യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം; ചരിത്രം കുറിച്ച് ജെറിമി

Update: 2018-10-09 07:29 GMT

ബ്യൂണസ് ഐറിസ്: 15 വയസ്സുകാരന്‍ ജെറിമി ലാല്‍റിനുംഗയുടെ സ്വര്‍ണ നേട്ടത്തോടെ യൂത്ത് ഒളിംപിക്‌സില്‍ സ്വര്‍ണ വേട്ടയില്‍ അക്കൗണ്ട് തുറന്ന് ഇന്ത്യ. പുരുഷന്‍മാരുടെ 62 കിലോ വിഭാഗത്തിലാണ് ഇന്ത്യന്‍ താരം ചരിത്രം കുറിച്ചത്. സ്‌നാച്ചില്‍ 124 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 150 കിലോയും ഉയര്‍ത്തി ആകെ 274 കിലോ പൊക്കിയാണ് ജെറിമി ഇന്ത്യയുടെ ആദ്യ സ്വര്‍ണം തന്റെ പേരിലൂടെയാക്കിയത്. നേരത്തേ 263 കിലോ ഉയര്‍ത്താന്‍ തീരുമാനിച്ച താരം പിന്നീട് മല്‍സരാര്‍ഥികളുടെ വീറുറ്റ പോരാട്ടത്തിന് മുമ്പില്‍ 274 ഉയര്‍ത്താന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. 273 ആയിരുന്നു ഇതുവരെയുള്ള താരത്തിന്റെ വ്യക്തിഗത ബെസ്റ്റ്.
ഇക്കഴിഞ്ഞ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി വെള്ളി നേടിയ ഗുരുരാജ പൂജാരിയേക്കാള്‍ 23 കിലോയാണ് ജെറിമി കൂടുതലായി ഉയര്‍ത്തിയത്. 249 ആണ് കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഗുരുരാജ ഉയര്‍ത്തിയത്. കോമണ്‍ വെല്‍ത്തില്‍ സ്വര്‍ണം നേടിയ മലേസ്യയുടെ അസ്‌റോയ് ഹസല്‍വാഫി ഉയര്‍ത്തിയതാവട്ടെ, 261 കിലോ, അത് ഈ ഇനത്തിലെ ഗെയിംസ് റെക്കോഡായിരുന്നു.
രണ്ട് വര്‍ഷമായി ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശീലനം നടത്തി വരികയാണ് ഈ ആസ്സാമുകാരന്‍. 2017ല്‍ ബാങ്കോക്കിലും 2016ല്‍ പെനാങിലും നടന്ന ലോക യൂത്ത് ചാംപ്യന്‍ഷിപ്പില്‍ താരം വെള്ളി മെഡലുകള്‍ സ്വന്തമാക്കിയിരുന്നു. യൂത്ത് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിന് മുമ്പ് താരം ഏഷ്യന്‍ യൂത്ത് ആന്‍ഡ് ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലും കോമണ്‍ വെല്‍ത്ത് യൂത്ത് ആന്‍ഡ് ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലും മെഡലുകള്‍ നേടിയിരുന്നു.
Tags:    

Similar News