ പ്രവര്‍ത്തകരും 40 സിവില്‍ ഡിഫന്‍സ് സേവകരും ഗസയില്‍ കൊല്ലപ്പെട്ടു. 10,000 കാന്‍സര്‍ രോഗികള്‍ ചികില്‍സ കിട്ടാതെ മരണത്തിന്റെ വക്കിലാണ്. 1.9 ദശലക്ഷം പേര്‍ ഗസ ചീന്തില്‍ വാസസ്ഥലങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ടു. മൂന്നര ലക്ഷം ഗസക്കാര്‍ രോഗത്തിന്റെ പിടിയിലമര്‍ന്നു. 130 ഗവണ്മെന്റ് മന്ദിരങ്ങള്‍ നശിപ്പിക്കപ്പെട്ടു. 93 സ്‌കൂള്‍, സര്‍വകലാശാല കെട്ടിടങ്ങള്‍ പൂര്‍ണമായും 292 എണ്ണം ഭാഗികമായും തകര്‍ത്തു. 120 മുസ്‌ലിം പള്ളികള്‍ പൂര്‍ണമായും 212 എണ്ണം ഭാഗികമായും നശിപ്പിച്ചു. മൂന്ന് ക്രിസ്ത്യന്‍ ചര്‍ച്ചുകളാണ് നശിപ്പിക്കപ്പെട്ടത്. 65,000 ജനവാസ മന്ദിരങ്ങള്‍ പൂര്‍ണമായും 2,92,000 എണ്ണം ഭാഗികമായും നാശത്തിനു വിധേയമായി. 30 ആശുപത്രികളും 53 ആരോഗ്യകേന്ദ്രങ്ങള്‍ പൂര്‍ണമായും 150 എണ്ണം ഭാഗികമായും തകര്‍ക്കപ്പെട്ടു. 104 ആംബുലന്‍സുകളാണ് നശിപ്പിക്കപ്പെട്ടത്. 200 പുരാവസ്തു/പൈതൃക കേന്ദ്രങ്ങള്‍ തകര്‍ച്ച നേരിട്ടു. 65000 ടണ്‍ സ്‌ഫോടക വസ്തുക്കളാണ് സയണിസ്റ്റ് പട്ടാളം ഗസയുടെ മണ്ണില്‍ വിതറിയത്. മനുഷ്യജീവന്റെയും മറ്റുള്ളവയുടെയും കനത്ത നാശത്തിന്റെ കരളലിയിക്കുന്ന കണക്കാണ് ഇവിടെ നിരത്തിയത്. അരനൂറ്റാണ്ടിനിടയില്‍ മറ്റൊരു ജനതയ്ക്കും ഇത്ര ഭീകരമായ ഒരു കെടുതിയെ നേരിടേണ്ടി വന്നിട്ടുണ്ടാവില്ല.

ഗസന്‍ ജനതയ്ക്കും ഹമാസിനും മുന്നില്‍ തങ്ങളുടെ മണ്ണിനുവേണ്ടി പൊരുതുകയല്ലാതെ മറ്റു വഴികളില്ല. ലക്ഷ്യം നേടുന്നതിനെക്കുറിച്ച് വിദൂര പ്രതീക്ഷ പോലും ഇല്ലാതിരുന്നിട്ടും യുദ്ധം തുടരുമെന്നു തന്നെയാണ് ഇസ്രായേല്‍ പറയുന്നത്. ഇതു യുദ്ധമല്ല, ഏകപക്ഷീയമായ വംശീയ ഉന്മൂലനമാണ്. സയണിസ്റ്റ് സൈന്യവും അവരെ സഹായിക്കുന്ന കൂലിപ്പട്ടാളവും ചേര്‍ന്ന് നിസ്സഹായരായ ഒരു ജനതയ്ക്കുമേല്‍ നടത്തുന്ന കൂട്ടക്കൊലയാണിത്. ഹിസ്ബുല്ലയും ഇറാനും യമനിലെ ഹൂഥികളുമെല്ലാം പൂര്‍ണമായല്ലെങ്കിലും യുദ്ധമുഖത്തു സാന്നിധ്യമറിയിച്ചു കഴിഞ്ഞു. തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയതു പോലെ അതിരുകള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്ന സംഘര്‍ഷമായി ഇതു മാറിയാല്‍ സമാധാനം ഒരു അതിവിദൂര സ്വപ്നമായി തുടരും. അങ്ങനെ സംഭവിക്കാനല്ല ലോകം ആശിക്കുന്നത് എന്നതു മാത്രമാണ് നേരിയ പ്രത്യാശയുടെ സ്ഫുരണമായുള്ളത്.

Tags:    

Similar News