കിരണ്‍ അദാനിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തണം: ആന്റോ ഏലിയാസ്

സമരത്തിന് മുഖ്യമന്ത്രി പരിഹാരം കണ്ടില്ലെങ്കില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഇനി നടുക്കടലിലായിരിക്കും സമരം ചെയ്യുക. സ്ത്രീകളും കുട്ടികളും അടക്കം മുഴുവന്‍ പേരും കടലിലായിരിക്കും

Update: 2022-08-28 12:25 GMT

തിരുവനന്തപുരം: വിഴിഞ്ഞം അദാനി പോര്‍ട്ട് ഉടമസ്ഥരായ കിരണ്‍ അദാനിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത്് നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആന്റോ ഏലിയാസ്. 2018ല്‍ അദാനി പോര്‍ട്ട് നിര്‍മാണ കാലാവധി കഴിയുന്ന ഒരോ ദിവസവും സംസ്ഥാന സര്‍ക്കാരിന് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കരാറുണ്ട്. പക്ഷേ, എന്തുകൊണ്ടാണ് കരാര്‍ കാലാവധി കഴിഞ്ഞ പദ്ധതിയുടെ നഷ്ടപരിഹാരതുക സര്‍ക്കാര്‍ വാങ്ങാത്തതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം.

വിഴിഞ്ഞം അദാനി പോര്‍ട്ട് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉപരോധം നടത്തുന്ന പശ്ചാത്തലത്തില്‍ സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ച സംയുക്ത സമരസമിതി നേതാവ് ആന്റോ ഏലിയാസ് തേജസ് ന്യൂസ് പ്രതിനിധിയുമായി സംസാരിക്കുകയായിരുന്നു.

അന്താരാഷ്ട്ര പോര്‍ട്ട് നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ എത്ര കിലോമീറ്റര്‍ ചുറ്റളവില്‍ മല്‍സ്യബന്ധനത്തിന് നിയന്ത്രണമുണ്ടാവുമെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം. ഇക്കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്‍പില്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി ബാദ്ധ്യസ്ഥനാണെന്നും ശംഖുമുഖം വിമാനത്താവളത്തിന് മുന്‍പില്‍ സമരം ചെയ്യുന്ന സമരസമിതി നേതാവ് കൂടിയായ ആന്റോ പറയുന്നു.

വിഴിഞ്ഞം പോര്‍ട്ട് ഉപരോധത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് തിരുവനന്തപുരം അദാനി എയര്‍പോര്‍ട്ടിന് മുന്‍പില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ സമരം തുടങ്ങിയിരുന്നു. ആ സമരത്തിന് നേതൃപരമായ പങ്കുവഹിച്ച നേതാവാണ് ആന്റോ ഏലിയാസാണ്.

വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപത നടത്തുന്ന സമരത്തിന്റെ ഭാഗമാണ് സംയുക്ത സമരസമിതി നടത്തുന്ന എയര്‍പോര്‍ട്ടിന് മുന്‍പിലെ സമരവും. അദാനി പോര്‍ട്ട്് നിര്‍മാണം പൂര്‍ണാര്‍ഥത്തില്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം. കടല് നികത്തി പോര്‍ട്ട് നിര്‍മിച്ചാല്‍ ഇടതു വലത് ഭാഗത്തുള്ള തീരം നഷ്ടപ്പെടും എന്നത് വസ്തുതയാണ്. പോര്‍ട്ടിനായി 66 ഹെക്ടര്‍ ഏറ്റെടുക്കുമ്പോള്‍, 100 മീറ്റര്‍ കടല്‍ കയറും. മല്‍സ്യത്തൊഴിലാളികള്‍ക്ക് കപ്പലില്‍ മീന്‍ പിടിക്കാനുള്ള സ്‌കില്‍ ഇല്ല എന്ന് എല്ലാവര്‍ക്കും അറിയാം.

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ മല്‍സ്യത്തൊഴിലാളികള്‍ വസിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കരിംകുളം പഞ്ചായത്ത്. പിന്നീട് പുന്തുറ-ബീമാപള്ളി മേഖലയാണ്. ബീമാപള്ളി പ്രദേശത്ത് വമ്പിച്ച തോതില്‍ തീര നഷ്ടമുണ്ടായി. വേളി മുതല്‍ ശാന്തിവിള വരെയുള്ള മല്‍സ്യത്തൊഴിലാളികളുടെ അനവധി വീടുകള്‍ നഷ്ടപ്പെട്ടു.

സര്‍ക്കാര്‍ നന്ദിഗ്രാം ഓര്‍ക്കണം

മല്‍സ്യത്തൊഴിലാളികളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തിട്ടാണ് കുത്തകമുതലാളിമാര്‍ക്കായി മുഖ്യമന്ത്രി സ്വ്പനപദ്ധതി നടപ്പിലാക്കുന്നത്. നന്ദിഗ്രാമില്‍ കുത്തകള്‍ക്ക് പരവതാനി വിരിച്ചത് മൂലമാണ് ഇപ്പോള്‍ സിപിഎം അവിടെ അപ്രസക്തമായത്. ഇത് എല്ലാവരും ഓര്‍ക്കുന്നത് നല്ലതാണ്.

