ഇന്ന് പ്രാദേശിക സമയം 10 മണി മുതല്‍ ഗസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന പ്രഖ്യാപനം വന്നപ്പോള്‍ ലോകം ഒന്നാകെ ആശ്വസിച്ചു. കുട്ടികളും സ്ത്രീകളും അടക്കമുള്ള സിവിലിയന്മാരുടെ കൂട്ടക്കുരുതിക്ക് നാലു ദിവസത്തെ ഇടവേളയെങ്കിലും ഉണ്ടാവുമല്ലോ എന്നതായിരുന്നു ഈ ആശ്വാസത്തിന് അടിസ്ഥാനം. 47 ദിവസം നീണ്ടുനിന്ന അവിരാമമായ അക്രമങ്ങള്‍ക്കൊടുവില്‍ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥ ചര്‍ച്ചകളുടെ പര്യവസാനമായിട്ടാണ് താല്‍ക്കാലിക വിരാമം ധാരണയായത്. നിശ്ചിത എണ്ണം ബന്ദികളുടെ പരസ്പര കൈമാറ്റവും സഞ്ചാര സ്വാതന്ത്ര്യവും ഇസ്രായേലിന്റെ നിരീക്ഷണ വിമാനങ്ങള്‍ അടക്കം ഗസയുടെ ആകാശത്ത് പറക്കുകയില്ലെന്നതും ഇന്ധനവും മാനുഷിക സഹായങ്ങളും ഫലസ്തീന് ലഭ്യമാവുമെന്നതും ഒക്കെയാണ് വെടിനിര്‍ത്തല്‍ കരാറിലെ പ്രധാന ധാരണകളായി വാര്‍ത്തകളില്‍നിന്ന് മനസ്സിലായത്. എന്നാല്‍, ഇന്ന് ഈ വരികള്‍ കുറിക്കുന്നതു വരെ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായിട്ടില്ല. വെള്ളി മുതല്‍ക്കേ വെടിനിര്‍ത്തല്‍ നിലവില്‍ വരൂ എന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിട്ടുണ്ടത്രേ! ഇന്നലെ രാത്രിയിലും ഇന്നും ഗസയിലും വെസ്റ്റ് ബാങ്കിലുമൊക്കെ ബോംബിങും അറസ്റ്റും മറ്റും തുടര്‍ന്നുകൊണ്ടിരിക്കുന്നതായ റിപോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഇന്നു തന്നെ പത്തോളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും കേള്‍ക്കുന്നു. മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടികയെ കുറിച്ച തര്‍ക്കമാണ് വെടിനിര്‍ത്തല്‍ നീളാനുള്ള തടസ്സമെന്നും കേള്‍ക്കുന്നുണ്ട്. അതേസമയം, ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ നാളെ (വെള്ളിയാഴ്ച) പ്രാദേശിക സമയം രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നതില്‍ മടിയില്ലാത്ത ചരിത്രമാണ് ഇസ്രായേലിനുള്ളത്. ചതിയും വാഗ്ദാന ലംഘനവും സയണിസ്റ്റ് രാഷ്ട്രത്തിന്റെ മുഖമുദ്രയാണ്. തെമ്മാടി രാഷ്ട്രമായ ഇസ്രായേലിന്റെ പിറവി തന്നെ ചതിയുടേതാണ്. അധിനിവേശത്തിന്റെ ഏഴരപ്പതിറ്റാണ്ട് നീണ്ട ഇസ്രായേലിന്റെ ചരിത്രം ചോരക്കൊതിയുടേതു മാത്രമാണ്. 47 നാള്‍ നീണ്ട ആക്രമണത്തില്‍ 14,500ല്‍ അധികം ഫലസ്തീനികളെയാണ് കണ്ണില്‍ ചോരയില്ലാത്തവിധം കൊന്നുതള്ളിയത്. അതില്‍ 6,000 കുട്ടികളും 3550 സ്ത്രീകളുമാണെന്നാണ് ഏകദേശ കണക്ക്. ഓരോ പത്തുമിനുട്ടിലും ഒരു കുട്ടിവീതമാണ് ഇസ്രായേല്‍ ബോംബിങില്‍ മരിച്ചു വീണത്. 31,000 പേര്‍ പരിക്കേറ്റവര്‍. കാണാതായവരുടെയും വീട് നഷ്ടപ്പെട്ട് അഭയാര്‍ഥികളായവരുടെയും കണക്കുകള്‍ ഇതിനു പുറമെയാണ്. കറ തീര്‍ന്ന യുദ്ധക്കുറ്റവാളികളാണ് ആ രാജ്യത്തിന്റെ ഇതപര്യന്തമുള്ള പ്രധാനമന്ത്രിമാരെല്ലാം. അക്കൂട്ടത്തിലെ അങ്ങേയറ്റം ക്രൂരനും കുറുക്കന്റെ കൗശലവുമുള്ള നിഷ്ഠുരഹൃദയനാണ് ബെഞ്ചമിന്‍ നെതന്യാഹു. അതുകൊണ്ടാണ് ഞങ്ങളുടെ വിരലുകള്‍ കാഞ്ചിയില്‍ അമര്‍ന്നു തന്നെയിരിക്കുമെന്ന് ഹമാസ് പറഞ്ഞത്.
