ഇന്ത്യന്‍ മുസ്‌ലിംകള്‍ മുമ്പില്ലാത്തവിധം ഉണര്‍ന്നിരിക്കുകയാണ്. ചിലര്‍ കരുതിയിരിക്കുക അവര്‍ ഭയന്നിരിക്കുകയാണെന്നാണ്. എന്നാല്‍ സംഗതി അങ്ങനെയല്ല, അവര്‍ പൂര്‍വാധികം ജാഗരൂകരാണ്. തങ്ങള്‍ക്കു തങ്ങള്‍ മാത്രമേ ഉള്ളുവെന്ന് മറ്റാരെക്കാളാധികം തിരിച്ചറിഞ്ഞ ജനസമൂഹമായി മുസ്‌ലിംകള്‍ മാറിയിരിക്കുകയാണ്. 1949 ഡിസംബര്‍ 22ന് അര്‍ധരാത്രി ലോകം ഉറക്കമായിരുന്നപ്പോള്‍ ബാബരിമസ്ജിദിനുള്ളില്‍ കടന്ന് ഹിന്ദുത്വര്‍ സ്ഥാപിച്ച ശ്രീരാമ വിഗ്രഹം എടുത്തു സരയു നദിയില്‍ എറിയാന്‍ പറഞ്ഞ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവല്ല ഇന്ന് ആ കസേരയില്‍ ഇരിക്കുന്നതെന്ന് ഇവിടുത്തെ അലസത വെടിഞ്ഞ മുസ്‌ലിംസമൂഹം ശരിക്കും ഉള്‍ക്കൊണ്ടിട്ടുണ്ട്.
ബാബരി മസ്ജിദോടെ രാജ്യത്ത് വര്‍ഗീയധ്രുവീകരണം അവസാനിപ്പിക്കാനല്ല തുടരാനും ശക്തമാക്കാനുമാണ് സംഘപരിവാരം 1991ല്‍ തന്നെ കാശിയിലെ ഗ്യാന്‍ വാപി മസ്ജിദിനുമേലും അവകാശവാദം ഉന്നയിച്ചു തുടങ്ങിയത്. ബാബരി മസ്ജിദ് ധ്വംസനക്കേസിലും ബാബരിഭൂമിക്കേസിലും സുപ്രിം കോടതിയില്‍ നിന്നുണ്ടായ മതേതരജനാധിപത്യാഭിലാഷങ്ങള്‍ക്ക് വിരുദ്ധമായ വിധിയുടെ ഓര്‍മത്തികട്ടലാണ് ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ഹൈന്ദവശേഷിപ്പുകള്‍ ഉണ്ടോ എന്നറിയാന്‍ വീഡിയോ സര്‍വേ നടത്താനുണ്ടായ കോടതിഉത്തരവ്.
മസ്ജിദിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് തങ്ങള്‍ക്ക് ആരാധന നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു സംഘം സ്ത്രീകള്‍ വാരാണസി കോടതിയല്‍ ഹരജി നല്‍കിയിരുന്നു. ഇതുകൂടാതെ 16ാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണാധികാരി ഔറംഗസീബ് കാശി വിശ്വനാഥക്ഷേത്രം തകര്‍ത്താണ് ഗ്യാന്‍വാപി പള്ളി നിര്‍മിച്ചതെന്ന പരാതിയും സമാന പരാതികളും 1991 മുതല്‍ സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി എന്നിവിടങ്ങളിലിരിക്കെയാണ് വാരാണസിയിലെ ഒരു അഭിഭാഷകന്‍ പള്ളിയില്‍ പുരാവസ്തു സര്‍വേനടത്തണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി പരിഗണിച്ച് വീഡിയോ സര്‍വേയ്ക്ക് വാരാണസി കോടതി ഉത്തരവിട്ടത്.
അതിലും വലിയ തിടുക്കവും ആശ്ചര്യവും നടുക്കവുമാണ് സര്‍വേയ്ക്കിടെ കണ്ടെത്തിയെന്ന് ഹരജിക്കാരന്‍ ഇടയ്ക്കുകയറിപ്പറഞ്ഞ ശിവലിംഗത്തിന്റെ കാര്യത്തിലും സിവില്‍ കോടതി ഉത്തരവില്‍ പ്രതിഫലിക്കുന്നത്. റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും മുമ്പ് ശിവലിംഗം കണ്ടെത്തിയെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചതോടെ ഗ്യാന്‍വാപിയുടെ ഒരു ഭാഗം അടച്ചിടാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഗ്യാന്‍വാപിയില്‍ കണ്ടെത്തിയത് ശിവലിംഗമല്ല, മറിച്ച് നമസ്‌ക്കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധിവരുത്തുന്ന ജലസംഭരണിയുടെ വാട്ടര്‍ ഫൗണ്ടന്‍ ആണെന്ന മസ്ജിദ് അധികൃതരുടെ വാദത്തിന് എവിടെയും ഇടമില്ലാതായിരിക്കുകയാണ്.
