Sub Lead

സിറിയയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; 80 ശതമാനം സൈനികശേഷിയും ഇല്ലാതാക്കിയെന്ന്

സിറിയയിലെ വിവിധ പ്രദേശങ്ങളിലായി 480 തവണയാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരിക്കുന്നത്.

സിറിയയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; 80 ശതമാനം സൈനികശേഷിയും ഇല്ലാതാക്കിയെന്ന്
X

ദമസ്‌കസ്: സിറിയയുടെ 80 ശതമാനം സൈനികശേഷിയും 48 മണിക്കൂറിനുള്ളില്‍ ഇല്ലാതാക്കിയെന്ന് ഇസ്രായേല്‍. അത്യാധുനിക ആയുധങ്ങള്‍ ശത്രുക്കളുടെ കൈയ്യില്‍ എത്തുന്നത് തടയാനാണ് നടപടിയെന്ന് ഇസ്രായേല്‍ അധിനിവേശ സേന പ്രസ്താവനയില്‍ പറഞ്ഞു. സിറിയയിലെ വിവിധ പ്രദേശങ്ങളിലായി 480 തവണയാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരിക്കുന്നത്. ദമസ്‌കസ്, ഹുംസ്, താര്‍തസ്, ലദാകിയ, പാല്‍മിറ തുടങ്ങിയ പ്രദേശങ്ങളിലെ സൈനികതാവളങ്ങളെയും ആയുധശാലകളെയുമാണ് യുദ്ധവിമാനങ്ങളും ഡ്രോണുകളും ആക്രമിച്ചത്.

സിറിയയുടെ സ്‌കഡ് മിസൈലുകളും ക്രൂയിസ് മിസൈലുകളും മറ്റു അത്യാധുനിക ആയുധങ്ങളുമെല്ലാം നശിപ്പിച്ചെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. മിനറ്റ് എല്‍ ബെയ്ദ പ്രദേശത്തെയും ലദാക്കിയയിലെയും നാവിക സേനാ താവളങ്ങളും തകര്‍ത്തു. അവിടെയുണ്ടായിരുന്ന 15 നാവിക സേനാ കപ്പലുകളും ബോട്ടുകളും നശിപ്പിച്ചു.

അതേസമയം, സിറിയക്ക് പിന്തുണയായി സിറിയന്‍ തീരത്തുണ്ടായിരുന്ന റഷ്യന്‍ സൈനിക കപ്പലുകള്‍ സ്ഥലം വിട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ റിപോര്‍ട്ട് പറയുന്നു. അഞ്ച് സൈനിക കപ്പലുകളും ഒരു അന്തര്‍വാഹിനിയുമാണ് തീരം വിട്ടത്. നിലവില്‍ സിറിയയില്‍ ഉള്ള സൈനികത്താവളങ്ങളുമായി ബന്ധപ്പെട്ട് വിമതരുമായി റഷ്യ ചര്‍ച്ച നടത്തുന്നുണ്ട്. ലദാകിയയില്‍ റഷ്യക്ക് വലിയൊരു വ്യോമസേനാ സൈനികത്താവളമുണ്ട്. അവിടെ നിന്നാണ് ആഫ്രിക്കയിലെ മിഷനുകള്‍ റഷ്യ നടത്തുന്നത്.

സിറിയയില്‍ സ്ഥിരതയും ശാന്തിയും ഉണ്ടാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് അല്‍ ബശീര്‍ പറഞ്ഞു. അസദിന്റെ കാലത്തെ ഉദ്യോഗസ്ഥരുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നതായും അദ്ദേഹം വിശദീകരിച്ചു. സിറിയയിലെ വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബശ്ശാറുല്‍ അസദിന്റെ നാടായ ഖര്‍ദാഹയിലെ അലവി വിഭാഗക്കാരുമായി വിമതസൈന്യം കഴിഞ്ഞ ദിവസം സമാധാന കരാര്‍ ഒപ്പിട്ടിരുന്നു. ഇത്തരത്തിലുള്ള നിരവധി ചര്‍ച്ചകള്‍ പലപ്രദേശങ്ങളിലും നടന്നു കൊണ്ടിരിക്കുകയാണ്.

അതിനിടെ, സിറിയന്‍ അതിര്‍ത്തിയില്‍ തരിശായ ഒരു ബഫര്‍സോണ്‍ നിര്‍മിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചിട്ടുണ്ട്. സിറിയയിലെ പുതിയ സര്‍ക്കാരുമായി ബന്ധമുണ്ടാക്കാന്‍ തയ്യാറാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.


''സിറിയയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. എന്നാല്‍, ഇസ്രായേലിന്റെ സുരക്ഷക്ക് അനുസൃതമായ കാര്യങ്ങള്‍ ചെയ്യും. അസദിന്റെ കാലത്തെ ആയുധങ്ങള്‍ മറ്റാരും ഉപയോഗിക്കാന്‍ സമ്മതിക്കില്ല. ഇറാനെ വീണ്ടും സിറിയയില്‍ കുടിയിരുത്തിയാലോ ആയുധങ്ങള്‍ ഹിസ്ബുല്ലക്ക് നല്‍കിയാലോ ഞങ്ങളെ ആക്രമിച്ചാലോ ശക്തമായി പ്രതികരിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്നത് ഈ സര്‍ക്കാര്‍ ആവര്‍ത്തിക്കരുത്.''-നെതന്യാഹു പറഞ്ഞു.

സിറിയയില്‍ ഇസ്രായേല്‍ നടത്തുന്ന കടന്നുകയറ്റങ്ങളെ തുര്‍ക്കിയും ഖത്തറും യുഎഇയും ഈജിപ്തും സൗദി അറേബ്യയും അപലപിച്ചു. സിറിയയിലെ അസ്ഥിരത ഇസ്രായേല്‍ മുതലെടുക്കുകയാണെന്നാണ് ഈ അഞ്ചു രാജ്യങ്ങളും പറഞ്ഞു. സിറിയയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളും കടന്നുകയറ്റങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്ന് സിറിയയുടെ പ്രത്യേക ഐക്യരാഷ്ട്രസഭ പ്രതിനിധി ഗിയര്‍ പെഡേഴ്‌സണ്‍ പറഞ്ഞു.

ഇസ്രായേലി സര്‍ക്കാരുമായും സിറിയന്‍ വിമതരുമായും ബന്ധപ്പെടുന്നതായി യുഎസിലെ വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവന്‍ വ്യാഴാഴ്ച ഇസ്രായേലില്‍ എത്തും.

Next Story

RELATED STORIES

Share it