Big stories

മോദിക്കു ക്ലീന്‍ ചിറ്റ്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുനപരിശോധിക്കുന്നു

മോദിക്കും അമിത് ഷായ്ക്കുമെതിരായ പത്തോളം പരാതികളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നത്

മോദിക്കു ക്ലീന്‍ ചിറ്റ്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുനപരിശോധിക്കുന്നു
X

ന്യൂഡല്‍ഹി: പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ക്ലീന്‍ ചിറ്റ് നല്‍കിയത് പുനപരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. പ്രധാനമന്ത്രിയുടെ റാലി നടക്കുന്ന സ്ഥലങ്ങളില്‍ സര്‍വേ നടത്താന്‍ നിതി ആയോഗിനെ ദുരുപയോഗം ചെയ്‌തെന്ന കോണ്‍ഗ്രസ് പരാതിയാണ് പുനപരിശോധിക്കുക. പരാതിയില്‍ നേരത്തേ നിതി ആയോഗിനും പ്രധാനമന്ത്രിയുടെ ഓഫിസിനും കമ്മീഷന്‍ ശുദ്ധിപത്രം നല്‍കിയിരുന്നു. എന്നാല്‍, കമ്മീഷന്‍ നടപടികളില്‍ പ്രതിഷേധിച്ച് കമ്മീഷന്‍ അംഗമായ അശോക് ലവാസെ രംഗത്തെത്തിയതോടെയാണ് തീരുമാനം പുനപരിശോധിക്കാന്‍ തീരുമാനിച്ചത്. നിതി ആയോഗിനോട് വിശദീകരണം തേടണമെന്നും തന്റെ വിയോജിപ്പ് രേഖപ്പെടുത്താതെയാണ് ക്ലീന്‍ ചിറ്റ് നല്‍കിയതെന്നും ലവാസെ ആരോപിച്ചിരുന്നു. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുള്ളില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. മാത്രമല്ല, തന്റെ അഭിപ്രായം രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കമ്മീഷന്റെ യോഗത്തില്‍ നിന്നു അശോക് ലവാസെ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ സുനില്‍ അറോറ, ഇലക്ഷന്‍ കമ്മീഷണര്‍മാരായ അശോക് ലവാസെ, സുനില്‍ ചന്ദ്ര എന്നിവരടങ്ങിയ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നത്. മോദിക്കും അമിത് ഷായ്ക്കുമെതിരായ പത്തോളം പരാതികളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നത്.



Next Story

RELATED STORIES

Share it