നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച സംസ്ഥാനങ്ങളിലൂടെ

Update: 2022-03-12 15:47 GMT
നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച സംസ്ഥാനങ്ങളിലൂടെ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പഴക്കമേറിയ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കുറേ കാലമായി തകര്‍ച്ചയുടെ വക്കിലായിരുന്ന ആ പാര്‍ട്ടി ഇത്തവണത്തെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ തിരിച്ചെത്തുകയോ പോയ പ്രതാപം തിരിച്ചുപിടിക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിനുള്ള ശ്രമങ്ങള്‍ കുറേയൊക്കെ നടത്തുകയും ചെയ്തു.

തിരഞ്ഞെടുപ്പ് രാവുകളില്‍ പാര്‍ട്ടി വിട്ടുപോകുന്ന നേതാക്കളും ജയിച്ചശേഷം രായ്ക്കുരാമാനം പാളയം വിടുന്ന എംഎല്‍എമാരുമാണ് കോണ്‍ഗ്രസ്സിന്റെ പേടിസ്വപ്നം. എന്തായാലും വലിയ തിരിച്ചടിയാണ് അവര്‍ക്ക് 2022 നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ടത്.

കോണ്‍ഗ്രസ്സിന്റെ നഷ്ടം പഞ്ചാബില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. മറ്റ് സംസ്ഥാനങ്ങളിലും പാര്‍ട്ടി കടുത്ത തകര്‍ച്ച നേരിട്ടു.

രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലൊന്നായ പഞ്ചാബില്‍ കോണ്‍ഗ്രസ്സിന് അധികാരം നഷ്ടമായി. പകരം ആ സ്ഥാനത്ത് എഎപി കയറി. 15 ശതമാനം വോട്ടാണ് ഇവിടെ കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടത്. ഇത്തവണ കോണ്‍ഗ്രസ്സിന് 23 ശതമാനം വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ ലഭിച്ചതിന്റെ 15 ശതമാനം കുറവ് വോട്ട്. രണ്ടാമത്തെ കക്ഷിയായിരുന്ന അകാലിദളിന് ഇത്തവണ ലഭിച്ചത് 20 ശതമാനം വോട്ട്. കഴിഞ്ഞ തവണത്തേക്കാള്‍ 6 ശതമാനം കുറവ്.

എഎപിക്ക് ഇവിടെ 19 ശതമാനം കൂടുതല്‍ വോട്ട് ലഭിച്ചു. 42 ശതമാനമാണ് അവര്‍ക്ക് ഇവിടെ ലഭിച്ചത്. ബിജെപിക്കും നേട്ടമുണ്ടായി. ഇത്തവണ 8 ശതമാനമാണ് അവര്‍ക്ക് കിട്ടിയ വോട്ട്, അതായത് 2017നേക്കാള്‍ 2 ശതമാനം വോട്ട് കൂടുതല്‍.

കോണ്‍ഗ്രസ്സും അകാലികളും മറ്റ് പാര്‍ട്ടികളും ചേര്‍ന്ന് 21 ശതമാനം വോട്ട് നഷ്ടമുണ്ടാക്കി. അതാണ് ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചത്. 

ഗോവയിലും കോണ്‍ഗ്രസ്സിന് വലിയ നഷ്ടമുണ്ടായി. ഇവിടെ 6 ശതമാനത്തിന്റെ വോട്ട് നഷ്ടമാണ് ഉണ്ടായത്. ഈ തിരഞ്ഞെടുപ്പില്‍ ആകെ ലഭിച്ചത് 26 ശതമാനം.

റെവല്യൂഷണറി ഗോവ പാര്‍ട്ടിക്കാണ് ഏറ്റവും വലിയ നേട്ടം ഉണ്ടാക്കാനായത്, 10 ശതമാനം വോട്ട് കൂടുതല്‍. ഇത്തവണ അവര്‍ക്ക് 10 ശതമാനം വോട്ടാണ് ലഭിച്ചത്. ഇക്കാര്യത്തില്‍ അവര്‍ എഎപി, തൃണമൂല്‍, കോണ്‍ഗ്രസ്, മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടി എന്നിവര്‍ക്ക് മുന്നിലായി. ബിജെപിക്ക് 34 ശതമാനം വോട്ട് ലഭിച്ചു. വര്‍ധന 2 ശതമാനം.

