Kerala

ജപ്പാനിലെ ഒസാക്ക സര്‍വകലാശാല കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും

കേരളത്തിലെ സര്‍വകലാശാലകളിലെ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് കോഴ്സുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും.

ജപ്പാനിലെ ഒസാക്ക സര്‍വകലാശാല കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും
X

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളിലെ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് കോഴ്സുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. മുഖ്യമന്ത്രി പിണറായി വിജയനും ഒസാക്ക സര്‍വകലാശാലയിലെ ഗ്ലോബല്‍ എന്‍ഗേജ്മെന്‍റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഡോ. ജെന്‍റ കവഹാരയുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായത്. സര്‍വകലാശാലയുടെ സ്യൂട്ട കാമ്പസിലെ കോ-ക്രിയേറ്റീവ് ഇന്നൊവേഷന്‍ കെട്ടിടത്തിന്‍റെ കോണ്‍ഫറന്‍ സ് ഹാളിലായിരുന്നു കൂടിക്കാഴ്ച.

കേരളത്തിലെ സര്‍വകലാശാലകളുമായി വിവിധ മേഖലകളില്‍ സഹകരിക്കുന്നത് ഒസാക്ക സര്‍വകലാശാല ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ഡോ. കവഹാര പറഞ്ഞു. ക്രെഡിറ്റ് കൈമാറ്റത്തിന് സൗകര്യങ്ങളുള്ള സാന്‍ഡ് വിച്ച് കോഴ്സുകള്‍ ആ ദിശയിലേക്കുള്ള ആദ്യപടിയാകും.

നാച്ച്വറല്‍ പോളിമറുകള്‍, ബയോ പ്ലാസ്റ്റിക്, ബയോ കമ്പോസിറ്റുകള്‍, നാനോ ഘടനാപരമായ വസ്തുക്കള്‍, പോളിമര്‍ നാനോകമ്പോസിറ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഗവേഷണ സഹകരണം ആകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കപ്പല്‍ സാങ്കേതികവിദ്യ, സമുദ്രവിജ്ഞാനം, മറൈന്‍ സയന്‍സസ് എന്നിവയില്‍ സംയുക്ത പദ്ധതികള്‍ ആലോചിക്കാം.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പരസ്പര താല്പര്യമുള്ള ഒരു മേഖലയില്‍ മികവിന്‍റെ കേന്ദ്രം സ്ഥാപിക്കുന്നതില്‍ സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. സാമൂഹ്യശാസ്ത്രത്തിലും വികസന സാമ്പത്തിക ശാസ്ത്ര പഠനത്തിലും കുടിയേറ്റ പഠനത്തിലും സഹകരണം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഒസാക്ക സര്‍വകലാശാലയില്‍ 144,000 വിദ്യാര്‍ത്ഥികള്‍ക്ക് 11 ബിരുദ പ്രോഗ്രാമുകള്‍ക്കും 16 ഗ്രാജുവേറ്റ് സ്കൂളുകള്‍ക്കുമായുള്ള സൗകര്യങ്ങളുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് ഡോ. കവഹാര പറഞ്ഞു. സര്‍വകലാശാലയുടെ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് രാജ്യത്തിന്‍റെ പറത്തുനിന്നുള്ള വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നുവെന്നും കേരളത്തില്‍ നിന്ന് കൂടുതല്‍ അപേക്ഷകരെ പ്രതീക്ഷിക്കുന്നുണ്ടെന്നും യൂണിവേഴ്സിറ്റി അപ്ലൈഡ് ഫിസിക്സ് വിഭാഗം പ്രഫസര്‍ പ്രഭാത് വര്‍മ്മ പറഞ്ഞു.

ഗ്രാജുവേറ്റ് സ്കൂള്‍ ഓഫ് ലാംഗ്വേജ് ആന്‍റ് കള്‍ച്ചറിലെ പ്രഫസര്‍മാരായ മിക്കി നിഷിയോക, ടോറു ടാകു എന്നിവര്‍ മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത സമ്മര്‍ സ്കൂളുകളിലും ഹ്രസ്വകാല കോഴ്സുകളിലും താത്പര്യം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്‍റെ വാഗ്ദാനത്തെ അഭിനന്ദിക്കുകയും ചെയ്തു.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ പ്രഫ. വി കെ രാമചന്ദ്രന്‍, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സര്‍വകലാശാലയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയ ഒസാക്ക-കോബിയുടെ ഇന്ത്യയിലെ കോണ്‍സല്‍ ജനറലായ ബി ശ്യാമും യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it