Big stories

വീണ്ടും യുദ്ധഭീതി; പരസ്പരം മിസൈല്‍ തൊടുത്ത് ഉത്തര- ദക്ഷിണ കൊറിയകള്‍

വീണ്ടും യുദ്ധഭീതി; പരസ്പരം മിസൈല്‍ തൊടുത്ത് ഉത്തര- ദക്ഷിണ കൊറിയകള്‍
X

സോള്‍: കൊറിയയില്‍ വീണ്ടും യുദ്ധഭീതി. ദക്ഷിണ കൊറിയയെ ലക്ഷ്യമാക്കി ഉത്തര കൊറിയ മിസൈലുകള്‍ വിക്ഷേപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമുദ്രാതിര്‍ത്തിയിലേക്ക് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തര കൊറിയ അയച്ചത്. 10 മിസൈലുകള്‍ വിക്ഷേപിച്ചതില്‍ ഒന്ന് ശാന്തസമുദത്തില്‍ പതിച്ചെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ദക്ഷിണ കൊറിയയുടെ തന്ത്രപ്രധാന കേന്ദ്രത്തിന് 57 കിലോമീറ്റര്‍ അകലെയായാണ് മിസൈല്‍ പതിച്ചത്. ഈ വര്‍ഷം മാത്രം 40ലേറെ ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. മിസൈല്‍ എത്ര ദൂരം സഞ്ചരിച്ചു എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

വടക്കന്‍ തീരത്തേയ്ക്ക് മൂന്ന് മിസൈലുകള്‍ തൊടുത്ത് ദക്ഷിണ കൊറിയ ഉത്തര കൊറിയന്‍ പ്രകോപനത്തിന് മറുപടി നല്‍കുകയും ചെയ്തു. ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണം അധിനിവേശമാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോള്‍ പ്രതികരിച്ചു. ഉത്തരകൊറിയ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ ബങ്കറുകളില്‍ അഭയം തേടാനും യൂണ്‍ സുക് നിര്‍ദേശിച്ചു. ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സൂക് യോള്‍ മിസൈല്‍ ആക്രമണത്തെ അപലപിച്ചു. ഹാലോവന്‍ ദിനത്തില്‍ 156 പേര്‍ മരിച്ചതിന്റെ ദു:ഖത്തില്‍ രാജ്യം കഴിയുമ്പോഴാണ് ആക്രമണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

1953ലെ കൊറിയന്‍ യുദ്ധത്തിന് പിന്നാലെ ഉപദ്വീപ് വിഭജിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഉത്തര കൊറിയന്‍ മിസൈല്‍ ദക്ഷിണ കൊറിയയ്ക്ക് സമീപം എത്തുന്നതെന്ന് സൈന്യം വ്യക്തമാക്കി. മിസൈല്‍ വര്‍ഷിച്ച നടപടി അപൂര്‍വവും അംഗീകരിക്കാനാവാത്തതുമാണ്. പ്രകോപനത്തിന് ശക്തമായ മറുപടി നല്‍കുമെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. വിജിലന്റ് സ്‌റ്റോം എന്ന പേരില്‍ ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി വ്യോമാഭ്യാസങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് ഉത്തരകൊറിയ മിസൈലുകള്‍ പരീക്ഷിച്ചത്.

ദക്ഷിണ കൊറിയയും അമേരിക്കയും മിസൈലുകള്‍ പരീക്ഷിച്ചതും കൊറിയന്‍ ഉപദ്വീപിലേയ്ക്ക് അമേരിക്കയുടെ വിമാനവാഹിനിക്കപ്പല്‍ പുനര്‍വിന്യസിച്ചതും ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിരുന്നു. ദക്ഷിണ കൊറിയയുടെ സൈനികാഭ്യാസം ആക്രമണാത്മകവും പ്രകോപനപരവുമായിരുന്നെന്ന് ഉത്തരകൊറിയയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വെളിപ്പടുത്തിയിരുന്നു. ഉത്തരകൊറിയ്‌ക്കെതിരേ അമേരിക്കയും ദക്ഷിണ കൊറിയയും സായുധ സേനകളെ ഉപയോഗിച്ചാല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കുന്നു.

Next Story

RELATED STORIES

Share it