ഇവിടെയാണ് എവിടെയാണ് നീതി എന്ന ചോദ്യം ഉയരുന്നത്. ഒരു നീതിയുമില്ലെന്നു മാത്രമല്ല, ബാബരിമസ്ജിദ് വിധികളിലൂടെ രാജ്യത്തിന്റെ മതേതര മനസാക്ഷിക്കേറ്റ വിള്ളല്‍ ഗുഹയാക്കി ഹിന്ദുത്വം വംശീയായുധവുമായി കടന്നു കയറുകയാണെന്നും രാജ്യത്തെ മുസ്‌ലിംകള്‍ ശരിക്കും മനസ്സിലാക്കുകയാണ്. ഗ്യാന്‍ വാപിയില്‍ വീഡിയോ സര്‍വേ ആരംഭിക്കുകയും വിശ്വാസികള്‍ കൈയും കാലും കഴുകുന്ന സ്ഥലത്തെ വാട്ടര്‍ ഫൗണ്ടന്‍ ശിവലിംഗമാവുകയും ചെയ്യും മുന്‍പുതന്നെ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ രാജ്യത്തെ മറ്റു ചില മസ്ജിദുകളിലും ഹിന്ദുത്വര്‍ അവകാശവാദം ഉയര്‍ത്തിക്കഴിഞ്ഞു. കര്‍ണാടകയിലെ ജാമിഅ മസ്ജിദില്‍ ആഞ്ജനേയ വിഗ്രഹത്തെ ആരാധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍. ജാമിഅ മസ്ജിദ് ക്ഷേത്രം പള്ളിയാക്കി മാറ്റിയതാണെന്നും പൂജ നടത്താന്‍ അനുവദിക്കണമെന്നുമാണ് നരേന്ദ്ര മോദി വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത്. ആഞ്ജനേയ ക്ഷേത്രമാണ് യഥാര്‍ഥത്തില്‍ ഇവിടെ പണിതതെന്നും അതിന്റെ ചരിത്രപരമായ തെളിവുകളുണ്ടെന്നും പള്ളിക്കുള്ളിലെ തൂണുകളില്‍ ഹൈന്ദവ ലിഖിതങ്ങളുണ്ടെന്നുമാണ് വാദം. പേര്‍ഷ്യന്‍ ഖലീഫക്കുള്ള കത്തില്‍ ടിപ്പു സുല്‍ത്താന്‍ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ടെന്നും രേഖകള്‍ പുരാവസ്തു വകുപ്പ് പരിഗണിക്കണമെന്നും അപേക്ഷയില്‍ പറയുന്നു. മാത്രമല്ല പള്ളിയുടെ പരിസരത്തെ കുളത്തില്‍ കുളിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പരിപാലിക്കുന്ന പൈതൃക സ്ഥലമാണ് 1782ല്‍ പണികഴിപ്പിച്ച ജാമിഅ മസ്ജിദെന്ന സത്യത്തെ ഇത്തരം കോടതിവിധികള്‍ സുലഭമാവുമ്പോള്‍ ഹിന്ദുത്വര്‍ക്ക് ഭയക്കേണ്ടതില്ലല്ലോ. ഇതേ സമയത്താണ് മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ മുസ്‌ലിം പള്ളിയോട് ചേര്‍ന്ന് ഹിന്ദുത്വര്‍ ഹനുമാന്‍ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നതെന്ന് ഓര്‍ക്കണം. സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തതോടെ നീമുച്ച് ജില്ലയില്‍ അധികൃതര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ് സ്ഥലത്ത്. ഇവിടെയാണ് മുമ്പില്ലാത്ത വിധം തങ്ങള്‍ ഉണര്‍ന്നിരിക്കേണ്ട അനിവാര്യതയിലേക്ക് രാജ്യത്തെ മുസ്‌ലിംജനത എത്തിച്ചേര്‍ന്നിരിക്കുന്നത്. രാമനവമിയോടും ഹനുമാന്‍ ജയന്തിയോടും അനുബന്ധിച്ച് രാജ്യതലസ്ഥാനത്തെ ജഹാന്‍ഗീര്‍ പുരിയിലും ഷഹീന്‍ബാഗിലും കൂടാതെ മധ്യപ്രദേശിലും ഗുജറാത്തിലും