Sub Lead

ഗസയില്‍ മെര്‍ക്കാവ ടാങ്ക് തകര്‍ത്ത് ഹമാസ്, മൂന്ന് ഡ്രോണുകളും പിടിച്ചെടുത്തു (വീഡിയോ)

അതിനിടെ അല്‍ ഖുദ്‌സ് ബ്രിഗേഡിന്റെ പ്രമുഖ നേതാവായ യാസിദ് ജയ്ഇസയെ ഫലസ്തീന്‍ അതോറിറ്റി പോലിസ് വെടിവച്ചു കൊന്നു

ഗസയില്‍ മെര്‍ക്കാവ ടാങ്ക് തകര്‍ത്ത് ഹമാസ്, മൂന്ന് ഡ്രോണുകളും പിടിച്ചെടുത്തു (വീഡിയോ)
X

ഗസ സിറ്റി:അധിനിവേശത്തിന്റെ 434ാം ദിവസത്തില്‍ ഇസ്രായേലിന്റെ ഒരു മെര്‍ക്കാവ ടാങ്ക് തകര്‍ത്ത് ഹമാസ്. ഇസ്രായേല്‍ സൈന്യം നിരീക്ഷണത്തിന് ഉപയോഗിച്ച മൂന്നു ഡ്രോണുകളും പിടിച്ചെടുത്തു. ജബലിയ അഭയാര്‍ത്ഥി കാംപിന് സമീപം കൂടിനിന്ന ഇസ്രായേലി സൈനികര്‍ക്ക് നേരെ മോര്‍ട്ടാറുകളും ഉപയോഗിച്ചു. ഫലസ്തീനിയന്‍ ഇസ് ലാമിക ജിഹാദിന്റെ സൈനിക വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡും ജബലിയ കാംപിന് സമീപം ഇസ്രായേലി സൈന്യത്തിന് നേരെ ആക്രമണം നടത്തി.

അതിനിടെ അല്‍ ഖുദ്‌സ് ബ്രിഗേഡിന്റെ പ്രമുഖ നേതാവായ യാസിദ് ജയ്ഇസയെ ഫലസ്തീന്‍ അതോറിറ്റി പോലിസ് വെടിവച്ചു കൊന്നു. പോലിസ് നടത്തിയ ആക്രമണത്തില്‍ ഒരു കുട്ടിയടക്കം ഏഴു പേര്‍ക്ക് പരിക്കുമേറ്റു. ജെനിന്‍ അഭയാര്‍ത്ഥി കാംപിലാണ് ഫലസ്തീനിയന്‍ അതോറിറ്റിയുടെ പോലിസ് വെടിവയ്പ്പ് നടത്തിയത്. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാനാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് ഫലസ്തീനിയന്‍ സെക്യൂരിറ്റി ഫോഴ്‌സസ് വക്താവ് മേജര്‍ ജനറല്‍ അന്‍വര്‍ റജബ് പറഞ്ഞു. ലജ്ജാവഹമായ കാര്യമാണ് ഫലസ്തീന്‍ അതോറിറ്റി ചെയ്തതെന്ന് ഹമാസ് വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.


ഇസ്രായേലിന് എതിരെ ഫലസ്തീനികള്‍ ഐക്യപ്പെടേണ്ട സമയത്ത് ഫലസ്തീന്‍ അതോറിറ്റി വിഭജനത്തിന് ശ്രമിക്കുകയാണെന്നും ഹമാസ് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പണിമുടക്കിന് അല്‍ഖുദ്‌സ് ബ്രിഗേഡ് ആഹ്വാനം ചെയ്തു. ദേശീയതാല്‍പര്യത്തിന് വിരുദ്ധമായ കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഫലസ്തീന്‍ അതോറിറ്റിയോട് ഫലസ്തീനിയന്‍ മുജാഹിദീന്‍ മൂവ്‌മെന്റ് ആവശ്യപ്പെട്ടു. ഇസ്രായേല്‍ അധിനിവേശത്തില്‍ നിന്ന് ഫലസ്തീനികളെ സംരക്ഷിക്കുന്നതിന് പകരം കൊല്ലുകയാണെന്ന് മുജാഹിദീന്‍ മൂവ്‌മെന്റ് കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it