Latest News

സംഘപരിവാര്‍ മാതൃകയില്‍ കൊടി: സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുത്ത ഗണേശോത്സവം വിവാദമായി

സംഘപരിവാര്‍ മാതൃകയില്‍ കൊടി: സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുത്ത ഗണേശോത്സവം വിവാദമായി
X

പാലക്കാട്: സംഘപരിവാര്‍ മാതൃകയിലുള്ള കൊടിയുപയോഗിച്ച് ചിറ്റൂരില്‍ നടത്തിയ വിനായകചതുര്‍ഥി നിമജ്ജന ശോഭയാത്രയില്‍ സിപിഎം പ്രദേശികനേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തത് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ചിറ്റൂര്‍ അഞ്ചാംമൈലിലാണ് സംഘപരിവാര്‍, ശിവസേന സംഘടനകളുടെ മാതൃകയില്‍ വിപ്ലവ ഗണേശോത്സവമെന്ന പേരില്‍ നിമജ്ജന ശോഭായാത്ര സംഘടിപ്പിച്ചത്.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തിയും രാമായണപാരായണവും നടത്തിയ വിവാദങ്ങള്‍ അവസാനിക്കുംമുമ്പെയാണ് പുതിയ വിവാദം.

ഞായറാഴ്ച അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതിയിലായിരുന്നു പരിപാടി. ആര്‍എസ്എസിന്റെ പതാകയ്ക്ക് ബദലായി കാവിക്കൊടിയെന്ന് തോന്നിപ്പിക്കുംവിധം ഇളം മഞ്ഞനിറത്തിലുള്ള പതാകയില്‍ ഗണപതിയുടെചിത്രം ആലേഖനംചെയ്താണ് ഗണേശോത്സവത്തിന് ഉപയോഗിച്ചത്. എന്നാല്‍, ആര്‍എസ്എസ് ഔദ്യോഗികമായി ഉപയോഗിക്കാറുള്ള കാവിക്കൊടിക്ക് സമാനമായി ത്രികോണാകൃതിയിലും ശിവജിചിത്രം ആലേഖനംചെയ്യുന്ന പതാകയുടെ (ഇരട്ട ത്രികോണം) മാതൃകയിലുമായിരുന്നു ഈ ഉത്സവത്തിന് ഉപയോഗിച്ച കൊടിയും.

പരിപാടി കണ്ടുനിന്നവര്‍ സമൂഹമാധ്യമങ്ങളില്‍ ദൃശ്യവും കൊടിയും പങ്കുവെച്ചു. വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടിപ്പിച്ച പരിപാടിയാണെന്ന് തെറ്റിദ്ധരിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് വൈറലായത്.

സംഘം കുന്നങ്കാട്ടുപതിയിലും അഞ്ചാംമൈലിലും രണ്ട് ഗണപതിവിഗ്രഹങ്ങള്‍ സ്ഥാപിച്ചിരുന്നു. ഘോഷയാത്രയായി ഞായറാഴ്ച ചിറ്റൂര്‍പ്പുഴയുടെ നറണിഭാഗത്താണ് വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തത്.

Next Story

RELATED STORIES

Share it