Sub Lead

മുഹമ്മദ് അല്‍ ബശീര്‍ സിറിയന്‍ പ്രധാനമന്ത്രി; 2025 മാര്‍ച്ച് ഒന്ന് വരെയാണ് നിയമനം

മുഹമ്മദ് അല്‍ ബശീര്‍ സിറിയന്‍ പ്രധാനമന്ത്രി; 2025 മാര്‍ച്ച് ഒന്ന് വരെയാണ് നിയമനം
X

ദമസ്‌കസ്: സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് അല്‍ ബശീറിനെ തിരഞ്ഞെടുത്തു. 2025 മാര്‍ച്ച് വരെയാണ് നിയമനം. പുതിയ സിറിയയുടെ നിര്‍മാണത്തിനുള്ള ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ ജനറല്‍ കമാന്‍ഡ് തന്നെ ചുമതലപ്പെടുത്തിയതായി മുഹമ്മദ് അല്‍ ബശീര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ന് രാവിലെ ഹയാത് താഹിര്‍ അല്‍ ശാം നേതാവ് അബൂ മുഹമ്മദ് അല്‍ ജൂലാനിയുമായും അസദിന്റെ കീഴില്‍ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് അല്‍ ജലാലിയുമായും മുഹമ്മദ് അല്‍ ബശീര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ബശ്ശാറുല്‍ അസദുദ്ദീന്റെ അധികാരത്തില്‍ നിന്ന് വിഛേദിച്ച ഇദ്‌ലിബ് പ്രദേശം കേന്ദ്രമാക്കി 2017ല്‍ രൂപീകരിച്ച വിമോചന സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായിരുന്നു അല്‍ ബശീര്‍. വികസനവകുപ്പ് മന്ത്രിയെന്ന നിലയില്‍ കഴിവ് തെളിയിച്ചതാണ് വിമോചന സര്‍ക്കാരിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കാന്‍ കാരണമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

ഇദ്‌ലിബിലെ ജബല്‍ സവെയ പ്രദേശത്ത് 1986ല്‍ ജനിച്ച മുഹമ്മദ് അല്‍ ബശീറിന് എഞ്ചിനീയറിങ്, നിയമം, ഭരണനിര്‍വഹണം എന്നിവയില്‍ ബിരുദവും ബിരുദാനന്തരബിരുദവുമുണ്ട്. 2007ല്‍ അലപ്പോ സര്‍വകലാശാലയില്‍ നിന്നാണ് ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ബിരുദം നേടിയത്. 2021ല്‍ ഇദ്‌ലിബ് സര്‍വകലാശാലയില്‍ നിന്നും ശരീഅത്ത് നിയമത്തില്‍ ബിരുദം നേടി. സിറിയന്‍ ഗ്യാസ് കമ്പനിയില്‍ ഗ്യാസ് പ്ലാന്റ് നിര്‍മിച്ചിരുന്ന കാലത്താണ് ജോലി രാജിവച്ച് രാഷ്ട്രീയ-സൈനിക പ്രവര്‍ത്തനത്തിന് ഇറങ്ങിയത്. 2022-23 കാലത്ത് ഇദ്‌ലിബ് കേന്ദ്രമാക്കിയ വിമോചന സര്‍ക്കാരില്‍ വികസന മന്ത്രിയായി. 2024 ജനുവരിയില്‍ ചേര്‍ന്ന ശൂറാ കൗണ്‍സില്‍ യോഗം വിമോചന സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി നിയമിച്ചു.

മുഹമ്മദ് അല്‍ ബശീര്‍ വികസന മന്ത്രിയായിരുന്ന കാലത്ത് റിയല്‍ എസ്റ്റേറ്റ് നികുതി വന്‍തോതില്‍ കുറച്ചെന്നും നിര്‍മാണ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. പതിനായിരക്കണക്കിന് പേരെ അഭയാര്‍ത്ഥികളാക്കിയ സിറിയന്‍ സര്‍ക്കാരിന് എതിരായ യുദ്ധമാണ് ഇക്കഴിഞ്ഞ നവംബറില്‍ നടന്നതെന്നാണ് മുഹമ്മദ് അല്‍ ബശീര്‍ പറയുന്നത്.

അതേസമയം, സിറിയന്‍ ജനതയെ പീഡിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ഉന്നത ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുമെന്ന് ഹയാത് താഹിര്‍ അല്‍ ശാം നേതാവ് അബൂ മുഹമ്മദ് അല്‍ ജൂലാനി പറഞ്ഞു. യുദ്ധക്കുറ്റങ്ങള്‍ ചെയ്ത ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കും.

Next Story

RELATED STORIES

Share it