യുപി രാഷ്ട്രീയമായി ഇന്ത്യയിലെ ഏറ്റവും സുപ്രധാനമായ സംസ്ഥാനമാണ്. പ്രിയങ്കാ ഗാന്ധിയാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. വലിയ താരങ്ങളാണ് പ്രചാരണത്തിനെത്തിയത്.

പക്ഷേ, ഇതൊന്നും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. 403 സീറ്റില്‍ 2 സീറ്റാണ് ലഭിച്ചത്. ഇത്തവണ ലഭിച്ച ആകെ വോട്ട് 2.4 ശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 4 ശതമാനം കുറവ്. ബിഎസ്പിയുടെ തകര്‍ച്ചയും മോശമായിരുന്നില്ല. 9 ശതമാനം കുറവ് വോട്ട് മാത്രമേ ലഭിച്ചുള്ള, ആകെ ലഭിച്ചത് 13 ശതമാനം.

ഇക്കാര്യത്തില്‍ നേട്ടമുണ്ടാക്കിയത് സമാജ് വാദി പാര്‍ട്ടിയും ബിജെപിയും. സമാജ് വാദി പാര്‍ട്ടി 13 ശതമാനം വോട്ട് കൂടുതല്‍ നേടി, ബിജെപി 3 ശതമാനം വോട്ട് നേടി. സമാജ് വാദി പാര്‍ട്ടി നേടിയത് 37 ശതമാനം വോട്ട്, ബിജെപി നേടിയത് 44 ശതമാനം വോട്ട്.

സമാജ് വാദി പാര്‍ട്ടിയൊഴിച്ചുള്ള പാര്‍ട്ടികള്‍ക്കെല്ലാം ചേര്‍ന്ന് 16 ശതമാനം വോട്ട് നഷ്ടമുണ്ടായി. അതില്‍ 3 ശതമാനം ബിജെപിക്ക് പോയി, 13 ശതമാനം സമാജ് വാദിക്ക് പോയി.

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ്സ് വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നു. അധികാരത്തില്‍ തിരിച്ചെത്താമെന്നും കരുതി. പക്ഷേ, വോട്ട് വിഹിതം കൂടിയെങ്കിലും അത് സാധ്യമായില്ല. ഇത്തവണ കോണ്‍ഗ്രസ്സിന് 38 ശതമാനം വോട്ട് ലഭിച്ചു, 2017നേക്കാള്‍ 5 ശതമാനം കൂടതല്‍. എഎപിയ്ക്ക് ഇത്തവണ 3 ശതമാനം വോട്ട് ലഭിച്ചു. വര്‍ധന 3 ശതമാനം തന്നെ.

വോട്ടിന്റെ കാര്യത്തില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസ്സാണ്. ഇതില്‍ 2 ശതമാനം വോട്ട് മാത്രമാണ് ബിജെപിയില്‍നിന്ന് ലഭിച്ചത്. അതുകൊണ്ടുതന്നെ ബിജെപിയെ മറികടക്കാനായില്ല.

2017 തിരഞ്ഞെടുപ്പിനേക്കാള്‍ 2 ശതമാനം കുറവ് വോട്ടാണ് ബിജെപിക്ക് ഇത്തവണ ലഭിച്ചത്. ബിഎസ്പിക്കും 2 ശതമാനം വോട്ട് കുറഞ്ഞു. 2022 തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 45 ശതമാനവും ബിഎസ്പിക്ക് 5 ശതമാനവും വോട്ട് ലഭിച്ചു.

മണിപ്പൂരില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞുവെന്ന് പറയാം. 19 ശതമാനം വോട്ട് നഷ്ടപ്പെട്ടു. വോട്ട് വിഹിതം 17 ശതമാനം. എന്‍പിപി, ജെഡിയു, ബിജെപി എന്നിവര്‍ നല്ല നേട്ടമുണ്ടാക്കി. എന്‍പിപി 12 ശതമാനം കൂടുതല്‍ വോട്ട് നേടി. ജെഡിയു 11 ശതമാനവും ബിജെപി 2 ശതമാനവും കൂടുതല്‍ വോട്ട് നേടി.

ഇത്തവണ ജെഡിയുവിന് ലഭിച്ചത് 11 ശതമാനം വോട്ടാണ്, ബിജെപിക്ക് 38 ശതമാനവും വോട്ട് ലഭിച്ചു.

കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ട വോട്ട് ബിജെപിയല്ല, നേടിയത് മറ്റ് പാര്‍ട്ടികളാണ്. 12 ശതമാനം എന്‍പിപി, 11 ശതമാനം ജെഡിയു എന്നിങ്ങനെ.

Similar News