രാജസ്ഥാനിലും പശ്ചിമബംഗാളിലും കര്‍ണാടകത്തിലും ഗോവയിലും ജാര്‍ഖണ്ഡിലും ബിഹാറിലും വ്യാപകമായി മുസ്‌ലിം വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും തകര്‍ക്കക്കപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്തപ്പോള്‍ അക്രമികള്‍ക്കൊപ്പം നിന്ന ഭരണകൂടത്തിനെയും പോലിസിനെയും ഇവിടത്തെ മുസ്‌ലിംകള്‍ അടുത്തുകണ്ടതാണ്. അവിടങ്ങളിലെല്ലാം തങ്ങള്‍ക്കാവും വിധം പ്രത്യക്ഷ ചെറുത്തുനില്‍പ്പിന് മുസ്‌ലിംകള്‍ തയ്യാറായിട്ടുണ്ടെങ്കില്‍ അത് ഒരടയാളമാണ്. മുകളില്‍ പറഞ്ഞ ഉണര്‍ന്നിരിപ്പ് അനിവാര്യമാണെന്നു തിരിച്ചറിഞ്ഞതിന്റെ അടയാളം. ഈമാസം 11ന് മുസ്‌ലിം സമുദായത്തിനു നേരേ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്‌ലിംസംഘടനാ നേതാക്കള്‍ മുംബൈയില്‍ യോഗം ചേര്‍ന്നതും ആ തിരിച്ചറിവിന്റെ വെളിച്ചത്തിലാണ്.
ഭരണകൂടം പരാജയപ്പെട്ട സാഹചര്യത്തില്‍ വര്‍ഗീയ ആക്രമണങ്ങള്‍ക്കെതിരേ സ്വയം ചെറുത്തുനില്‍പ്പ് അനിവാര്യമാണെന്നാണ് നേതാക്കള്‍ അസന്ദിഗ്മായി വ്യക്തമാക്കിയിരിക്കുന്നത്. വര്‍ഗീയ ശക്തികളുടെ പദ്ധതികളെ പരാജയപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗം മുസ്‌ലിംകള്‍ക്കെതിരായ ആസൂത്രിത ആക്രമണങ്ങളെ സംഘടിതമായി ചെറുക്കുകയെന്ന സമീപനമായിരിക്കുമെന്ന് അവര്‍ വിലയിരുത്തി. മുസ്‌ലികളുടെ ജീവനും സ്വത്തിനും മുസ്‌ലിം സ്ത്രീകളുടെ അന്തസ്സിനും നേരേ നടക്കുന്ന ആക്രമണങ്ങള്‍ക്ക് ഇനിയുള്ള മറുപടി ഒറ്റതിരിഞ്ഞ നിലവിളികളായിരിക്കില്ലെന്ന് ആ യോഗം മുന്നറിയിപ്പു നല്‍കുന്നുണ്ട്. കാരണം അപരാധമല്ലാത്ത, അങ്ങേയറ്റം അനിവാര്യമായ ചെറുത്തുനില്‍പ്പിന്റെ വിനയം മാത്രമാണ് അത്. സംഘപരിവാരത്തിന്റെ ഉറഞ്ഞുതുള്ളലില്‍ ഭയന്നു ചൂളിപ്പോവുന്ന ആശയറ്റ മുസ്‌ലിംകളുടെ ദീനസ്വരമല്ല, മറിച്ച് സമുദായത്തിന് ആത്മവിശ്വാസവും ദിശാബോധവും പ്രതീക്ഷയും അതിജീവന ഊര്‍ജവും പകരുന്ന നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു അത്. സാമ്പ്രദായിക മുസ്‌ലിം നേതൃത്വത്തില്‍നിന്ന് പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുള്ള ക്ഷമാപണ ശൈലിയുമല്ലത്. നാടിന്റെ ജനാധിപത്യ പാരമ്പര്യത്തിലും ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശങ്ങളിലും പ്രതീക്ഷ കൈവിടാതിരിക്കുമ്പോള്‍ തന്നെ രക്ഷകരെ കാത്ത് കാലം കളയാതെ സ്വന്തം വഴി നോക്കാന്‍ മുസ്‌ലിംകള്‍ സ്വയം പ്രാപ്തരാവണമെന്ന ശാക്തീകരണ സന്ദേശമാണത്. അതെ, ഈ കെട്ട കാലവും ഇന്ത്യ അതിജീവിക്കുക തന്നെ ചെയ്യും.