Kerala

രാജ്യസഭാ തിരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം വിട്ടുനില്‍ക്കും

പിളര്‍പ്പിനു മുമ്പ് നിയമസഭാകക്ഷി വിപ്പ് ആയിരുന്ന റോഷി അഗസ്റ്റിനായിരിക്കും രാജ്യസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന വിപ്പ് ജോസഫ് പക്ഷ എംഎല്‍എമാര്‍ക്ക് അടക്കം നല്‍കുക.

രാജ്യസഭാ തിരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം വിട്ടുനില്‍ക്കും
X

കോട്ടയം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്ന് കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം വിട്ടുനില്‍ക്കും. ഈമാസം 24ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും ഇരുമുന്നണിക്കും വോട്ടുചെയ്യേണ്ടതില്ലെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതാധികാര സമിതിയിലാണ് ഇതുസംബന്ധിച്ച് ധാരണയുണ്ടായത്. ഇക്കാര്യം ജോസ് കെ മാണി എംപി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിലും സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തിലും സ്വതന്ത്രമായ നിലപാട് സ്വീകരിക്കാനാണ് തീരുമാനം. നിയമസഭയിലും പുറത്തും ഈ നിലപാട് തുടരാനാണ് ജോസ് പക്ഷത്തിന്റെ തീരുമാനം.

യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. മുന്നണിയില്‍നിന്ന് ഒഴിവാക്കിയതിനു മറുപടിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ എതിര്‍ത്ത് വോട്ടുചെയ്യണമെന്ന അഭിപ്രായം യോഗത്തിലുണ്ടായി. എന്നാല്‍, തല്‍ക്കാലം സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിച്ചതിനാല്‍ അതേ നിലപാട് നിയമസഭയിലും ഉയര്‍ത്തിപ്പിടിക്കണമെന്ന അഭിപ്രായം അംഗീകരിക്കുകയായിരുന്നു. വിട്ടുനില്‍ക്കുന്നതുതന്നെ യുഡിഎഫിന് നല്‍കുന്ന തക്കമറുപടിയാണെന്ന വിലയിരുത്തലുമുണ്ടായി. യുഡിഎഫില്‍നിന്ന് പുറത്താക്കിയ കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തെ എല്‍ഡിഎഫിലേയ്ക്ക് പരോക്ഷമായി സ്വാഗതം ചെയ്യുന്ന സമീപനം സിപിഎം നേതൃത്വത്തില്‍നിന്നുണ്ടായി.

കൂടാതെ ജോസ് വിഭാഗം തെറ്റുതിരുത്തി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍നിന്നും ഉയര്‍ന്നുവന്നു. ഇക്കാര്യങ്ങളില്‍ അന്തിമധാരണയിലെത്തുന്നതുവരെ സ്വതന്ത്രനിലപാട് സ്വീകരിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്നും അവിശ്വാസപ്രമേയത്തില്‍നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം. അതേസമയം, കേരള കോണ്‍ഗ്രസ് (എം) നിയമസഭാകക്ഷി വിപ്പ് റോഷി അഗസ്റ്റിന്‍ എംഎല്‍എയാണെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു. പിളര്‍പ്പിനു മുമ്പ് നിയമസഭാകക്ഷി വിപ്പ് ആയിരുന്ന റോഷി അഗസ്റ്റിനായിരിക്കും രാജ്യസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന വിപ്പ് ജോസഫ് പക്ഷ എംഎല്‍എമാര്‍ക്ക് അടക്കം നല്‍കുക.

പിളര്‍പ്പിനുശേഷം മോന്‍സ് ജോസഫിനെ വിപ്പ് ആക്കിയ ജോസഫ് വിഭാഗം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യണമെന്ന ബദല്‍വിപ്പ് തങ്ങളുടെ എംഎല്‍എമാര്‍ക്കുള്‍പ്പെടെ നല്‍കുമെന്ന് ജോസ് പക്ഷവും കരുതുന്നു. പാര്‍ട്ടിയുടെ അവകാശത്തര്‍ക്കത്തിന്‍മേല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീര്‍പ്പിനെ അടിസ്ഥാനമാക്കി മാത്രമേ വിപ്പ് ലംഘനത്തിന്റെ കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയൂ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തങ്ങള്‍ക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് ഇരുവിഭാഗവും. കെ എം മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് റോഷി അഗസ്റ്റിനെ വിപ്പായി തീരുമാനിച്ചത്. ഇക്കാര്യം രേഖാമൂലം മോന്‍സ് ജോസഫ് നിയമസഭാ സ്പീക്കറെ അറിയിച്ചിരുന്നു. പിന്നീട് കെ എം മാണിയുടെ മരണശേഷമാണ് കലഹമുണ്ടായത്.

Next Story

RELATED STORIES

Share it