ഒരു പടികൂടി കടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായി മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ ചാടിവീണു. കേരളത്തില്‍ ആദ്യമായി നടക്കുന്ന ഒരു 'അക്രമമോ' അനിഷ്ട സംഭവമോ അല്ലിത്. ജനാധിപത്യപരമായ ഒരു പ്രതിഷേധം. അതിനെ ആ വിധത്തിലേ കാണേണ്ടതുള്ളൂ. അതു തടയാനും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ആവശ്യത്തിലേറെ പോലീസ് തെരുവിലുണ്ട്. അവരാണതു നോക്കേണ്ടത്. പകരം സന്നദ്ധ സേവകരുടെ വേഷം കെട്ടിയവര്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയല്ല വേണ്ടിയിരുന്നത്. പാര്‍ട്ടി ഗുണ്ടകളും ഡിവൈഎഫ്‌ഐക്കാരും ഹെല്‍മെറ്റും ചെടിച്ചട്ടികളും ഉപയോഗിച്ച് പ്രതിഷേധിച്ച ചെറുപ്പക്കാരുടെ തല തല്ലിച്ചതച്ചു. രംഗം പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനെ പരിക്കേല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നവകേരള സദസ്സിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വയ്ക്കുകയും ചെയ്തിരുന്നു.
ഇനിയാണ് അപഹാസ്യമായ രണ്ടാം എപ്പിസോഡ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെയുള്ള അക്രമങ്ങളെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞ മറുപടിയാണ് വിചിത്രം.
'അത് ജീവന്‍ രക്ഷാ പ്രവര്‍ത്തനമാണ്. ആ മാതൃക തുടരേണ്ടതുണ്ട് ' എന്നായിരുന്നു സ്വന്തം അണികളുടെ ഗുണ്ടാ പ്രവൃത്തിയെ ന്യായീകരിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടി. സംസ്ഥാന മുഖ്യമന്ത്രിയുടെ നിലവാരമോ പദവിയുടെ ഉത്തരവാദിത്തമോ അല്ല, പണ്ട് അണികളെ തല്ലാനും കൊല്ലാനും പറഞ്ഞു വിട്ടിരുന്ന ഉഗ്രപ്രതാപിയായ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ധാര്‍ഷ്ട്യവും ധിക്കാരവുമാണ് ആ വാക്കുകളില്‍ നിഴലിക്കുന്നത്. ഈ രീതിയും സമീപനവും ജനാധിപത്യത്തിനു ചേര്‍ന്നതല്ല. ഭരണത്തലവന്റെ അന്തസ്സിനു നിരക്കുന്നതുമല്ല. വെല്ലുവിളികളും ഭീഷണികളും ഉയര്‍ത്തി മുന്നോട്ടു നീങ്ങുന്ന മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും ഈ പടപ്പുറപ്പാട് നവകേരളത്തെയാണോ പഴയ കാലത്തെ ചക്രവര്‍ത്തിമാരുടെ മൃഗയാവിനോദങ്ങളെ അനുസ്മരിപ്പിക്കുന്ന നാടുവാഴിത്ത കേരളത്തെയാണോ പ്രതിനിധാനം ചെയ്യുന്നത്. വിവേകമുള്ളവര്‍ വിലയിരുത്തും, തിരുത്തും. അവിവേകികള്‍ അതിരുവിട്ടും അക്രമം തുടരും. കേരളത്തെ ദൈവം രക്ഷിക്കട്ടെ.