മല്‍സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി ഗൗരവമായി പഠിക്കണം. തീരത്ത് നിന്ന് 500ലധികം വീടുകള്‍ തകര്‍ന്നത് മുഖ്യമന്ത്രി അറിഞ്ഞില്ലേ. ബോട്ടുകള്‍ തകര്‍ന്ന് അവരുടെ ഉപജീവനമാര്‍ഗം തകര്‍ന്നത് മുഖ്യമന്ത്രി അറിയുന്നില്ലേ. സംസ്ഥാനത്തെ മഹാഭൂരിപക്ഷം ആളുകളും എതിര്‍ക്കുന്ന പോര്‍ട്ട് പദ്ധതിയുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ആന്റോ പറഞ്ഞു.

നഷ്ടപരിഹാരമില്ല

അദാനി പോര്‍ട്ടിന്റെ ട്രഡ്ജിങ് മൂലം നിരവധി അപകട മരണങ്ങളാണ് നടന്നത്. ഒട്ടനവധി മല്‍സ്യത്തൊഴിലാളികള്‍ ഈ കാലയളവില്‍ ബോട്ട് തകര്‍ന്ന് മരിച്ചിട്ടുണ്ട്. എല്ലാ മല്‍സ്യബന്ധന ബോട്ടപകടവും തീരത്തോട് ചേര്‍ന്നാണ് സംഭവിച്ചിട്ടുള്ളത്.

അദാനി പോര്‍ട്ടിന്റെ അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനമാണ് ഇൗ മനുഷ്യര്‍ മരിച്ച് വീഴാന്‍ കാരണം. അവര്‍ക്ക് സര്‍ക്കാര്‍ ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ബോട്ട് തകരുമ്പോള്‍ ഹൃദയാഘാതം വന്നാണ് മരിക്കുന്നതെങ്കില്‍ ഇന്‍ഷ്വറന്‍സ് പോലും ലഭിക്കില്ല. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ 70 ശതമാനം മരണങ്ങള്‍ക്കും കാരണം ഹൃദയാഘാതമാണ്. അത് കൊണ്ട് തന്നെ ഈ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഒരു രൂപ പോലും നഷ്ടപരിഹാരമായി ലഭിക്കാറില്ല.

കാംപുകളില്‍ കഴിയുന്നവര്‍

കടലാക്രമണം മൂലം വീട് തകര്‍ന്നവര്‍ ഇപ്പോഴും കാംപുകളില്‍ കഴിയുകയാണ്. അവരെ തിരിഞ്ഞ് നോക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. വില്ലേജ് ഓഫിസര്‍ മാത്രമാണ് വല്ലപ്പോഴും വന്നുപോകുന്നത്. കുത്തകകള്‍ക്ക് തീരം വില്‍ക്കുമ്പോള്‍ പെരുവഴിയിലാവുന്നത് മല്‍സ്യത്തൊഴിലാളികളാണ്. അവരുടെ വീടും ഉപജീവനമാര്‍ഗ്ഗവും നഷ്ടമാവുകയാണ്.

സ്ത്രീകളും കുട്ടികളും കടലില്‍ സമരം ചെയ്യും

സ്വതന്ത്ര മല്‍സ്യത്തൊഴിലാളി യൂനിയനുള്‍പ്പെടെ ചേര്‍ന്ന് തുടങ്ങിയ സമരം, അതിരൂപത ഏറ്റെടുത്തിരിക്കുകയാണ്. അതുപോലെ, കേരളത്തിലെ എല്ലാ സമുദായങ്ങളും ഈ സമരം ഏറ്റെടുക്കേണ്ടതുണ്ട്.

അദാനി പോര്‍ട്ട് നിര്‍മാണം നിര്‍ത്തിവെയ്ക്കണം, സമാഹികാഘാത പഠനം നടത്തണം തുടങ്ങിയ ഞങ്ങളുടെ ആവശ്യത്തിന് പരിഹാരം കണ്ടേ മതിയാകൂ. ഇല്ലെങ്കില്‍, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ നടുക്കടലിലായിരിക്കും ഇനി സമരം ചെയ്യുക. സ്ത്രീകളും കുട്ടികളും അടക്കം മുഴുവന്‍ പേരും കടലിലായിരിക്കും. സമരത്തിനായി ജീവന്‍ നല്‍കാന്‍ പോലും ഞങ്ങള്‍ തയ്യാറാണെന്നും ആന്റോ ഏലിയാസ് പറഞ്ഞു. 

Tags:    

Similar News