Big stories

സ്‌കൂളിന് അംഗീകാരമില്ല; പത്താം ക്ലാസ് പരീക്ഷ എഴുതാനാവാതെ 29 വിദ്യാര്‍ഥികള്‍, പ്രതിഷേധം ശക്തം

സ്‌കൂളിന് അംഗീകാരമില്ല; പത്താം ക്ലാസ് പരീക്ഷ എഴുതാനാവാതെ 29 വിദ്യാര്‍ഥികള്‍, പ്രതിഷേധം ശക്തം
X

കൊച്ചി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാതെ 29 വിദ്യാര്‍ഥികള്‍. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഇക്കൊല്ലം പരീക്ഷയെഴുതാന്‍ സാധിക്കാതെ പോയത്. സ്‌കൂളിന് സിബിഎസ്ഇ അംഗീകാരമില്ലന്ന കാര്യം സ്‌കൂള്‍ മാനേജ്‌മെന്റ് മറച്ചുവച്ചുതാണു കാരണം. സ്‌കൂള്‍ മാനേജ്മന്റിനെതിരേ രക്ഷിതാക്കളും വിദ്യാര്‍ഥികളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.

ബുധനാഴ്ച ഹാള്‍ടിക്കറ്റ് തരാന്‍ വിളിച്ചുവരുത്തിയാണ് അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന കാര്യം രക്ഷിതാക്കളെ അറിയിച്ചത്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വീഴ്ചയാണ് പരീക്ഷ എഴുതാന്‍ സാധിക്കാത്തതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സ്‌കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവച്ചെന്നും രക്ഷിതാക്കള്‍ പറഞ്ഞു. നിലവില്‍ കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ സംവിധാനമുണ്ടാക്കണമെന്നും കുട്ടികളുടെ ഭാവി സംരക്ഷിക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. എന്നാല്‍ അടുത്ത വര്‍ഷം പരീക്ഷ എഴുതാനുള്ള സംവിധാനം ഏര്‍പ്പെടുത്താമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ നല്‍കുന്ന മറുപടി.

എട്ടാം ക്ലാസ് വരെ മാത്രമാണ് ഈ സ്‌കൂളിന് അംഗീകാരമുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒമ്പതാം ക്ലാസിന് ശേഷം വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ മറ്റ് സ്‌കൂളിലേക്കെത്തിച്ചാണ് പത്താം ക്ലാസ് പരീക്ഷ എഴുതിച്ചിരുന്നത്. ഇക്കുറി സ്‌കൂള്‍ നേരിട്ട് രജിസ്‌ട്രേഷന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ അറിയിച്ചില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഇതിനിടെ സ്‌കൂളിനെതിരേ കൂടുതല്‍ ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. ഫീസ് നല്‍കാന്‍ വൈകിയാല്‍ വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്താറുണ്ടെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു.

അതേസമയം, സ്‌കൂളിന് സിബിഎസ്ഇയുടെ മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമില്ലെന്ന റിപോര്‍ട്ടും പുറത്തുവന്നു. 2018ല്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. അംഗീകാരമില്ലാത്ത സ്‌കൂളിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് സിബിഎസ്ഇ റീജ്യനല്‍ ഡയറക്ടറും വ്യക്തമാക്കി. പത്താം ക്ലാസിലെ പരീക്ഷയെഴുതാന്‍ ഒമ്പതാം ക്ലാസ് മുതല്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതുണ്ട്. അത് നടക്കാത്തതിനാല്‍ കുട്ടികള്‍ക്ക് രണ്ടുവര്‍ഷം കൂടി നഷ്ടപ്പെടുമോ എന്നുള്ള ആശങ്കയും ഉണ്ട്. സംഭവത്തില്‍ രക്ഷിതാക്കള്‍ പോലിസിനും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. രക്ഷിതാക്കളുടെ പരാതിയില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുക്കുമെന്ന് പോലിസ് അറിയിച്ചു.




Next Story

RELATED STORIES

Share it