Gulf

മൈത്രീയം'24' വിപുലമായ സാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കും

മൈത്രീയം24 വിപുലമായ സാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കും
X

ജിദ്ദ: ജിദ്ദയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈത്രിയുടെ സമഗ്രമായ സാമൂഹിക ഇടപെടലിന്റെ 28 വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ മൈത്രീയം '24 എന്ന പേരില്‍ വിപുലമായ സാംസ്‌കാരിക പരിപാടികളുടെ ആഘോഷരാവ് സംഘടിപ്പിക്കുന്നു. നവംബര്‍ 15 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തിലാണ് വ്യത്യസ്ത സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുക. മലയാള സംഗീത രംഗത്തെ നിറ സാന്നിധ്യങ്ങളായ അതുല്‍ നറുകര, ഷിനോ പോള്‍, ഷെയ്ഖ അബ്ദുള്ള തുടങ്ങിയവര്‍ അതിഥികളായി എത്തി അവതരിപ്പിക്കുന്ന സംഗീത വിരുന്ന് കലാ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കും.

ആഘോഷങ്ങള്‍ക്ക് നവോന്മേഷം പകര്‍ന്ന് മൈത്രിയുടെ അറുപതിലേറെ കുട്ടികളും മുതിര്‍ന്നവരും പങ്കാളികളാകുന്ന വൈവിധ്യമാര്‍ന്ന കലാവിരുന്നുകളും ജിദ്ദയെ കാത്തിരിക്കുന്നു. അശരണര്‍ക്കു സഹായ ഹസ്തമാകാന്‍ തനിച്ചും, ജിദ്ദയിലെ മറ്റു സംഘടനകളുമായി സഹകരിച്ചും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് മൈത്രി നേതൃത്വം നല്‍കി. 2002 ഗുജറാത്ത് ഭൂകമ്പം, 2004 ല്‍ സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ മൈത്രി വാര്‍ഷികാഘോഷങ്ങള്‍ വേണ്ടെന്നു വച്ച് പ്രസ്തുത തുക ദുരിതം അനുഭവിക്കുന്നവര്‍ക്ക് എത്തിക്കാന്‍ കേരള ഗവണ്മെന്റുമായി കൈകോര്‍ത്തു. ഈയിടെ ഉണ്ടായ വയനാട് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായും മൈത്രി ജിദ്ദ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു.

മുന്‍കാലങ്ങളില്‍ ജിദ്ദ സമൂഹം മൈത്രിക്ക് നല്‍കിവന്ന സഹകരണം, മൈത്രീയം 24' നും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കി സഹകരിക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് ബഷീര്‍ അലി പരുത്തികുന്നന്‍, ജനറല്‍ സെക്രട്ടറി നവാസ് ബാവ തങ്ങള്‍, ഖജാന്‍ജി ഷരീഫ് അറക്കല്‍, കള്‍ച്ചറല്‍ സെക്രട്ടറി പ്രിയ റിയാസ്, രക്ഷാധികാരി ഉണ്ണി തെക്കേടത്ത് എന്നിവര്‍ പത്ര സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു





Next Story

RELATED STORIES

Share it