Latest News

തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഭൂമിയിലും കരിങ്കല്‍ ഖനനം; ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഭൂമിയിലും കരിങ്കല്‍ ഖനനം; ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
X

തൃശൂര്‍: വര്‍ധിച്ചു വരുന്ന നിര്‍മാണ ആവശ്യങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാറ ലഭ്യമായ ഭൂമിയില്‍ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി കരിങ്കല്‍ ഖനനം സാധ്യമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ സാധ്യതകള്‍ അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഇതോടൊപ്പം തൃശൂര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് രൂപീകൃതമായ സബ് ഡിവിഷനല്‍ തല കമ്മിറ്റി പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.

ഖനനത്തിന് ആവശ്യമായ എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്ന് താലൂക്കുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പാക്കണമെന്ന് പോലിസ് വകുപ്പ് അറിയിച്ചു.

ജില്ലയിലെ വന്യജീവി സാങ്കേതങ്ങളായ പീച്ചി, ചിമ്മിനി പരിധിയുടെ 1 കിലോമീറ്റര്‍ വിട്ട് മാത്രമേ ക്വാറികള്‍ അനുവദിക്കാവു എന്ന് പീച്ചി വൈല്‍ഡ് ലൈഫ് ഓഫിസര്‍ അറിയിച്ചു. ഇക്കാര്യം ശ്രദ്ധിക്കാന്‍ വേണ്ട നടപടികള്‍ എടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളിലും പ്രവര്‍ത്തിക്കാതെ പൂട്ടിക്കിടക്കുന്ന ക്വാറികളിലും പരിശോധന ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 6 മാസത്തില്‍ ഒരിക്കല്‍ ക്വാറികളില്‍ പരിശോധന നടത്തണം. ജിയോളജി വകുപ്പിന്റെ കോമ്പാസ് സോഫ്റ്റ്‌വെയര്‍ ഉപയോഗത്തിന് താലൂക്ക്തല ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ക്വാറികള്‍ക്കുള്ള പെര്‍മിറ്റും മറ്റും നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനമാണിത്.

കൂടാതെ ക്വാറികളില്‍ പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളുടെ ഉപയോഗവും അത് ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യതയുംനിരീക്ഷണം നടത്തണമെന്നും വ്യാജ പെര്‍മിറ്റ്, പാസുകള്‍ തുടങ്ങിയവ നിരീക്ഷിക്കാനും പോലിസിന് നിര്‍ദ്ദേശം നല്‍കി. ഖനനം അനുമതി ലഭിച്ച വ്യാപ്തിയിലും ആഴത്തിലും മാത്രമേ നടക്കുന്നുള്ളു എന്നും ഉറപ്പാക്കണം. പുതിയ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് കൃഷിക്കനുയോജ്യമല്ലാത്ത കൂടുതല്‍ പാറയുള്ള ഭൂമികളിലാണ് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നത്.

സര്‍വ്വേ മാപ്പുകള്‍ തയ്യാറാക്കി ഗ്രാനൈറ്റ് ക്വാറികള്‍ക്ക് അനുയോജ്യമായ ഭൂമി ഇതുപ്രകാരം കണ്ടെത്തും. ഭൂമി കണ്ടെത്താനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ഇപ്പോള്‍ ആകെയുള്ളത് 28 ക്വാറികളാണ്. പണ്ട് പ്രവര്‍ത്തിച്ചിരുന്നതും ഇപ്പോള്‍ അടച്ചിട്ടിരിക്കുന്നതുമായ ക്വാറികളിലെ മൈനിങ് സാധ്യതയും പഠിക്കും. കൂടാതെ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും നിയമലംഘനം നടക്കുന്നുണ്ടോയെന്നും പാറ പൊട്ടിക്കാനുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത് പകല്‍സമയത്താണോ എന്ന് ഉറപ്പുവരുത്താനും യോഗത്തില്‍ തീരുമാനിച്ചു.

യോഗത്തില്‍വിവിധ താലൂക്ക്തല തഹസില്‍ദാര്‍മാര്‍, തൃശൂര്‍ സിറ്റി അഡിഷണല്‍ എസ് പി, റവന്യൂ ഡിവിഷണല്‍ ഉദ്യോഗസ്ഥര്‍, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍, പീച്ചി വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it