Gulf

ബ്രാഹ്മണ്യം വൈവിധ്യങ്ങളെ തകര്‍ക്കുന്നു: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ഒരൊറ്റ ജനത, ഒരൊറ്റ രാജ്യം എന്ന മോഹന മുദ്രാവാക്യമുയര്‍ത്തി നമ്മുടെ രാജ്യത്തിന്റെ എല്ലാ വൈവിധ്യങ്ങളെയും സൗന്ദര്യത്തെയും നശിപ്പിക്കാനാണ് ഫാഷിസത്തിന്റെ മറവില്‍ വൈദിക മതം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ഇ കെ നജ്മുദ്ധീന്‍ അഭിപ്രായപ്പെട്ടു.

ബ്രാഹ്മണ്യം വൈവിധ്യങ്ങളെ തകര്‍ക്കുന്നു: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ദോഹ: ഒരൊറ്റ ജനത, ഒരൊറ്റ രാജ്യം എന്ന മോഹന മുദ്രാവാക്യമുയര്‍ത്തി നമ്മുടെ രാജ്യത്തിന്റെ എല്ലാ വൈവിധ്യങ്ങളെയും സൗന്ദര്യത്തെയും നശിപ്പിക്കാനാണ് ഫാഷിസത്തിന്റെ മറവില്‍ വൈദിക മതം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ഇ കെ നജ്മുദ്ധീന്‍ അഭിപ്രായപ്പെട്ടു. ആധുനിക ജനായത്ത കാലത്ത് പഴയ ചാതുര്‍വര്‍ണ്യാടിമത്തത്തെ പുതിയ കുപ്പിയില്‍ അവതരിപ്പിക്കുകയാണവര്‍.

യുഎപിഎ, എന്‍ഐഎ ഭേദഗതികളിലൂടെ നമ്മുടെ ഫെഡറല്‍ സംവിധാനത്തിന്റെ കടക്കല്‍ അവര്‍ കത്തിവച്ച് കഴിഞ്ഞു. ഒരൊറ്റ നേതൃത്വം ഒരൊറ്റ സൈന്യം എന്ന നീക്കത്തിലൂടെ ഫെഡറിലസത്തിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിക്കാനൊരുങ്ങുകയാണിപ്പോള്‍. പുതിയ ദേശീയ വിദ്യാഭ്യാസ നയം കൂടി വരുന്നതോടെ നമ്മുടെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ മഹത്തായ പാരമ്പര്യവും നഷ്ടമാവും. ജനായത്ത വ്യവസ്ഥിതിയുടെ മരണമണി മുഴങ്ങും മുമ്പ് ഉണര്‍ന്നിട്ടില്ലെങ്കില്‍ രാജ്യം മൊത്തത്തില്‍ തന്നെ വലിയൊരു കൊണ്‍സണ്‍ട്രേഷന്‍ കാംപായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഫോറം ഇന്‍ഡസ്ട്രിയല്‍ ഏരിയ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു നജ്മുദ്ധീന്‍.



വംശീയതയും വിഭാഗീയതയുമാണ് പുതിയ കേന്ദ്രഭരണകൂടത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. കൃതൃമായ ദേശീയതാ സങ്കല്‍പ്പത്തിലൂടെ വലിയൊരു ജനവിഭാഗത്തെ അപരരും രാജ്യവിരുദ്ധരുമാക്കിക്കൊണ്ടിരിക്കുന്നു. പ്രതിപക്ഷത്തിന്റെ ചിറകുകള്‍ ഓരോന്നായി അരിഞ്ഞ് അവരെ നിശ്ശബ്ദരാക്കിക്കൊണ്ടിരിക്കുന്നു. എതിര്‍ത്തുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഗതിയില്ലാതായിരിക്കുന്നു. സാമ്പത്തിക മേഖല ആകെ കുത്തഴിഞ്ഞ് രാജ്യം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴും കടുത്ത വംശീയത പരത്തി ജനകീയ പ്രക്ഷോഭങ്ങളെ തടുത്തു നിര്‍ത്താന്‍ ഭരണകൂടത്തിനാവുന്നു.

നിലവിലുള്ള സവര്‍ണ നിയന്ത്രിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പകരം പുതിയ മുന്നേറ്റങ്ങള്‍ രൂപപ്പെട്ടു വരേണ്ട സമയമാണിത്. ചരിത്രത്തില്‍ ആ ദൗത്യം ഫലപ്രദമായി നിര്‍വഹിച്ചവരാണ് മുസ്ലിംകള്‍. പുതിയ കാലഘട്ടത്തിലും ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മുസ്ലിം സമൂഹം മുന്നോട്ട് വരേണ്ടതുണ്ട്. ഇഛാശക്തിയുള്ള ഒരു നേതൃത്വത്തിനു മാത്രമേ അത്തരമൊരു വെല്ലുവിളിയെ ഏറ്റെടുക്കാനാവൂ എന്നും നജ്മൂദ്ധീന്‍ അഭിപ്രായപ്പെട്ടു. പരിപാടിയില്‍ വിവിധ തുറകളില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു. ഇസ്മാഈല്‍, സുബൈര്‍ പട്ടാമ്പി, മജീദ് മേപ്പയൂര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it