Big stories

ഗോരഖ്പൂര്‍ കൂട്ട ശിശുഹത്യ: ഡോ. കഫീല്‍ ഖാനെതിരേ പുതിയ അന്വേഷണവുമായി യോഗി സര്‍ക്കാര്‍

ഡോ. കഫീല്‍ ഖാനെതിരായ ഏഴ് കുറ്റാരോപണങ്ങളാണ് പുതിയ സംഘത്തിന്റെ അന്വേഷണ പരിതിയില്‍ വരികയെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ അന്വേഷണ ഉദ്യോഗസ്ഥനാകുമെന്നും രജനീഷ് ദുബെ പറഞ്ഞു.

ഗോരഖ്പൂര്‍ കൂട്ട ശിശുഹത്യ: ഡോ. കഫീല്‍ ഖാനെതിരേ പുതിയ അന്വേഷണവുമായി യോഗി സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ നിരവധി കുരുന്നുകള്‍ മരിച്ച സംഭവത്തില്‍ ഡോ. കഫീള്‍ ഖാനെതിരേ പ്രതികാര നടപടി അവസാനിപ്പിക്കാതെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. അധികൃതരുടെ വീഴ്ച്ചമൂലമാണ് കുരുന്നുകള്‍ മരിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടും ഡോ. കഫീല്‍ ഖാനെതിരെ പുതിയ അന്വേഷണത്തിന് ഒരുങ്ങുകയാണ് യോഗി സര്‍ക്കാര്‍.

ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണത്തിന്റെ അഭാവം മൂലം 2017 ഓഗസ്റ്റില്‍ 60 ലധികം കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്നാണ് ഡോ. കഫീല്‍ ഖാനെതിരേ യുപി സര്‍ക്കാര്‍ നീങ്ങിയത്. എന്നാല്‍, മരണത്തില്‍ ഡോക്ടര്‍ കുറ്റക്കാരനല്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി കണ്ടെത്തി. കരാറുകാരന് പണം നല്‍കുന്നതില്‍ വീഴ്ച്ച സംഭവച്ചിത് മൂലമാണ് ഓക്‌സിജന്‍ വിതരണം മുടങ്ങിയതെന്ന് കണ്ടെത്തിയിരുന്നു. ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറായ കഫീല്‍ ഖാന് ഓക്‌സിജന്‍ കരാര്‍ നല്‍കുന്നതില്‍ യാതൊരു പങ്കുമില്ലെന്നും സംഘം കണ്ടെത്തിയിരുന്നു.

ഇതോടെ, സര്‍ക്കാറിന്റെ വീഴ്ച്ചമൂലമാണ് 60ല്‍ അധികം കുരുന്നുകള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്നതിന് ഇടയാക്കിയതെന്ന് വ്യക്തമാകുകയായിരുന്നു. എന്നാല്‍, അന്വേഷണ സംഘത്തെ കണ്ടെത്തലിനെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ചില കണ്ടെത്തലുകള്‍ അന്വേഷണ സമിതി കണക്കിലെടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ അവ പരിശോധിച്ചുവരികയാണെന്നും ഉത്തര്‍പ്രദേശ് മെഡിക്കല്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജനീഷ് ദുബെ മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടര്‍ക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചുവെന്ന് കരുതുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവ സമയത്ത് കുട്ടികളുടെ വാര്‍ഡിന്റെ ചുമതല താനല്ലെന്ന് ഖാന്‍ അന്വേഷണ സമിതിയെ അറിയിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. 'ചില രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്, ആ കാലയളവില്‍ അദ്ദേഹം അതിന്റെ നോഡല്‍ ഓഫീസറായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്നു,' ദുബെ പറഞ്ഞു. ഈ പുതിയ വസ്തുതകള്‍ പരിശോധിക്കുകയും അന്തിമ റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കുകയും ചെയ്യും. അതുവരെ ഖാനെതിരായ ആരോപണങ്ങള്‍ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ചോര്‍ത്തിയതായും സോഷ്യല്‍, മുഖ്യധാരാ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായും ദുബെ ആരോപിച്ചു. കഫീല്‍ ഖാന്‍ സ്വകാര്യ പരിശീലനവും സ്വകാര്യ നഴ്‌സിംഗ് ഹോമും നടത്തിയിരുന്നതായി കണ്ടെത്തിയതായും ദുബെ പറഞ്ഞു.

