Big stories

മരട് ഫ്‌ളാറ്റ്: വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍; മാപ്പുപറഞ്ഞ് ചീഫ് സെക്രട്ടറി

23ന് കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍നിന്ന് ഒഴിവാക്കിത്തരണമെന്ന ആവശ്യവും ചീഫ് സെക്രട്ടറി മുന്നോട്ടുവച്ചിട്ടുണ്ട്. ഇതോടൊപ്പം ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് നേരിട്ട് മേല്‍നോട്ടം വഹിച്ചുകൊള്ളാമെന്ന ഉറപ്പും കോടതിയ്ക്ക് നല്‍കി.

മരട് ഫ്‌ളാറ്റ്: വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍; മാപ്പുപറഞ്ഞ് ചീഫ് സെക്രട്ടറി
X

ന്യൂഡല്‍ഹി: തീരദേശനിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നുള്ള സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. വിധി നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് കോടതിയെ അറിയിച്ച സര്‍ക്കാര്‍, ഉത്തരവ് നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അതേസമയം, ഇക്കാര്യത്തില്‍ തന്റെ ഭാഗത്തുനിന്ന് അനുചിതമായ എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പാക്കിത്തരണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കോടതിയോട് അഭ്യര്‍ഥിച്ചു. 23ന് കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍നിന്ന് ഒഴിവാക്കിത്തരണമെന്ന ആവശ്യവും ചീഫ് സെക്രട്ടറി മുന്നോട്ടുവച്ചിട്ടുണ്ട്. ഇതോടൊപ്പം ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് നേരിട്ട് മേല്‍നോട്ടം വഹിച്ചുകൊള്ളാമെന്ന ഉറപ്പും കോടതിയ്ക്ക് നല്‍കി.

നിര്‍മാണത്തില്‍ ചട്ടലംഘനം കണ്ടെത്തിയ ഫ്‌ളാറ്റ് പൊളിച്ചുമാറ്റാന്‍ കോടതി അനുവദിച്ച സമയപരിധി ഇന്ന് തീരാനിരിക്കെയാണ് ചീഫ് സെക്രട്ടറി സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇന്ന് വിധി നടപ്പാക്കിയ ശേഷം റിപോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്. ഫ്‌ളാറ്റുടമകള്‍ക്ക് ഒഴിഞ്ഞുപോവാന്‍ നോട്ടീസ് നല്‍കി, പൊളിച്ചുമാറ്റുന്നതിനുള്ള കമ്പനികള്‍ക്കായി ടെന്‍ഡര്‍ നല്‍കി, നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി തുടങ്ങിയ കാര്യങ്ങളാണ് ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ പറയുന്നത്. ആറ് പേജ് വരുന്ന സത്യവാങ്മൂലമാണ് സമര്‍പ്പിച്ചത്.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ കടുത്ത പാരിസ്ഥികാഘാതമുണ്ടാവുമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ പൊളിച്ചുനീക്കല്‍ പ്രക്രിയയ്ക്കുള്ള സാങ്കേതികമായ ബുദ്ധിമുട്ടും ചീഫ് സെക്രട്ടറി വിശദീകരിക്കുന്നു. ഇതിനൊപ്പം നിരവധി രേഖകളും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സുപ്രിംകോടതി വിധി നടപ്പാക്കുന്നതിന് കുറച്ചുകൂടി സാവകാശം തേടുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനുവേണ്ടിയാണ് ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ പാരിസ്ഥികാഘാതമുണ്ടാവുമെന്നുള്ള ചെന്നൈ ഐഐടിയുടെ പഠനറിപോര്‍ട്ട് സത്യവാങ്മൂലത്തിനൊപ്പം നല്‍കിയിരിക്കുന്നത്. കോടതി ഉത്തരവ് ലംഘിക്കാന്‍ ഉദ്ദേശമില്ലെന്നും ഒറ്റയടിക്ക് ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള സാങ്കേതികജ്ഞാനമില്ലെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it