Sub Lead

'മോദി വിഭജന നായകന്‍'; അതിഷ് തസീറിനെതിരേ ബിജെപി

ആതിഷ് പാകിസ്താനിയാണെന്ന് ബിജെപി ആരോപിക്കുമ്പോഴും ആതിഷിന്റെ മാതാവ് തവ്‌ലീന്‍ സിങ് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയാണെന്നത് മനപൂര്‍വ്വം മറച്ചുവയ്ക്കുകയാണ്

മോദി വിഭജന നായകന്‍; അതിഷ് തസീറിനെതിരേ ബിജെപി
X

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഭജന നായകനെന്ന് വിമര്‍ശിച്ച 'ടൈം മാഗസിന്‍' ലേഖകന്‍ ആതിഷ് തസീറിനെതിരേ ബിജെപി. പാകിസ്താന്‍ അജണ്ടയാണ് ആതിഷ് വെളിപ്പെടുത്തിയത്. ലേഖകന്‍ ആതിഷ് തസീര്‍ പാക്കിസ്താനിയാണ്. അവിടെ നിന്നു മെച്ചപ്പെട്ടത് പ്രതീക്ഷിക്കുന്നില്ലെന്നും ബിജെപി വക്താവ് സംപിത് പാത്ര പറഞ്ഞു. മോദിയെ അപകീര്‍ത്തിപ്പെടുത്തുകയാണു ലക്ഷ്യം. പാക്കിസ്താനി രാഷ്ട്രീയക്കാരനും വ്യവസായിയുമായ അന്തരിച്ച സല്‍മാന്‍ തസീറിന്റെ മകനാണ് ആതിഷ്. 2014ലും സമാനരീതിയില്‍ വിദേശ മാധ്യമങ്ങള്‍ മോദിക്കെതിരേ എഴുതിയിരുന്നു. വികസന വളര്‍ച്ചയിലൂടെ രാജ്യത്തെ ഒന്നിപ്പിക്കുന്നയാളാണ് മോദിയെന്ന് സംപിത് പാത്ര വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവാസനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ആതിഷ് തസീറിന്റെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. ലേഖനം ചര്‍ച്ചയായത് ബിജെപിക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ചുവെന്ന് വേണം കരുതാന്‍. കഴിഞ്ഞ ദിവസം ആതിഷിനെതിരേ വ്യാപകമായി സൈബര്‍ ആക്രമണം നടന്നിരുന്നു. ആതിഷ് പാകിസ്താനിയാണെന്ന് ബിജെപി ആരോപിക്കുമ്പോഴും ആതിഷിന്റെ മാതാവ് തവ്‌ലീന്‍ സിങ് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയാണെന്നത് മനപൂര്‍വ്വം മറച്ചുവയ്ക്കുകയാണ്.

റിപോര്‍ട്ട് പുറത്തുവന്നതിനു ശേഷം ആതിഷിന്റെ വിക്കിപീഡിയ പ്രൊഫൈലില്‍ മാറ്റങ്ങള്‍ വരുത്തി അതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് ട്വിറ്റര്‍ അടക്കമുള്ള മാധ്യമങ്ങളിലൂടെ സംഘപരിവാരം പ്രചരിപ്പിച്ചത്. ബ്രിട്ടീഷ് പൗരനായ ആതിഷിന്റെ വിക്കിപീഡിയ പേജില്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ പിആര്‍ മാനേജര്‍ ആണെന്നാണ് എഡിറ്റ് ചെയ്ത് ചേര്‍ത്തത്. അദ്ദേഹത്തിന്റെ റിപോര്‍ട്ട് സത്യസന്ധമല്ലെന്ന് സ്ഥാപിക്കാനാണ് ബിജെപി അനുഭാവികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രമിച്ചത്. മോദിയുടെ കാരിക്കേച്ചറുള്ള മുഖചിത്രവുമായാണ് പുതിയ ലക്കം മാഗസിന്‍ പുറത്തിറങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് അഞ്ച് വര്‍ഷത്തെ മറ്റൊരു മോദി ഭരണം കൂടി അതിജീവിക്കാനാവുമോ എന്ന തലക്കെട്ടിലുള്ള ലേഖനമാണ് നോവലിസ്റ്റും എഴുത്തുകാരനുമായ ആതിഷ് തസീര്‍ എഴുതിയിരിക്കുന്നത്. നെഹ്‌റുവിന്റെ ഭരണകാലത്തെ മതേതരത്വത്തെയും മോദിയുടെ കാലത്തെ സാമൂഹിക സമ്മര്‍ദ്ദത്തേയും ലേഖനം പരിശോധിക്കുന്നുണ്ട്. പശു സംരക്ഷണത്തിന്റെ പേരില്‍ ജനങ്ങള്‍ കൊല്ലപ്പെടുന്നതിന് ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്ന വിമര്‍ശനവും ലേഖനം മുന്നോട്ടുവയ്ക്കുന്നു. ഹിന്ദു-മുസ്‌ലിം ബന്ധങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ലേഖനം, മോദി നടപ്പാക്കുന്ന തീവ്ര ഹിന്ദുത്വ നയങ്ങളെ തുറന്നു കാണിക്കുകയും ചെയ്യുന്നുണ്ട്. നേരത്തേ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളുടെ പട്ടികയില്‍ ടൈം മാഗസിന്‍ മോദിക്ക് ഇടം നല്‍കിയിരുന്നു.


Next Story

RELATED STORIES

Share it