Kerala

എസ്എസ്എൽസി പരീക്ഷ നാളെ ആരംഭിക്കും; പരീക്ഷയെഴുതാൻ 4,35,142 പേർ

മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 27,436 പേർ. ഏറ്റവും കുറച്ച് പേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 2,114 പേർ

എസ്എസ്എൽസി പരീക്ഷ നാളെ ആരംഭിക്കും; പരീക്ഷയെഴുതാൻ 4,35,142 പേർ
X

തിരുവനന്തപുരം: എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷകൾ നാളെ ആരംഭിക്കും. 28 വരയാണ് പരീക്ഷ. സംസ്ഥാനത്ത് 2,923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലുമായി 4,35,142 വിദ്യാർത്ഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതുന്നത്.

2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളും പരീക്ഷയെഴുതും. സർക്കാർ സ്‌കൂളുകളിലെ 1,42,033 കുട്ടികളും എയിഡഡ് സ്‌കൂളുകളിലെ 2,62,125 കുട്ടികളും അൺ എയിഡഡ് സ്‌കൂളുകളിലെ 30,984 കുട്ടികളും പരീക്ഷയെഴും. ഗൾഫ് മേഖലയിൽ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 682 പേരും പരീക്ഷയെഴുതുന്നു. ഇവർക്കു പുറമേ പ്രൈവറ്റ് വിഭാഗത്തിൽ ന്യൂ സ്‌കീമിൽ (പിസിഎൻ) 1,867 പേരും ഓൾഡ് സ്‌കീമിൽ (പിസിഒ) 333 പേരും പരീക്ഷ എഴുതും.

മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 27,436 പേർ. ഏറ്റവും കുറച്ച് പേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 2,114 പേർ.

ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎംഎച്ച്എസ് ആണ്. ഇവിടെ 2,411 പേർ പരീക്ഷ എഴുതുന്നു. ഏറ്റവും കുറച്ച് വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരാകുന്നത് തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പെരിങ്ങര ഗവൺമെന്റ് ഗേൾസ് എച്ച്എസിലാണ്. രണ്ട് പേരാണ് ഇവിടെ പരീക്ഷ എഴുതുക.

റ്റിഎച്ച്എസ്എൽസി വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,212 പേരാണ് പരീക്ഷയെഴുതുന്നത്. 2,957 ആൺകുട്ടികളും 255 പെൺകുട്ടികളും. എഎച്ച്എസ്എൽസി വിഭാഗത്തിൽ ഒരു പരീക്ഷാകേന്ദ്രമാണുള്ളത്. ചെറുതുരുത്തി കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ. 82 പേർ പരീക്ഷയെഴുതും. എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 284 പേരും റ്റിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ ഒരു പരീക്ഷ കേന്ദ്രത്തിൽ 14 പേരും പരീക്ഷയെഴുതും.

സംസ്ഥാനത്ത് 54 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാംപുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ഏപ്രിൽ അഞ്ച് മുതൽ മേയ് രണ്ട് വരെ രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം ഏപ്രിൽ അഞ്ചിന് ആരംഭിച്ച് ഏപ്രിൽ 13ന് അവസാനിക്കും. രണ്ടാം ഘട്ടം ഏപ്രിൽ 25ന് ആരംഭിക്കും. മൂല്യനിർണ്ണയ ക്യാംപുകളിലേക്കുള്ള ചീഫ് എക്‌സാമിനർമാരുടെയും അസിസ്റ്റന്റ് എക്‌സാമിനർമാരുടെയും നിയമന ഉത്തരവുകൾ മാർച്ച് 29 മുതൽ പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ ലഭിക്കും. കേന്ദ്രീകൃത മൂല്യനിർണ്ണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷൻ ക്യാംപുകൾ ഏപ്രിൽ രണ്ട്, മൂന്ന് തിയതികളിൽ സംസ്ഥാനത്തെ 12 സ്‌കൂളുകളിലായി നടക്കും.

Next Story

RELATED STORIES

Share it