India

സ്‌കൂള്‍ ബാഗുകളുടെ ഭാരം പരിമിതപ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം

സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും പുസ്തക സഞ്ചികളുടെ ഭാരം കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു.

സ്‌കൂള്‍ ബാഗുകളുടെ ഭാരം പരിമിതപ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം
X

ബംഗളൂരു: സ്‌കൂള്‍ ബാഗുകളുടെ അമിതഭാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന കുരുന്നുകള്‍ക്ക് ചെറിയ ആശ്വാസം. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും പുസ്തക സഞ്ചികളുടെ ഭാരം കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം ബാധകമാണ്.

ഉത്തരവ് പ്രകാരം 1,2 ക്ലാസുകളിലെ ബാഗിന്റെ ഭാരം 2 കിലോയില്‍ കൂടാന്‍ പാടില്ല. 3 മുതല്‍ 5 വരെ ക്ലാസുകളില്‍ 2കിലോയ്ക്കും മൂന്ന് കിലോയ്ക്കും ഇടയിലായിരിക്കണം സ്‌കൂള്‍ ബാഗിന്റെ ഭാരം. ക്ലാസുകള്‍ക്കനുസരിച്ച് വര്‍ധിക്കുന്ന ഭാരം 9, 10 ക്ലാസുകളിലെത്തുമ്പോള്‍ 4 കിലോയ്ക്കും 5 കിലോയ്ക്കും ഇടയിലായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കരുതെന്നും നിര്‍ദേശമുണ്ട്. ക്ലാസില്‍ കൊണ്ടു വരേണ്ട പുസ്തകങ്ങളുടെ എണ്ണം പരമാവധി കുറയുന്ന രീതിയില്‍ ആയിരിക്കണം ടൈംടേബിള്‍ ക്രമീകരിക്കേണ്ടത്. ക്ലാസ് വര്‍ക്കുകള്‍ മുഴുവന്‍ ഫയലിലോ പുസ്തകത്തിലോ ആക്കി സ്‌കൂളില്‍ തന്നെ സൂക്ഷിക്കണം.

ഭാരമുള്ള സ്‌കൂള്‍ ബാഗുകളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തണമെന്ന് മാനേജ്‌മെന്റുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കു നോട്ട് ബുക്കുകളും ടെക്‌സ്റ്റ് ബുക്കുകളും സൂക്ഷിക്കുന്നതിന് ക്ലാസ്മുറികളില്‍ സൗകര്യമൊരുക്കണം. കുട്ടികള്‍ വാട്ടര്‍ ബോട്ടിലുകള്‍ കൊണ്ടുവരേണ്ട സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമായ കുടിവെള്ളം സ്‌കൂളില്‍ തന്നെ ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

100 പേജില്‍ കൂടുതലുള്ള പുസ്തകങ്ങള്‍ കൈയില്‍വയ്ക്കാന്‍ കുട്ടികളോട് നിര്‍ദേശിക്കരുത്. ഓരോ മാസത്തെയും മൂന്നാമത്തെ ശനിയാഴ്ച്ച സ്‌കൂള്‍ ബാഗില്ലാത്ത ദിവസമായി നിശ്ചയിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ആ ദിവസം ഫീല്‍ഡ് വിസിറ്റ്, പൊതു വിവര ക്ലബ്ബ്, ആര്‍ട്ട് ക്ലാസ്, ഗെയിംസ്, അബാക്ക്‌സ്, ഡാന്‍സ് ക്ലാസ് തുടങ്ങി പുസ്തകങ്ങളില്ലാത്ത പ്രവര്‍ത്തികളില്‍ കുട്ടികളെ ഏര്‍പ്പെടുത്താനാണ് നിര്‍ദേശം.

അതേ സമയം, കാര്യമായ പഠനം നടത്താതെയാണ് സ്‌കൂള്‍ ബാഗുകള്‍ക്ക് ഭാരപരിധി വച്ചിട്ടുള്ളതെന്ന് ചില സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു.

സ്‌കൂള്‍ബാഗുകളുടെ ഭാരം കുറക്കുന്നതിന് മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കര്‍ണാടക സംസ്ഥാനം നടപടിയുമായി മുന്നോട്ടു പോവുന്നത്.

Next Story

RELATED STORIES

Share it