'ഹിന്ദുത്വ'യെ ചെറുക്കാന്‍ ഇടതു മതേതര ബദല്‍ പോരാ

Update: 2017-04-29 03:14 GMT
 

ഹിന്ദുത്വ വര്‍ഗീയ ഫാഷിസത്തെ എതിര്‍ക്കാന്‍ ദേശീയതലത്തില്‍ മതേതരശക്തികളുടെ സഖ്യം ആവശ്യമാണെന്നാണ് സിപിഐ നിലപാട്. കോണ്‍ഗ്രസ്സും സഖ്യത്തിലുണ്ടാവണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്നു. എന്നാല്‍, സിപിഎമ്മിന് ഈ നിലപാടിനോട് വിയോജിപ്പാണുള്ളത്. ഇടതു മതേതരശക്തികളുടെ ഐക്യം മാത്രം മതിയെന്നാണ് സിപിഎം സമീപനം. അതുകൊണ്ടാണ് പശ്ചിമബംഗാളില്‍ സീതാറാം യെച്ചൂരിയെ സ്ഥാനാര്‍ഥിയാക്കി രാജ്യസഭയിലേക്കു മല്‍സരിപ്പിച്ച് ജയിപ്പിക്കുന്നതിന് രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്ത പിന്തുണ വേണ്ടെന്ന് സിപിഎമ്മില്‍ ഒരു പ്രബല വിഭാഗം പറഞ്ഞത്. കേരളത്തിലെ സിപിഎമ്മുകാര്‍ക്കും കോണ്‍ഗ്രസ്സിനോട് തൊട്ടുകൂടായ്മയുണ്ട്. സിപിഎമ്മിന്റെ ഈ കോണ്‍ഗ്രസ് വിരോധമാണ് സിപിഐയും സിപിഎമ്മും തമ്മിലുള്ള വിയോജിപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നം. ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ അയിത്തം കല്‍പിച്ച് അകറ്റിനിര്‍ത്തേണ്ട പാര്‍ട്ടിയാണോ കോണ്‍ഗ്രസ്? കുടുംബവാഴ്ചയും ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലായ്മയും തമ്മില്‍ത്തല്ലും മൃദുഹിന്ദുത്വവുമൊക്കെ കോണ്‍ഗ്രസ്സിന്റെ മുഖമുദ്രകളാണെന്നത് സമ്മതിക്കുമ്പോള്‍ തന്നെയും രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് വഹിച്ച പങ്ക് എഴുതിത്തള്ളിക്കൂടാത്തതാണ്. ഇപ്പോഴും പാര്‍ട്ടിക്കകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ളത് മതേതര ലിബറല്‍ മൂല്യങ്ങള്‍ കൈവിടാതിരിക്കുന്ന നെഹ്‌റു കുടുംബത്തിന്റെ പിന്മുറക്കാരായ സോണിയക്കും രാഹുലിനും തന്നെയാണ്. ഹിന്ദുത്വ ഫാഷിസത്തെ ചെറുത്തുനില്‍ക്കുന്നതില്‍ കോണ്‍ഗ്രസ്സിന് വഹിക്കാന്‍ കഴിയുന്ന പങ്ക് ഒട്ടും അപ്രധാനമല്ല. എന്നു മാത്രമല്ല, അടുത്തകാലത്ത് നടന്ന പല തിരഞ്ഞെടുപ്പുകളിലും അതിദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയശക്തി എന്ന നിലയില്‍ പാര്‍ട്ടി അപ്രസക്തമായിട്ടില്ല. ഒരു ഉയിര്‍ത്തെഴുന്നേല്‍പ് കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം അസാധ്യവുമല്ല. പ്രസ്തുത ഉയിര്‍ത്തെഴുന്നേല്‍പിനെയാണ് ബിജെപി ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്. അതുകൊണ്ടാണ് കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന ആശയം ഹിന്ദുത്വ രാഷ്ട്രീയം സദാ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ് ഇല്ലാതായാല്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിക്കിട്ടും എന്നു ചുരുക്കം. ബിജെപിയുടെ കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന ആശയം പോലെ തന്നെ സിപിഎമ്മിന്റെ കോണ്‍ഗ്രസ് വിമുക്ത മതേതര ബദല്‍ എന്ന സിദ്ധാന്തവും അപകടകരമാണ്. കോണ്‍ഗ്രസ്സിനെ ഒഴിവാക്കിക്കൊണ്ടുള്ള ഇടതു ബദല്‍ വട്ടപ്പൂജ്യമാണെന്ന് ഏറ്റവുമൊടുവില്‍ ഡല്‍ഹി കോര്‍പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പു പോലും തെളിയിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിലവിലുള്ള കോണ്‍ഗ്രസ് വിരോധമല്ല ദേശീയതലത്തില്‍ നയങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ സിപിഎം മാനദണ്ഡമാക്കേണ്ടത്. അടിയന്തരാവസ്ഥയുടെയും പഴയ സിപിഐ-കോണ്‍ഗ്രസ് ബാന്ധവത്തിന്റെയുമൊക്കെ കഥകള്‍ അയവിറക്കി ഫാഷിസത്തിനെതിരായുള്ള പോരാട്ടത്തെ നേരിടുന്ന യത്‌നത്തില്‍ വിള്ളലുണ്ടാക്കുകയല്ല സിപിഎം ഇപ്പോള്‍ ചെയ്യേണ്ടത്.

Similar News