Kerala

ഡോ. ഷഹനയുടെ ആത്മഹത്യ; ആരോഗ്യ സര്‍വകലാശാല ഉത്തരവിന് സ്റ്റേ; റുവൈസിന് മെഡിക്കല്‍ കോളജില്‍ പഠനം തുടരാം

ഡോ. ഷഹനയുടെ ആത്മഹത്യ; ആരോഗ്യ സര്‍വകലാശാല ഉത്തരവിന് സ്റ്റേ; റുവൈസിന് മെഡിക്കല്‍ കോളജില്‍ പഠനം തുടരാം
X

കൊച്ചി: ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ പ്രതി ഡോ. റുവൈസിന് മെഡിക്കല്‍ കോളജില്‍ പഠനം തുടരാം. പിജി പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാല ഉത്തരവിന് സ്റ്റേ. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ പ്രതിയാണ് ഡോ. റുവൈസ്. പഠനം തുടരാനായില്ലെങ്കില്‍ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകും. ഒരാഴ്ചയ്ക്കകം പുനപ്രവേശനം നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. അനിഷ്ട സംഭവങ്ങള്‍ കോളജ് അധികൃതര്‍ തടയണമെന്നും നിര്‍ദ്ദേശമുണ്ട്.

ഷഹനയുടെ ആത്മഹത്യയില്‍ പങ്കില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹരജിയില്‍ ആരോപിച്ചിരുന്നത്. പോലിസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയില്‍ റുവൈസിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാല്‍ വിവാഹം വേഗം വേണമെന്ന് ഷഹന നിര്‍ബന്ധിച്ചിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ടായിരുന്നു.

ബന്ധത്തില്‍ നിന്നും പിന്മാറിയതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ഡോ. ഷഹന തിങ്കളാഴ്ച രാവിലെ ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഷഹന ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതല്‍ തകര്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് പോലിസിന്റെ വിലയിരുത്തല്‍. പിന്നീട് തിങ്കളാഴ്ച പതിനൊന്നരയോടെ ഡോ. ഷഹനയെ ഫ്ളാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

പ്രതിയുടെ പേര് ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങള്‍ ഉണ്ടെന്നും കണ്ടെത്തി. കേസില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്ന് ഡോ. റുവൈസിനെ മെഡിക്കല്‍ കോളജ് പോലിസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.




Next Story

RELATED STORIES

Share it