Districts

ലോകബാങ്ക് പണം മുടക്കിയ ഊര്‍ങ്ങാട്ടിരി ജലനിധി പദ്ധതിയില്‍ വന്‍ സാമ്പത്തിക ക്രമക്കേട്

മൂന്ന് ഷെഡ്യൂളിലായി നടന്ന പദ്ധതിയില്‍ അനുബന്ധ ഉപകരണങ്ങള്‍, പൈപ്പ്, പ്രവര്‍ത്തിക്കാനാവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയവയില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി പരാതിയുയര്‍ന്നിരുന്നു.

ലോകബാങ്ക് പണം മുടക്കിയ ഊര്‍ങ്ങാട്ടിരി ജലനിധി പദ്ധതിയില്‍ വന്‍ സാമ്പത്തിക ക്രമക്കേട്
X

അരീക്കോട്: ഡിസംബര്‍ 21 ന് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ച ഊര്‍ങ്ങാട്ടിരിയിലെ ജലനിധി പദ്ധതിയില്‍ വന്‍ സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം ഉയര്‍ന്നു. ലോകബാങ്ക് സഹായത്താല്‍ 21 കോടി ചിലവഴിച്ച് നിര്‍മിക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയെന്ന് അവകാശപ്പെടുന്ന ജലനിധി കുടിവെള്ള പദ്ധതിക്ക് വേണ്ടി ആദ്യഘട്ടത്തില്‍ വാങ്ങിയ പൈപ്പുകള്‍ ഗുണനിലവാരം കുറഞ്ഞതായിരുന്നു.

വേള്‍ഡ് ബാങ്ക് ഉദ്യാഗസ്ഥര്‍ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തിയ പൈപ്പുകള്‍ പിന്നീട് മാറ്റി വില കുറവും ഗുണനിലവാരം കുറഞ്ഞതും ഇറക്കുമതി ചെയ്യുകയായിരുന്നു. ആദ്യഘട്ട പദ്ധതി പ്രവര്‍ത്തനത്തില്‍ നേതൃത്വം നല്‍കിയ ജലനിധിയിലെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അശാസ്ത്രീയമായ പൈപ്പ് സ്ഥാപിച്ചത് വിവാദമായതും ക്രമക്കേട് നടന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓഫിസറെ ഒഴിവാക്കുകയായിരുന്നു.

മൂന്ന് ഷെഡ്യൂളിലായി നടന്ന പദ്ധതിയില്‍ അനുബന്ധ ഉപകരണങ്ങള്‍, പൈപ്പ്, പ്രവര്‍ത്തിക്കാനാവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയവയില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി പരാതിയുയര്‍ന്നിരുന്നു. രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി വിതരണം നടത്തേണ്ടിയിരുന്ന ജലനിധി പദ്ധതി വൈകാന്‍ കാരണം സാമ്പത്തിക ക്രമക്കേടും പദ്ധതി നടത്തിപ്പിലെ അശാസ്ത്രീയമായ പ്രവര്‍ത്തിയുമാണ്.

പരിചയസമ്പനരല്ലാത്തവരും തുടക്കക്കാരുമായ ഉദ്യോഗസ്ഥരെ ചുമതല ഏല്‍പ്പിച്ചതും പദ്ധതിയിലെ അപാകതയായി കണക്കാക്കപ്പെടുന്നു. അതോടൊപ്പം ജലനിധി നടത്തിപ്പിന്റെ ഉത്തരവാദിത്വമുള്ള സെന്റര്‍ ഫോര്‍ എംപ്ലോയ്‌മെന്റ് ആന്റ് എജ്യുക്കേഷന്‍ ഗൈഡന്‍സ് എന്ന ഏജന്‍സിയില്‍ നിന്നുള്ള വിവരം ഊര്‍ങ്ങാട്ടിരിപഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥയാണ് പദ്ധതി നീണ്ടുപോകാന്‍ കാരണമെന്നും പഞ്ചായത്ത് വിഹിതമായ മൂന്നര കോടി ഫണ്ട് അനുവദിക്കാന്‍ വൈകിപ്പിച്ചതും കാരണമായി പറയുന്നു.

21 വാര്‍ഡുകള്‍ ഉള്ള ഊര്‍ങ്ങാട്ടിരിയില്‍ 18 വാര്‍ഡുകളിലേക്കായി 3534 വീടുകളിലേക്കാണ് കണക്ഷന്‍ നല്‍കിയത്. ജലനിധി പദ്ധതി ഗുണഭോക്തൃ വിഹിതമായി ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി ഇരുപതിനായിരം രൂപ പിരിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഗുണഭോക്തൃവിഹിതം വാങ്ങിയ വാര്‍ഡുമെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ള സമിതി ഭാരവാഹികളില്‍ 18 ലക്ഷം അടക്കാതെ കൈവശം വെച്ചതായി വിവരവകാശ രേഖകളില്‍ നിന്നുള്ള വിവരം.

കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച ജലനിധി പദ്ധതിയിലെ സാമ്പത്തിക ക്രമക്കേടുകടുകളും ഇറക്കുമതി ചെയ്ത ഉപകരണങ്ങളുടെ ഗുണ നിലവാരവും അന്വേഷണം നടത്തണമെന്ന് ഗുണഭോക്താക്കള്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it