Sub Lead

വരള്‍ച്ച കഠിനം: തമിഴ്‌നാട് സര്‍ക്കാരിനെതിരേ പ്രതിഷേധം കടുപ്പിച്ച് ഡിഎംകെ

വരള്‍ച്ച കഠിനം: തമിഴ്‌നാട് സര്‍ക്കാരിനെതിരേ പ്രതിഷേധം കടുപ്പിച്ച് ഡിഎംകെ
X

ചെന്നൈ: ചെന്നൈയിലും പരിസരജില്ലകളിലും വരള്‍ച്ച കഠിനമായതോടെ സര്‍ക്കാരിനെതിരേ പ്രതിഷേധം കനപ്പിച്ച് ഡിഎംകെ. വരള്‍ച്ച നേരിടുന്നതില്‍ എഐഎഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഡിഎംകെ. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, എം പി ദയാനിധി മാരന്‍, മുതിര്‍ന്ന നേതാവ് ജെ അന്‍പഴകന്‍ എന്നിവര്‍ ചെപ്പോക്കില്‍ സംഘടിപ്പിച്ച സമരസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവിടെ ആയിരകണക്കിന് ആളുകള്‍ കുടങ്ങളുമേന്തി സര്‍ക്കാരിനെതിരേ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് വെള്ളം എത്തിക്കാനുള്ള നീക്കം പ്രതിഷേധങ്ങളുടെ ഭാഗമായി തടയുമെന്നും പാര്‍ട്ടി വ്യക്തമാക്കി.

അതിനിടെ ഡിഎംകെ എംപി ടിആര്‍ ബാലു ലോക്‌സഭയില്‍ രൂക്ഷമായ തമിഴ്‌നാട്ടിലെ ജലക്ഷാമത്തില്‍ സര്‍ക്കാരിനെതിരേ നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചെന്നൈയില്‍ കനത്ത മഴയ്ക്ക് കാരണമാകുമെന്ന കാലാവസ്ഥാ പ്രവചനവും ഫലിച്ചില്ല. ചാറ്റല്‍മഴ കാരണം താപനില കുറഞ്ഞത് മാത്രമാണ് തമിഴ്‌നാട്ടില്‍ ആകെയുണ്ടായ ആശ്വാസം. കുടിവെള്ളത്തിനായുള്ള ജനതയുടെ നെട്ടോട്ടം തുടരുകയാണ്. ഇതിനിടെ, സര്‍ക്കാരിനെതിരെ ജനരോഷം ആളികത്തിക്കുകയാണ് ഡിഎംകെ.

പ്രതിദിനം പത്ത് ലക്ഷം ലിറ്റര്‍ വെള്ളം, ചെന്നൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ജോലാര്‍പേട്ടില്‍ നിന്ന് എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇത് അനുവദിക്കില്ലെന്നാണ് ഡിഎംകെ നിലപാട്. ചെന്നൈയിലേക്ക് വെള്ളം എത്തിക്കാന്‍ മറ്റൊരു പ്രദേശത്തെ ദുരിതത്തിലാക്കുന്നുവെന്ന് പാര്‍ട്ടി ചൂണ്ടികാട്ടുന്നു.

തമിഴ്‌നാടിന് അകത്ത് നിന്നല്ല സംസ്ഥാനത്തിന് പുറത്ത് നിന്ന് പരിഹാരം ഉണ്ടാകണമെന്നാണ് ഡിഎംകെയുടെ വാദം. ചെന്നൈയില്‍ ദിനംപ്രതി 920 എംഎല്‍ഡി വെള്ളത്തിലധികം വേണം. 500 എംഎല്‍ഡിയില്‍ താഴെമാത്രമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.

Next Story

RELATED STORIES

Share it