Latest News

'ലവ് യൂ'; ആദ്യ കന്നഡ എഐ ചിത്രം റിലീസിനൊരുങ്ങുന്നു

ലവ് യൂ; ആദ്യ കന്നഡ എഐ ചിത്രം റിലീസിനൊരുങ്ങുന്നു
X

ബെംഗളൂരു: പൂര്‍ണ്ണമായും എഐയില്‍ നിര്‍മ്മിച്ച ഫീച്ചര്‍ ഫിലിം റിലീസിനൊരുങ്ങുന്നു. 'ലവ് യൂ' എന്ന ചിത്രത്തിലൂടെ കന്നഡ സിനിമ ആഗോള ചലച്ചിത്ര വ്യവസായത്തിലെ എഐ വിപ്ലവത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ലോകത്തില്‍ തന്നെ ആദ്യത്തെ പരീക്ഷണം എന്നാണ് സിനിമ അവകാശപ്പെടുന്നത്. എസ് നരസിംഹമൂര്‍ത്തിയാണ് സിനിമയുടെ സംവിധാനം.

ഓരോ ഫ്രെയിമും, പാട്ടും, സംഭാഷണവും, ആനിമേഷനും, ലിപ്-സിങ്കും, പൂര്‍ണമായും എഐ ഉപയോഗിച്ചാണ് ലവ് യൂ എന്ന സിനിമയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രാഫിക് ഡിസൈനര്‍ നുഥാന്‍ ആണ് നരസിംഹ മൂര്‍ത്തിക്കൊപ്പം പ്രവര്‍ത്തിച്ചിരിക്കുന്നത്.

'വെര്‍ച്വല്‍ ലൊക്കേഷനുകള്‍ മുതല്‍ വികാരഭരിതമായ രംഗങ്ങള്‍ വരെയുള്ള കഥ പറച്ചിലിന്റെ പുതിയ രീതിയാണ് ഇതെന്ന് നരസിംഹമൂര്‍ത്തി പറയുന്നു. കഥപറച്ചിലുകളും സാങ്കേതികവിദ്യയും ഒരുമിച്ച് നിലനില്‍ക്കുന്ന ഒരു യുഗത്തിലേക്ക് നമ്മള്‍ കാലെടുത്തുവയ്ക്കുകയാണെന്നും നരസിംഹമൂര്‍ത്തി പറഞ്ഞു. ഈ മേഖലയിലേക്ക് ആദ്യ ചുവട് വെക്കുന്നത് കന്നഡ സിനിമയാണ് എന്നത് വലിയ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

'' ലവ് യു' വരും മാസങ്ങളില്‍ ആഗോളതലത്തില്‍ തന്നെ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനം. ഔദ്യോഗിക തീയതി ഉടന്‍ പ്രഖ്യാപിക്കും. 'ഈ ചിത്രം കഥപറച്ചിലിന്റെ ഒരു പുതിയ ഭാഷയാണ്, അത് ഇവിടെ നിന്ന് ആരംഭിക്കുകയാണ്' നരസിംഹമൂര്‍ത്തി പറഞ്ഞു.

10 ലക്ഷം രൂപ ബജറ്റില്‍ ആറ് മാസമെടുത്താണ് സിനിമ പൂര്‍ത്തിയാക്കിയത്. സിബിഎഫ്‌സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആദ്യത്തെ എഐ സിനിമ കൂടിയാണ് ഇത്. 95 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയില്‍ 12ഓളം പാട്ടുകള്‍ ഉണ്ട്. മുപ്പത് വ്യത്യസ്തമായ എഐ ടൂളുകളാണ് സിനിമയുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്.

Next Story

RELATED STORIES

Share it