ഡോ. കഫീല്‍ ഖാനെതിരായ ഏഴ് കുറ്റാരോപണങ്ങളാണ് പുതിയ അന്വേഷണത്തില്‍ വരികയെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ അന്വേഷണ ഉദ്യോഗസ്ഥനാകുമെന്നും രജനീഷ് ദുബെ പറഞ്ഞു.

എന്നാല്‍, 2018 ല്‍ ദി വയര്‍ നടത്തിയ അന്വേഷണത്തില്‍ ആശുപത്രി അധികൃതര്‍ ഓക്‌സിജന്‍ വിതരണത്തിനുള്ള പേയ്‌മെന്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് അയച്ച നിരവധി എസ്ഒഎസ് കത്തുകള്‍ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചതായി കണ്ടെത്തി. കുടിശ്ശിക ലക്ഷക്കണക്കിന് രൂപയിലായതിനെ തുടര്‍ന്ന് കമ്പനി വിതരണം നിര്‍ത്തിവച്ചതായും കണ്ടെത്തിയിരുന്നു.

2017 ആഗസ്റ്റില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം 60 ലധികം കുട്ടികള്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ വച്ച് മരണമടഞ്ഞിരുന്നു. വിതരണക്കാരന് പണം നല്‍കാത്തതിനെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഡോ. കഫീല്‍ ഖാനെതിരേ സര്‍ക്കാര്‍ നടപടിയെടുത്തത്. സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കഫീല്‍ ഖാന്‍ ഒമ്പത് മാസം ജയിലില്‍ കഴിഞ്ഞു. ഇതിനിടെ നടന്ന വകുപ്പ്തല അന്വേഷണത്തില്‍ കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.

കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ അഴിമതിയോ കൃത്യവിലോപമോ കഫീല്‍ ഖാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഭവം നടക്കുന്ന സമയത്ത് എന്‍സിഫലിസിസ് വാര്‍ഡിലെ നോഡല്‍ ഓഫിസര്‍ കഫീല്‍ ഖാന്‍ അല്ലായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹം അവധിയില്‍ ആയിരുന്നിട്ടും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം തന്റെ കഴിവിന്റെ പരമാവധി ചെയ്തു. തന്റെ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് 500 ജംബോ ഓക്‌സിജന്‍ സിലിണ്ടറുകള്‍ അദ്ദേഹം സംഘടിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദ്രവ ഓക്‌സിജന്റെ ടെണ്ടര്‍ , സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ജൂനിയര്‍ ഡോക്ടര്‍ മാത്രമായ കഫീല്‍ ഖാന്‍ ഉത്തരവാദിയല്ല. ആഗസ്റ്റ് 10,12 ദിവസങ്ങളിലായി മെഡിക്കല്‍ കോളജില്‍ 54 മണിക്കൂറോളം ദ്രവ ഓക്‌സിജന്റെ അഭാവമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.

ഓക്‌സിജന്റെ വിതരണത്തിനും ടെന്‍ഡര്‍, പണമടയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളിലും ഡോ. കഫീലിന് ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കിയ റിപ്പോര്‍ട്ടില്‍, ആഗസ്റ്റ് 10 മുതല്‍ 12 വരെ 54 മണിക്കൂര്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതായും സ്ഥിരീകരിക്കുന്നുണ്ട്. ഇതോടെ യോഗി സര്‍ക്കാരിന്റെ വീഴ്ച്ചയാണ് പുറത്ത് വന്നത്. സര്‍ക്കാരിനും ആശുപത്രി അധികൃതകര്‍ക്കും സംഭവിച്ച വീഴ്ച്ചയാണ് കുരുന്നുകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.

'ഭരണപരമായ പരാജയം മറച്ചുവെക്കാന്‍ എന്നെ ബലിയാടാക്കുകയും ഒമ്പത് മാസം ജയിലില്‍ അടയ്ക്കുകയും ചെയ്തു,' കഫീല്‍ ഖാന്‍ പറഞ്ഞു. യഥാസമയം പണമടയ്ക്കുന്നതില്‍ പരാജയപ്പെട്ടവരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കഫീല്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it