അധിനിവേശ തെമ്മാടികളുടെ അറുതിയില്ലാത്ത അക്രമങ്ങള്‍ക്കെതിരേ ഫലസ്തീന്‍ ജനത നടത്തിവരുന്ന ചെറുത്തുനില്‍പ്പ് പോരാട്ടങ്ങളുടെ ഭാഗമായാണ് ഒക്ടോബര്‍ 7 ന് ഹമാസ് തൂഫാനുല്‍ അഖ്‌സ തുടങ്ങി വച്ചത്. ജൂതരാഷ്ട്രത്തിനൊപ്പം ലോകവും നടുങ്ങിയ ദിവസമായിരുന്നു ആ ശനിയാഴ്ച. ഇസ്രായേലിന്റെ അഹന്തമുറ്റിയ സൈനിക ശേഷിയും പുകള്‍പെറ്റ രഹസ്യാന്വേഷണ സംവിധാനവും അപ്രതിരോധ്യമെന്നു കരുതിയിരുന്ന അയേണ്‍ ഡോമുമെല്ലാം കാറ്റൊഴിഞ്ഞു പോയ ബലൂണ്‍ കണക്കെ ഒന്നൊന്നായി നിലം പൊത്തുന്നതിനാണ് ലോകം സാക്ഷിയായത്. പാരാഗ്ലൈഡറുകളില്‍ പറന്നിറങ്ങിയ ഫലസ്തീന്‍ പോരാളികള്‍ ഇസ്രായേലികളുടെ സ്വസ്ഥനിദ്രകളെയാണ് കടന്നാക്രമിച്ചത്. അങ്ങനെ ഒന്നാം തിയ്യതി തന്നെ ഹമാസ് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു. തുടര്‍ന്ന് ഭ്രാന്തമായ ആക്രമണ പരമ്പരകളാണ് ഗസയ്ക്കുമേല്‍ പെയ്തിറങ്ങിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഗസയെ തവിടുപൊടിയാക്കുമെന്നും ഹമാസിനെ നിശ്ശേഷം നശിപ്പിക്കുമെന്നും ബന്ദികളെ മോചിപ്പിക്കുമെന്നും വീമ്പിളക്കിയ ഇസ്രായേലിന്, അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയും സഹായവും ഉണ്ടായിട്ടുപോലും ഏതു ഭീരുവിനും ചെയ്യാന്‍ കഴിയുന്നപോലെ ആകാശത്തുനിന്ന് ബോംബുകള്‍ വര്‍ഷിച്ച് മരണക്കൊയ്ത്ത് നടത്താന്‍ കഴിഞ്ഞു എന്നതിനപ്പുറം പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നു പോലും നേടാന്‍ കഴിയാതെയാണ് താല്‍ക്കാലിക വെടിനിര്‍ത്തലിന് വഴങ്ങേണ്ടി വന്നത്.
