Latest News

ആവര്‍ത്തിച്ചാല്‍ അറസ്റ്റ്; സൊമാറ്റോ വിവാദക്കാരന് പൂട്ടിട്ട് പോലിസ്

വര്‍ഗീയത ഉയര്‍ത്തുന്നതോ, ആളുകളെ ഭിന്നിപ്പിക്കുന്നതോ ആയ എന്തെങ്കിലും അടുത്ത ആറ് മാസം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് ശുക്ലയ്ക്ക് പോലിസ് നല്‍കിയ നോട്ടീസില്‍ പറയുന്നത്.

ആവര്‍ത്തിച്ചാല്‍ അറസ്റ്റ്; സൊമാറ്റോ വിവാദക്കാരന് പൂട്ടിട്ട് പോലിസ്
X

ഭോപ്പാല്‍: ഭക്ഷണവിതരണക്കാരന്‍ ഹിന്ദുവല്ലാത്തതിന്റെ പേരില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയില്‍ നിന്നും ഭക്ഷണം കാന്‍സല്‍ ചെയ്ത് വര്‍ഗീയപരാമര്‍ശം ട്വീറ്റ് ചെയ്ത അമിത് ശുക്ലയ്‌ക്കെതിരേ പോലിസ്. വര്‍ഗീയത ഉയര്‍ത്തുന്നതോ, ആളുകളെ ഭിന്നിപ്പിക്കുന്നതോ ആയ എന്തെങ്കിലും അടുത്ത ആറ് മാസം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് ശുക്ലയ്ക്ക് പോലിസ് നല്‍കിയ നോട്ടീസില്‍ പറയുന്നത്.

ചൊവ്വാഴ്ചയാണ് ഭക്ഷണവിതരണക്കാരന്‍ അഹിന്ദുവായതിനാല്‍ താന്‍ സൊമാറ്റയോട് ഭക്ഷണ ഓര്‍ഡര്‍ റദ്ദാക്കിയെന്ന് ട്വീറ്റ് ചെയ്തത്. പിന്നീട് ഇതിന് മറുപടിയായി സൊമാറ്റൊ പ്രതികരിച്ചത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഈ സാഹചര്യത്തിലാണ് പോലിസ് നടപടി സ്വീകരിക്കാനൊരുങ്ങിയത്. അമിത് ശുക്ലയില്‍ നിന്ന് ഇത്തരമൊരു പെരുമാറ്റം ഉണ്ടായ സാഹചര്യം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്ന് ജബല്‍പുര്‍ പോലിസ് സൂപ്രണ്ട് അമിത് സിങ് പറഞ്ഞു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും സ്വമേധയാ നോട്ടീസ് അയയ്ക്കാനാണ് പോലിസ് തീരുമാനിച്ചത്.

അമിത് ശുക്ലയുടെ വിവാദമായ ട്വീറ്റ് ഇങ്ങനെ;

ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല, കാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്താല്‍ മതി.

ഉപഭോക്താവിന്റെ ഈ ആവശ്യം അംഗീകരിക്കാവുന്നതല്ലെന്നും അത്തരത്തില്‍ നഷ്ടപ്പെടുന്ന കച്ചവടത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയില്ലെന്നുമായിരുന്നു സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പ്രതികരിച്ചത്. അതോടൊപ്പം തന്നെ ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണം തന്നെ ഒരു മതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം ഇന്നലെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെ സൊമാറ്റോയുടെ നിലപാടിന് പൂര്‍ണ്ണ പിന്തുണ അറിയിച്ച് ഊബര്‍ ഈറ്റ്‌സ് ഇന്ത്യയും രംഗത്തെത്തി. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇരുകമ്പനികള്‍ക്കും എതിരെ ബഹിഷ്‌കരണ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ഹിന്ദുത്വവാദികള്‍.

Next Story

RELATED STORIES

Share it