Kerala

അടിയന്തര ചികില്‍സയ്ക്കായി കേരളത്തില്‍ നിന്നും ആശുപത്രിയിലേക്ക് പോകുന്നവരെ തടയരുതെന്ന് കര്‍ണാടകയോട് കേരള ഹൈക്കോടതി

ആംബുലന്‍സിലും സ്വകാര്യ വാഹനങ്ങളിലും ആശുപത്രിയിലേക്ക് പോകുന്ന അടിയന്തിര ചികില്‍സ ആവശ്യമുളളവര്‍ക്കാണ് ഹൈക്കോടതി അനുമതി നല്‍കി ഇടക്കാല ഉത്തരവിട്ടത്. മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്

അടിയന്തര ചികില്‍സയ്ക്കായി കേരളത്തില്‍ നിന്നും ആശുപത്രിയിലേക്ക് പോകുന്നവരെ തടയരുതെന്ന് കര്‍ണാടകയോട് കേരള ഹൈക്കോടതി
X

കൊച്ചി: അടിയന്തര ചികില്‍സ ആവശ്യമുള്ളവര്‍ക്ക് കേരളത്തില്‍നിന്നു കര്‍ണാടകയിലെ ആശുപത്രിയിലേക്ക് യാത്ര ചെയ്യാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആംബുലന്‍സിലും സ്വകാര്യ വാഹനങ്ങളിലും ആശുപത്രിയിലേക്ക് യാത്ര ചെയ്യുന്ന അടിയന്തിര ചികില്‍സ ആവശ്യമുളളവര്‍ക്കാണ് ഹൈക്കോടതി അനുമതി നല്‍കി ഇടക്കാല ഉത്തരവിട്ടത്. മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന്‍ ബഞ്ച് ഇടക്കാല ഉത്തരവിട്ടത്. ഹരജിയില്‍ ആഗസ്ത് 25 നു വിശദമായ വാദം കേള്‍ക്കാനായി മാറ്റി. അതിര്‍ത്തി കടക്കാന്‍ ആര്‍ടിപിസിആര്‍ വേണമെന്ന നിബന്ധനയില്‍ ഇളവു നല്‍കിക്കൂടേ എന്നു കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു.

നിരന്തരം കര്‍ണാടകയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് നെഗറ്റിവ് ആര്‍ടിപിസിആര്‍ റിസള്‍ട്ട് വേണമെന്ന കര്‍ണാട സര്‍ക്കാരിന്റെ ഉത്തരവില്‍ ഇളവ് നല്‍കുന്നതിനു കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നു ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. വാക്‌സിനെടുത്തവര്‍ ഉള്‍പ്പടെ 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ നെഗറ്റിവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ നിബന്ധന.എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് ഓണ്‍ലൈനായി ഹാജരായ കര്‍ണാടകയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.വാക്‌സീന്‍ സ്വീകരിച്ചവരായാലും കര്‍ണാടകയിലേക്കു വരുമ്പോള്‍ 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ ഫലം വേണം എന്ന കര്‍ണാടകയുടെ നിലപാട് നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ഹരജിയില്‍ പറയുന്നു.

ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാഭാവിക നീതിയുടെ ലംഘനമാണ് ഇതെന്നും ഹരജിക്കാരന്‍ വാദിച്ചു.ആശുപത്രിയിലേക്ക് രോഗികളെയും പഠനാവശ്യത്തിനായി പോകുന്ന വിദ്യാര്‍ഥികളെയും അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചു യാത്രയ്ക്ക് അനുവദിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.ചികില്‍സ, ബിസിനസ്, വിദ്യാഭ്യാസം, കച്ചവടം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നിത്യേന കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധന ഫലം കൈവശം വേണമെന്ന നിര്‍ദ്ദേശം പ്രായോഗികമായി നടക്കുന്നതല്ലെന്നു ഹരജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു.

Next Story

RELATED STORIES

Share it