Districts

പട്ടാമ്പി താലൂക്കിൽ ഇന്നു മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

കഴിഞ്ഞ 3 ദിവസങ്ങളിലായി പട്ടാമ്പിയിൽ 1460 പേർക്കാണ് റാപ്പിഡ് ടെസ്റ്റ് നടത്തിയത് 142 പേർക്ക് രോഗം സ്ഥിരികരിച്ചു.

പട്ടാമ്പി താലൂക്കിൽ ഇന്നു മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ
X

പട്ടാമ്പി: പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലും കൊവിഡ് വ്യാപനം ഭീതിസൃഷ്ടിച്ചതോടെ പട്ടാമ്പി താലൂക്കിൽ ഇന്നു മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. തൃത്താല നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും, പട്ടാമ്പി നിയോജക മണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും, പട്ടാമ്പി നഗരസഭയിലും, ഒറ്റപ്പാലം താലൂക്കിലെ നെല്ലായ പഞ്ചായത്തിലുമാണ് ലോക്ക് ഡൗൺ. ലോക്ക് ഡൗണിന്റെ ഭാഗമായി പൊതുഗതാഗതം നിരോധിച്ചു. അവശ്യ സർവീസുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

നഗരസഭാ മൽസ്യ മാർക്കറ്റിലെ തൊഴിലാളിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെയും, നഗരസഭയുടേയും നേതൃത്വത്തിൽ ഇന്നലെ റാപ്പിഡ് ആനെറിജൻ ടെസ്റ്റ് നടന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരുടെ കുടുംബത്തിൽപ്പെട്ട 565 പേരെയാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിൽ 36 പേർക്ക് രോഗം കണ്ടെത്തി. കഴിഞ്ഞ 3 ദിവസങ്ങളിലായി പട്ടാമ്പിയിൽ 1460 പേർക്കാണ് റാപ്പിഡ് ടെസ്റ്റ് നടത്തിയത് 142 പേർക്ക് രോഗം സ്ഥിരികരിച്ചു. മാർക്കറ്റുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്ന ഇനിയും പരിശോധനയ്ക്ക് വിധേയരാകാത്തവർക്ക് വേണ്ടി നാളെയും പരിശോധ നടത്തും.

നിലവിൽ പോസിറ്റീവായ ആളുകളുടെ പ്രാഥമിക സമ്പർക്ക പട്ടിക തയാറാക്കി മുഴുവൻ ആളുകളേയും പരിശോധനയ്ക്ക് വിധേയരാക്കും. പട്ടാമ്പി, ഓങ്ങല്ലൂർ, കൊപ്പം, വിളയൂർ, മുതുതല എന്നിവിടങ്ങളിൽ പ്രാഥമിക ചികിൽസാ കേന്ദ്രങ്ങൾ തയ്യാറായതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗ തീരുമാന പ്രകാരം പട്ടാമ്പി മുനിസിപ്പാലിറ്റി, ഓങ്ങല്ലൂർ, മുതുതല പ്രദേശങ്ങളിലെ മുഴുവൻ വീടുകളിലും കൊവിഡ് ബാധിതരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള സർവ്വേ ഇന്നലെ ആരംഭിച്ചു.

Next Story

RELATED STORIES

Share it