Sub Lead

അങ്കിത് ഗുജ്ജാര്‍ തീഹാര്‍ ജയിലില്‍ കൊല്ലപ്പെട്ട സംഭവം: ഡല്‍ഹി ജയിലുകളില്‍ 6,944 സിസിടിവി കാമറകള്‍ സ്ഥാപിച്ചതായി ജയില്‍ ഡിജിപി

അങ്കിത് ഗുജ്ജാര്‍ തീഹാര്‍ ജയിലില്‍ കൊല്ലപ്പെട്ട സംഭവം: ഡല്‍ഹി ജയിലുകളില്‍ 6,944 സിസിടിവി കാമറകള്‍ സ്ഥാപിച്ചതായി ജയില്‍ ഡിജിപി
X

ന്യൂഡല്‍ഹി: ജയിലുകളില്‍ 6,944 സിസിടിവി കാമറകള്‍ സ്ഥാപിച്ചതായി ജയില്‍ ഡിജിപി ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ജയിലിനുള്ളില്‍ എന്തെങ്കിലും അപകടങ്ങളോ അക്രമങ്ങളോ ഉണ്ടാവുന്നതാണ് തടയാനാണ് നടപടിയെന്നും ഡിജിപി നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

എന്തെങ്കിലും അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ പാലിക്കേണ്ട പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ എല്ലാ ജയില്‍ സൂപ്രണ്ടുമാര്‍ക്കും നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തിഹാര്‍ ജയില്‍ തടവുകാരന്‍ അങ്കിത് ഗുജ്ജാര്‍ എന്ന 29കാരനെ ജയില്‍ വളപ്പില്‍ കൊലപ്പെടുത്തിയ കേസിനെ തുടര്‍ന്നാണ് നടപടി.

നേരത്തെ, ജസ്റ്റിസ് മുക്ത ഗുപ്ത കേസിന്റെ അന്വേഷണം ഡല്‍ഹി പോലിസില്‍ നിന്ന് സിബിഐക്ക് കൈമാറിയിരുന്നു.

ആഗസ്ത് 31ലെ അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ ഡെപ്യൂട്ടി സൂപ്രണ്ട് തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ അലംഭാവം കാണിച്ചതായി പ്രിസണ്‍സ് ഡയറക്ടര്‍ ജനറല്‍ കോടതിയെ അറിയിച്ചു. കൂടാതെ, സിബിഐ അന്വേഷണത്തിന് പുറമെ വകുപ്പുതല നടപടിയും ഇയാള്‍ക്കെതിരെ ആരംഭിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

അങ്കിത് ഗുജ്ജാറിന്റെ വൈദ്യപരിശോധനയില്‍ വീഴ്ച വരുത്തിയതിന് ജയില്‍ ഡോക്ടറുടെ നിയമനം റദ്ദാക്കിയതായും കോടതിയെ അറിയിച്ചിട്ടുണ്ട്.

'നിലവില്‍ 6944 പുതിയ സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്, അവ ഡല്‍ഹിയിലെ എല്ലാ ജയിലുകളിലും പ്രവര്‍ത്തനക്ഷമമാണ്. ഈ കാമറകളുടെ റെക്കോര്‍ഡിംഗ് 1 മാസത്തേക്ക് രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നു. ഒന്ന് ജയിലില്‍ തന്നെയും മറ്റൊന്ന് ജയില്‍ ആസ്ഥാനത്തുമാണ് സൂക്ഷിക്കുക. ജയിലില്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാം,' സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

അങ്കിതിന്റെ അമ്മയും സഹോദരങ്ങളും അഭിഭാഷകരായ മെഹ്മൂദ് പ്രാച്ച, ഷാരിഖ് നിസാര്‍ എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ അങ്കിതിനെ ജയില്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചിരുന്നതായും മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപ്പെടുത്തിയതെന്നും ആരോപിച്ചു.

ആഗസ്ത് നാലിനാണ് അങ്കിത് ഗുജ്ജറിനെ തിഹാര്‍ ജയിലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സെന്റര്‍ ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിലാണ് ഗുജ്ജാറിനെ പാര്‍പ്പിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സൂപ്രണ്ട്, രണ്ട് അസിസ്റ്റന്റ് സൂപ്രണ്ടുമാര്‍, ഒരു വാര്‍ഡന്‍ എന്നിവരുള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ ഡിജിപി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിനിടെ ഹൈക്കോടതി ഡല്‍ഹി പോലിസിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. 'ജയിലിന്റെ മതിലുകള്‍, അത് എത്ര ഉയര്‍ന്നതാണെങ്കിലും, ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമവാഴ്ചയാണ് തടവുകാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നത്'. ഹൈക്കോടതി വ്യക്തമാക്കി.

ആഗസ്ത് നാലിനാണ് ബിജെപി നേതാവ് വിജയ് പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അങ്കിത് ഗുജ്ജാറിനെ തിഹാര്‍ ജയലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിഹാറിലെ ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിലാണ് ഗുജ്ജാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു.

2014 ല്‍ ദാദ്രിയിലെ വീട്ടിന് വെളിയില്‍ വച്ചാണ് ബിജെപി നേതാവ് വിജയ് പണ്ഡിറ്റിനെ ഇയാള്‍ വെടിവച്ച് കൊലപ്പെടുത്തിയത്. യുപിയിലെ ബഗപാട്ട് സ്വദേശിയായ ഗുജ്ജാര്‍ വിജയ് പണ്ഡിറ്റ് കൊലക്കേസില്‍ 2015ലാണ് അറസ്റ്റിലായത്.

Next Story

RELATED STORIES

Share it