Sub Lead

വിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ പ്രവണതകളെ ഇല്ലാതാക്കിയാല്‍ മതി: ഹൈക്കോടതി

രാഷ്ട്രീയത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം, അവര്‍ രാഷ്ട്രീയ അവകാശങ്ങളിലും പൗരാവകാശങ്ങളിലും ചര്‍ച്ചകളിലും ഇടപെടണം. കാംപസുകളില്‍ ഇപ്പോള്‍ നടക്കുന്നത് മറ്റൊന്നാണ്.

വിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ പ്രവണതകളെ ഇല്ലാതാക്കിയാല്‍ മതി:  ഹൈക്കോടതി
X

കൊച്ചി: കേരളത്തിലെ കോളജുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ലെന്നും അപകടകരമായ പ്രവണതകളെ ഇല്ലാതാക്കിയാല്‍ മതിയെന്നും ഹൈക്കോടതി. കോളജ് കാംപസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, പി കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വാക്കാലുള്ള നിരീക്ഷണം.

'' വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണ്ടതില്ല, അധ്യാപകരും വിദ്യാര്‍ഥികളും പരസ്പരം ദ്രോഹിക്കുന്ന, ക്ലാസുകള്‍ തടസപ്പെടുത്തുന്ന സമരങ്ങള്‍ ചെയ്യുന്ന രാഷ്ട്രീയമാണ് നിരോധിക്കേണ്ടത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ നിരോധിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.'' -ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് പറഞ്ഞു.

'' രാഷ്ട്രീയത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം, അവര്‍ രാഷ്ട്രീയ അവകാശങ്ങളിലും പൗരാവകാശങ്ങളിലും ചര്‍ച്ചകളിലും ഇടപെടണം. കാംപസുകളില്‍ ഇപ്പോള്‍ നടക്കുന്നത് മറ്റൊന്നാണ്. ഈ രാജ്യത്തെ ഓരോ പൗരനെയും രാഷ്ട്രീയം പഠിപ്പിക്കണം. രാഷ്ട്രീയത്തിന്റെ നല്ല മൂല്യങ്ങള്‍ എല്ലാവരും വളര്‍ത്തിയെടുക്കേണ്ടതിനാല്‍, രാഷ്ട്രീയം മോശമാണെന്ന തോന്നല്‍ ഉണ്ടാകരുത്''

കാംപസുകളില്‍ അക്രമങ്ങള്‍ നടത്തുന്നവരെയും സമരങ്ങളിലൂടെ ക്ലാസുകള്‍ തടസപ്പെടുത്തുന്നവരെയും കര്‍ശനമായി നേരിടണമെന്നും കോടതി പറഞ്ഞു. '' കാംപസില്‍ ഉണ്ടാവാന്‍ പാടില്ലാത്ത സംഭവങ്ങളുടെയും തടയേണ്ട സംഭവങ്ങളുടെയും വിവരങ്ങള്‍ ഹരജിക്കാര്‍ക്ക് കോടതിയില്‍ സമര്‍പ്പിക്കാം. ഞങ്ങള്‍ അത് പരിശോധിക്കും. കോളജില്‍ എന്തെങ്കിലും ക്രമസമാധാനപ്രശ്‌നമുണ്ടെങ്കില്‍ കാംപസില്‍ പ്രവേശിക്കാന്‍ പ്രിന്‍സിപ്പലിന്റെ അനുമതിക്കായി പോലിസ് കാത്തിരിക്കേണ്ടതില്ല. മതത്തിന്റെ പേരില്‍ എന്തൊക്കെയാണ് ചെയ്യുന്നത്, പക്ഷെ, മതത്തെ നിരോധിക്കാന്‍ നമുക്ക് കഴിയില്ല. അതു പോലെ തന്നെ രാഷ്ട്രീയത്തിന്റെ പേരില്‍ എന്തൊക്കെ ചെയ്താലും നമുക്ക് രാഷ്ട്രീയം നിരോധിക്കാന്‍ കഴിയില്ല. സംസ്ഥാനത്തെ കാംപസുകളില്‍ നടക്കുന്ന നശീകരണപ്രവര്‍ത്തനങ്ങളെ കുറിച്ച് ഹരജിക്കാര്‍ അറിയിക്കണം. എന്താണ് ചെയ്യേണ്ടതെന്നും പറയണം.'' -കോടതി പറഞ്ഞു.

കാംപസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഒരു പൊതുതാല്‍പര്യ ഹരജിയടക്കം മൂന്നു ഹരജികളാണ് കോടതി പരിഗണിക്കുന്നത്. കൊച്ചിയിലെ മഹാരാജാസ് കോളജില്‍ 2024ല്‍ എസ്എഫ്‌ഐയും കെഎസ്‌യുവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് അടക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഫയല്‍ ചെയ്ത ഒരു ഹരജിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സംസ്ഥാനത്തെ വിവിധ കോളജുകളില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്നുമാണ് ഹരജിക്കാര്‍ ആവശ്യപ്പെട്ടത്. കേസില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് കോടതി തേടിയിട്ടുണ്ട്. ഹരജികള്‍ 2025 ജനുവരി 23ന് വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it