ഗസയിലുണ്ടായ ആള്‍നാശം തീര്‍ച്ചയായും അപരിഹാര്യവും അങ്ങേയറ്റം വേദനാജനകവുമാണ്. പിറന്ന മണ്ണില്‍ സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കാന്‍ ഫലസ്തീനികള്‍ക്ക് ജീവനും ജീവിതവും കൊണ്ട് പോരാടുകയല്ലാതെ മറ്റു നിര്‍വാഹമില്ലായിരുന്നു. വിമോചനത്തിന് ഫലസ്തീന്‍ ജനതയുടെ സ്ഥിരനിക്ഷേപമാണ് അവരുടെ വര്‍ധിച്ച തോതിലുള്ള ജീവത്യാഗം. മനുഷ്യരായി ജീവിക്കാന്‍ വേണ്ടി മരണം കൊതിച്ച അവരെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല എന്ന അനിഷേധ്യ യാഥാര്‍ഥ്യത്തിന്റെ ബാക്കിപത്രമാണ് പോരാട്ടവീര്യം അല്‍പ്പവും അടിയറവയ്ക്കാത്ത ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പ്. കരയുദ്ധം യഥാര്‍ഥത്തില്‍ സയണിസ്റ്റ് രാഷ്ട്രത്തെയാണ് കരയിച്ചത്. ഫലസ്തീന്‍ പ്രശ്‌നം വിസ്മൃതിയില്‍ തള്ളാനാവുന്ന ഒന്നല്ലെന്ന വസ്തുത ലോകത്തിനു മുന്നില്‍ ഹമാസ് സ്ഥാപിച്ചെടുത്തു. ആയുധശേഷിയും ആള്‍ബലവും ശക്തന്മാരായ രാഷ്ട്രങ്ങളുടെ സര്‍വ പിന്തുണയുമായിരുന്നു ഇസ്രായേലിന്റെ പിന്‍ബലമെങ്കില്‍ ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികളുടെ ഐക്യദാര്‍ഢ്യവും പ്രാര്‍ഥനയും ഫലസ്തീനൊപ്പമായിരുന്നു.
യുദ്ധത്തിനു വിരാമമിടേണ്ടത് അമേരിക്കയുടെയും ഇസ്രായേലിന്റെയും ആവശ്യമാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്‍കൈയെടുത്താണ് വെടിനിര്‍ത്തല്‍ കരാര്‍ ധാരണയായത്. യുഎസ് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന ബൈഡന് യുദ്ധം നീളുന്നത് ഗുണകരമല്ലെന്നാണു വിലയിരുത്തല്‍. അമേരിക്കയില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ ബൈഡനുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്. യുദ്ധം മൂലം ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഗ്രാഫിലും വന്‍ ഇടിവ് വന്നിട്ടുണ്ട്. മുന്‍പെങ്ങുമില്ലാത്തവിധം ഇസ്രായേലിലും യുദ്ധത്തിനും നെതന്യാഹുവിനുമെതിരേ ജനരോഷം തിളച്ചുപൊന്തുന്നുണ്ട്. ലോകരാഷ്ട്രങ്ങള്‍ക്കിടയിലും ഇസ്രായേലിനുള്ള സഹതാപത്തില്‍ വന്‍ ചോര്‍ച്ചയാണു വന്നത്. സുരക്ഷിത രാഷ്ട്രം എന്നുള്ള വ്യാജ ഖ്യാതിയും ഇതോടെ തകര്‍ന്നു. അഹങ്കാരവും അവകാശവാദങ്ങളും കൈയൊഴിഞ്ഞ് വെടിനിര്‍ത്തല്‍ കരാറിലേക്കെത്താന്‍ സാഹചര്യമൊരുങ്ങിയത് ഇക്കാരണങ്ങള്‍ കൊണ്ട് കൂടിയാണ്. യുദ്ധത്തിലും സന്ധിയിലും ഇപ്പോഴത്തെ അവസ്ഥയില്‍ വിജയം ഹമാസിനു തന്നെയാണ്. പക്ഷേ, ഗസയില്‍ വെടിയൊച്ചകള്‍ നിലയ്ക്കുമോ എന്ന കനത്ത ആശങ്കയുടെ കാര്‍മേഘങ്ങളാല്‍ ആവൃതമാണ് ഗസയുടെ ആകാശം. ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തിനും ശാശ്വത സമാധാനത്തിനും വെടിനിര്‍ത്തല്‍ വഴിവയ്ക്കും എന്ന് ആശ്വസിക്കുന്നവരെ നിരാശപ്പെടുത്താതിരിക്കട്ടെ വരും ദിവസങ്ങളിലെ സംഭവ വികാസങ്ങള്‍.