Latest News

മധ്യപ്രദേശില്‍ ബിജെപിക്ക് ഞെട്ടല്‍; കമല്‍നാഥ് സര്‍ക്കാരിനെ അനുകൂലിച്ച് ബിജെപി എംഎല്‍എമാര്‍

മധ്യപ്രദേശില്‍ ബിജെപിക്ക് ഞെട്ടല്‍; കമല്‍നാഥ് സര്‍ക്കാരിനെ അനുകൂലിച്ച് ബിജെപി എംഎല്‍എമാര്‍
X

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിയെ ഞെട്ടിച്ച് നിയമസഭയില്‍ രണ്ട് ബിജെപി എംഎല്‍ എമാര്‍ കമല്‍നാഥ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ പാസാക്കുന്നതിനിടെയാണ് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്തത്. 2014ല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ നാരായണ്‍ ത്രിപാഠിയും ശരദ് കോളുമാണ് സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തത്. വോട്ടെടുപ്പിന് പിന്നാലെ ബിജെപിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി കമല്‍നാഥ് രംഗത്തെത്തി. തങ്ങള്‍ ന്യൂനപക്ഷ സര്‍ക്കാരാണെന്നും ഏതുദിവസവും താഴെപ്പോകാമെന്നും എല്ലാ ദിവസവും ബിജെപി പറയാറുണ്ടെന്നും എന്നാല്‍ ഇന്ന് സഭയില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ തങ്ങളുടെ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തുവെന്നും ഭേദഗതി പാസായതിനു പിന്നാലെ മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.

അനുകൂലമായ സിഗ്‌നല്‍ കിട്ടിയാല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരും 24 മണിക്കൂറിനുള്ളില്‍ നിലംപൊത്തുമെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ നിയമസഭയില്‍ ബുധനാഴ്ച പറഞ്ഞതിനു പിന്നാലെയാണ് ബിജെപിക്ക് ഞെട്ടല്‍ നല്‍കി രണ്ടു എംഎല്‍എമാര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തിരിക്കുന്നത്. 231 അംഗ നിയമസഭയില്‍ 121 എംഎല്‍എമാരുടെ പിന്തുണയോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ ഭരണം നടത്തുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ 114 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ്, ബിഎസ്പിയുടെയും സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ബിജെപിക്ക് 109 എംഎല്‍എമാരാണുള്ളത്.

Next Story

RELATED STORIES

Share it