ഫോണ്‍ ചോര്‍ത്തല്‍ വിവാദം: പ്രതിക്കൂട്ടിലാരെല്ലാം?
പേരൂര്‍ക്കടയിലെ ഒരു വീട് കേന്ദ്രീകരിച്ച് ഔദ്യോഗിക തലത്തില്‍ തന്നെ ഫോണ്‍ ചോര്‍ത്തിയിരുന്ന വിവരം സ്ഥിരീകരിച്ച മുന്‍ പോലിസ് മേധാവി അതിന്റെ ഉത്തരവാദിത്തം ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനിലാണ് ആരോപിച്ചിരിക്കുന്നത്.
പ്രമുഖ വ്യക്തികളുടെ ഫോണ്‍ സംഭാഷണങ്ങളും ഇ-മെയില്‍ സന്ദേശങ്ങളും ചോര്‍ത്തിയിരുന്നെന്ന മുന്‍ പോലിസ് മേധാവി ടിപി സെന്‍കുമാറിന്റെ തുറന്ന പറച്ചില്‍ വിവാദങ്ങളുടെ പുതിയ തലത്തിലേക്ക് കടന്നിരിക്കയാണ്. പേരൂര്‍ക്കടയിലെ ഒരു വീട് കേന്ദ്രീകരിച്ച് ഔദ്യോഗിക തലത്തില്‍ തന്നെ ഫോണ്‍ ചോര്‍ത്തിയിരുന്ന വിവരം സ്ഥിരീകരിച്ച മുന്‍ പോലിസ് മേധാവി അതിന്റെ ഉത്തരവാദിത്തം ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനിലാണ് ആരോപിച്ചിരിക്കുന്നത്.
മുസ്‌ലിം സമുദായത്തിലെ മാധ്യമപ്രവര്‍ത്തകരുടെയും പ്രഫഷനലുകളുടെയും ഇ-മെയില്‍ സന്ദേശങ്ങള്‍ചോര്‍ത്താന്‍ സംസ്ഥാന ഇന്റലിജന്‍സ് നടത്തിയ നീക്കം ഒരു മലയാള ആനുകാലികം പുറത്തുകൊണ്ടുവന്നത് അന്ന് വിവാദമായിരുന്നു. മുസ്‌ലിംകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ വര്‍ഗീയ മനോഭാവമുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ കരുക്കള്‍ നീക്കുന്ന വിവരം കേരളീയ സമൂഹത്തില്‍ പക്ഷേ, കാര്യമായ അമ്പരപ്പൊന്നും സൃഷ്ടിച്ചില്ല. മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരുമടക്കം ഇസ്‌ലാമോഫോബിയ സൃഷ്ടിക്കുന്ന മുന്‍വിധികള്‍ക്ക് കീഴടങ്ങിയതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ ഉള്ളപ്പോള്‍ ഇതില്‍ അദ്ഭുതത്തിനവകാശവുമില്ല.
സര്‍വീസിലിരുന്നപ്പോഴും അതിനു ശേഷവും വര്‍ഗീയ മുന്‍വിധി പുലര്‍ത്തുന്ന ഒരാളാണ് സെന്‍കുമാര്‍ എന്ന് ഇപ്പോള്‍ പകല്‍പോലെ വ്യക്തമായിക്കഴിഞ്ഞിരിക്കയാണ്. കുറച്ചുനാള്‍ മുമ്പ് ഒരു മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രകോപനപരവും വര്‍ഗീയവുമായ പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തുകയുണ്ടായി. അപ്പോഴും പൊതുസമൂഹത്തില്‍ അതു കാര്യമായ ചര്‍ച്ചയ്ക്ക് വിധേയമായില്ല. മറവിയുടെ അഗണ്യ കോടിയിലേക്കു തള്ളി മാറ്റപ്പെട്ട ഒന്നായി ഇത്തരം വാര്‍ത്തകള്‍ മാറുകയാണ്.
സെന്‍കുമാര്‍ പ്രകടമായിത്തന്നെ ഇപ്പോള്‍ സംഘപരിവാര പാളയത്തിലെത്തിപ്പെട്ടിരിക്കുകയാണ്. തന്നെ ഡിജിപി സ്ഥാനത്തു നിന്ന് മാറ്റാനും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗത്വം തട്ടിത്തെറിപ്പിക്കാനും നീക്കം നടത്തിയ ഇടതുസര്‍ക്കാരിനോടും സിപിഎമ്മിനോടും പകയുണ്ടാവാമെങ്കില്‍ കൂടി, കോടിയേരി ബാലകൃഷ്ണന്റെ കാലത്താണ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയതെന്ന ആരോപണം കേവലം വ്യക്തിതാല്‍പര്യമോ രാഷ്ട്രീയ താല്‍പര്യമോ മുന്‍നിര്‍ത്തിയാണെന്ന് പറഞ്ഞ് തള്ളിക്കളയാനാവുമോ?
കേരളത്തില്‍ യുഎപിഎ പ്രയോഗിക്കുന്നതിന് നിസ്സങ്കോചം മുതിര്‍ന്ന ആളാണ് കോടിയേരി ബാലകൃഷ്ണന്‍. സെന്‍കുമാറിന്റെ പ്രേതം കേരള പോലിസിനെ ഇപ്പോഴും വിട്ടുപോയിട്ടില്ലെന്ന് അനുമാനിക്കാവുന്ന നിരവധി ന്യൂനപക്ഷവിരുദ്ധ നീക്കങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കെതിരായ ഭരണകൂട നടപടികള്‍ക്ക് അടുത്തകാലത്തായി കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
തേജസ് ദിനപത്രത്തിന് പരസ്യം നിഷേധിക്കുന്നതിന് പ്രേരകമായ റിപോര്‍ട്ടുകള്‍ പലതും സെന്‍കുമാര്‍ ഇന്റലിജന്‍സ് മേധാവായിയിരുന്ന കാലത്താണെന്നതും ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ്.
ഭരണകൂട സ്ഥാപനങ്ങളും ആഭ്യന്തരവകുപ്പും മേല്‍ക്കോയ്മാ മാധ്യമങ്ങളില്‍ ചിലതും ചേര്‍ന്ന് ന്യൂനപക്ഷ വിരുദ്ധ പൊതുബോധം നിര്‍മിക്കുന്നതില്‍ താല്‍പ്പര്യം പുലര്‍ത്തുമ്പോള്‍ കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യമാണ് നമുക്ക് വിനഷ്ടമാവുന്നത്. പൗരന്‍മാരെ ഭയക്കുന്ന ഏകാധിപതികള്‍ പൗരന്റെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ പുതിയ വഴികള്‍ തേടുകയും കൂടുതല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് പൗരസമൂഹത്തിന്റെ ജാഗ്രതകൊണ്ട് മാത്രമാണ് അമിതാധികാരപ്രയോഗങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധമുയര്‍ത്താനാവുക.