Kerala

കെസിബിസിയെ ഉപയോഗിച്ച് മുസ്‌ലിം വിരുദ്ധ പ്രചാരണം; കൈയോടെ പിടികൂടിയപ്പോള്‍ സഭാ ആസ്ഥാനത്തെത്തി മാപ്പുപറഞ്ഞ് തടിയൂരി ബിജെപി

ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫും ജനറല്‍ സെക്രട്ടറി ജോസഫ് പടമാടനുമാണ് സഭയുടെ പേരുപയോഗിച്ച് വിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരില്‍ ഖേദം പ്രകടിപ്പിച്ചത്. ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്ത് മുസ്‌ലിം വിരുദ്ധ പ്രചാരണം നടത്തിയ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.നോബിള്‍ മാത്യുവിനെതിരേ പ്രതിഷേധവുമായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

കെസിബിസിയെ ഉപയോഗിച്ച് മുസ്‌ലിം വിരുദ്ധ പ്രചാരണം; കൈയോടെ പിടികൂടിയപ്പോള്‍ സഭാ ആസ്ഥാനത്തെത്തി മാപ്പുപറഞ്ഞ് തടിയൂരി ബിജെപി
X

കോട്ടയം: സഭയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ച് വിദ്വേഷപ്രചാരണം നടത്തിയ സംഭവത്തില്‍ കെസിബിസി ആസ്ഥാനത്തെത്തി ബിജെപി നേതാക്കള്‍ മാപ്പ് പറഞ്ഞു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫും ജനറല്‍ സെക്രട്ടറി ജോസഫ് പടമാടനുമാണ് സഭയുടെ പേരുപയോഗിച്ച് വിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരില്‍ ഖേദം പ്രകടിപ്പിച്ചത്. ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്ത് മുസ്‌ലിം വിരുദ്ധ പ്രചാരണം നടത്തിയ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.നോബിള്‍ മാത്യുവിനെതിരേ പ്രതിഷേധവുമായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി സഭയുടെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അനാവശ്യ വര്‍ഗീയപ്രചാരണത്തിന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ മറവില്‍ നടക്കുന്ന ശ്രമങ്ങളെ സഭ തള്ളിപ്പറയുന്നതായും കേരളാ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍(കെസിബിസി) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു. സഭാനേതൃത്വം നിലപാട് ശക്തമാക്കിയതിനെത്തുടര്‍ന്നാണ് ബിജെപി നേതൃത്വം സഭാ ആസ്ഥാനത്ത് നേരിട്ടെത്തി മാപ്പ് പറഞ്ഞത്.

അതേസമയം, വിദ്വേഷപ്രചാരണം നടത്തിയ നോബിള്‍ മാത്യു സംഘത്തിലുണ്ടായിരുന്നില്ല. കെസിബിസി വക്താവ് ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളിയെ കണ്ടാണ് ഇരുവരും മാപ്പുപറഞ്ഞത്. 'ഖലീഫ ഭരണത്തിലേക്കുള്ള കോണിപ്പടികളാവാന്‍ ഇനി ഞങ്ങളില്ല' എന്നെഴുതിയ പോസ്റ്ററില്‍ കെസിബിസിയുടെ ഔദ്യോഗികമുദ്ര നോബിള്‍ മാത്യു ഉപയോഗിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം ക്രൈസ്തവര്‍ക്കിടയില്‍ സ്വാധീനം വളര്‍ത്തിയെടുക്കുകയെന്ന യുഡിഎഫ് നയത്തിന്റെ ഭാഗമായി മുസ്‌ലിം ലീഗ് നേതാക്കള്‍ സഭാനേതൃത്വത്തെ സന്ദര്‍ശിച്ചതാണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചത്.

പി കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെ അവഹേളിച്ചാണ് അഡ്വ. നോബിള്‍ മാത്യു കുറിപ്പ് പോസ്റ്റ് ചെയ്തത്. കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം ക്രൈസ്തവ സഭകളുടെ അരമനയുടെ തിണ്ണ നിരങ്ങുന്ന അസുലഭ കാഴ്ചയ്ക്കാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്നും അരമനകളില്‍ അഭിവന്ദ്യ പിതാക്കന്‍മാരെ കാണാന്‍ കാത്തുകെട്ടി നില്‍ക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ചിത്രവും വാര്‍ത്തയും കോഴിക്കൂടിനു വലംവയ്ക്കുന്ന കുറുക്കന്റെ കഥയുമായി ഏറെ സാമ്യം പകരുന്നുണ്ടെന്നും നോബിള്‍ മാത്യു വിമര്‍ശിക്കുന്നു.

ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഇരകളായി ലോകമെങ്ങും മാറിയ ക്രിസ്ത്യാനികളെ പാട്ടിലാക്കുക എന്ന ദുഷ്ടലാക്കോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ വരവ്. നിരവധി അക്രമങ്ങളെ അതിജീവിച്ച് നീറുന്ന മനസ്സുമായി നിലകൊള്ളുന്നവരാണ് കേരളത്തിലെ ക്രൈസ്തവ വിശ്വാസി സമൂഹം. അന്നൊന്നും ഈ കുഞ്ഞാലിക്കുട്ടിയെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ വകയായി ഒരാശ്വാസ വാക്കും കേട്ടിട്ടുമില്ലെന്നും അദ്ദേഹം പറയുന്നു. ഹാഗിയ സോഫിയ മസ്ജിദ് സംബന്ധിച്ച വിഷയത്തെ ന്യായീകരിച്ച് ചന്ദ്രിക പത്രത്തില്‍ ലേഖനമെഴുതിയതിനെയും നോബിള്‍ വിമര്‍ശിക്കുന്നുണ്ട്. അതേസമം, സംഭവത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഇക്കാര്യത്തിലുള്ള കെസിബിസിയുടെ പ്രതികരണം.

Next Story

RELATED STORIES

Share it