Latest News

തൃശൂർ ജില്ലാ കേരളോത്സവം: ഈ വര്‍ഷം മുതല്‍ എവര്‍ റോളിംഗ് ട്രോഫി

തൃശൂർ ജില്ലാ കേരളോത്സവം: ഈ വര്‍ഷം മുതല്‍ എവര്‍ റോളിംഗ് ട്രോഫി
X



തൃശൂർ: ഈ വര്‍ഷത്തെ ജില്ലാ കേരളോത്സവത്തിന്റെ കലാ മത്സരങ്ങള്‍ തൃശൂരിലും കായിക മത്സരങ്ങള്‍ തൃപ്രയാറിലും നടത്താന്‍ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു. ഗെയിംസ് ഇനങ്ങള്‍ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും ആര്‍ച്ചറി മല്‍സരങ്ങള്‍ കൈപ്പറമ്പ് ഇന്‍ഡോര്‍ സ്റ്റേഡിയം, നീന്തല്‍ മല്‍സരങ്ങള്‍ തൃശൂര്‍ അക്വാറ്റിക് കോംപ്ലക്‌സ് എന്നിവിടങ്ങളിലും നടത്തും. കലാ മല്‍സരങ്ങള്‍ തൃശൂര്‍ നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലും ഹാളുകളിലും നടത്താനും തീരുമാനമായി.


ഈ വര്‍ഷം ആദ്യമായി ജില്ലാതല കേരളോത്സവത്തില്‍ എവര്‍ റോളിംഗ് ട്രോഫി ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തല മത്സര വിജയികളെ പങ്കെടുപ്പിച്ച് നടത്തുന്ന ജില്ലാ കേരളോത്സവത്തിന്റെ സ്‌റ്റേജ് മത്സരങ്ങള്‍ ഡിസംബര്‍ 10ന് ആരംഭിക്കും. ഡിസംബര്‍ 10ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, കലാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കായിക ഇനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ മത്സരങ്ങളും ഡിസംബര്‍ 18നകം പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.


ജില്ലാതല കേരളോത്സവത്തിന്റെ വിജയത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജനറല്‍ കണ്‍വീനറുമായുള്ള സംഘാടക സമിതിക്ക് കീഴില്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ കെ എസ് ജയ (റിസപ്ഷന്‍ ആന്റ് പ്രോഗ്രാം കമ്മിറ്റി), വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ എ വി വല്ലഭന്‍ (ഫുഡ് കമ്മിറ്റി), ജില്ലാ പഞ്ചായത്തംഗങ്ങളായ വി എസ് പ്രിന്‍സ് (ആര്‍ട്‌സ് കമ്മിറ്റി), പി എം അഹമ്മദ് (സ്‌പോര്‍ട്‌സ് കമ്മിറ്റി), ജോസഫ് ടാജറ്റ് (ട്രോഫി ആന്റ് റിപ്പോര്‍ട്ടിംഗ് കമ്മിറ്റി), ലതാ ചന്ദ്രന്‍ (പബ്ലിസിറ്റി, ലൈറ്റ് ആന്റ് സൗണ്ട് കമ്മിറ്റി), വി എന്‍ സുര്‍ജിത് (വോളണ്ടിയര്‍ കമ്മിറ്റി), ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ (ധനകാര്യ കമ്മിറ്റി), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ (അപ്പീല്‍ കമ്മിറ്റി) എന്നിവര്‍ ചെയര്‍മാന്മാരായി വിവിധ സബ് കമ്മിറ്റികള്‍ക്കും യോഗം രൂപം നല്‍കി. ദേശീയ മല്‍സര ഇനങ്ങള്‍, കലാസാഹിത്യ മത്സരങ്ങള്‍, അത്ലറ്റിക്സ്, ഗെയിംസ്, നീന്തല്‍, കളരിപ്പയറ്റ് വിഭാഗങ്ങളിലായാണ് ജില്ലാതലത്തില്‍ മത്സരങ്ങള്‍ നടക്കുക. സംസ്ഥാനതല കലാമത്സരങ്ങള്‍ ഡിസംബര്‍ 20 മുതല്‍ 23 വരെയും കായിക മത്സരങ്ങള്‍ 27 മുതല്‍ 30 വരെയും നടക്കും.


ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ പി എം അഹമ്മദ്, എ വി വല്ലഭന്‍, കെ എസ് ജയ, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒ എ സുധീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകന്‍, ഫിനാന്‍സ് ഓഫീസര്‍ ടി യു പ്രസന്നകുമാര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സി ടി സബിത തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it