Sub Lead

മുസ്‌ലിം എംപിമാരില്‍ പകുതിയും തിരഞ്ഞെടുക്കപ്പെട്ടത് രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന്

ഇത്തവണ മല്‍സരിച്ച മുസ്‌ലിം സ്ഥാനാര്‍ഥികളുടെ എണ്ണം കുറഞ്ഞെങ്കിലും വിജയിച്ചവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായിരുന്നു.

മുസ്‌ലിം എംപിമാരില്‍ പകുതിയും തിരഞ്ഞെടുക്കപ്പെട്ടത് രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന്
X

ന്യൂഡല്‍ഹി: രാജ്യത്ത് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം എംപിമാരില്‍ പകുതിയും രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍. ഇത്തവണ മല്‍സരിച്ച മുസ്‌ലിം സ്ഥാനാര്‍ഥികളുടെ എണ്ണം കുറഞ്ഞെങ്കിലും വിജയിച്ചവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായിരുന്നു. 2014ല്‍ 23 പേര്‍ ഉണ്ടായിരുന്നത് ഇക്കുറി 26 ആയി വര്‍ധിച്ചു. മല്‍സരിച്ച മുസ്‌ലിം സ്ഥാനാര്‍ഥികളുടെ എണ്ണം 10.3 ശതമാനത്തില്‍ നിന്ന് 8 ശതമാനമായാണ് കുറഞ്ഞത്.



ഇത്തവണ 11 സംസ്ഥാനങ്ങളില്‍ നിന്ന് മുസ്‌ലിം എംപിമാരുണ്ടെങ്കിലും അതില്‍ പകുതിയോളം രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമുള്ളവരാണെന്ന് കണക്കുകള്‍ പറയുന്നു. 26 മുസ്‌ലിം എംപിമാരില്‍ 11 പേര്‍ ഉത്തര്‍പ്രദേശ്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ നിന്നും ജമ്മു കശ്മീരില്‍ നിന്നും മൂന്നുപേര്‍ വീതം തിരഞ്ഞെടുക്കപ്പെട്ടു. ബാക്കി ഒമ്പത് എംപിമാര്‍ ഏഴ് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്.

11 പാര്‍ട്ടികളില്‍ നിന്നുള്ളവരാണ് തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം എംപിമാര്‍. കോണ്‍ഗ്രസില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും നാലു പേര്‍ വീതം പാര്‍ലമെന്റിലെത്തി. സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും നാഷനല്‍ കോണ്‍ഫറന്‍സും മൂന്ന് മുസ്‌ലിംകളെ വീതം ലോക്‌സഭയിലേക്കയച്ചു.

ആകെയുള്ള 26 മുസ്‌ലിം എംപിമാര്‍ വ്യത്യസ്ത പാര്‍ട്ടികളില്‍ ചിതറിക്കിടക്കുന്നതിനാല്‍ ഏതെങ്കിലും വിഷയത്തില്‍ സംഘടിത നിലപാട് സ്വീകരിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നു. അതത് പാര്‍ട്ടികളുടെ നിലപാടിനോടൊപ്പം നില്‍ക്കേണ്ടി വരുമെന്നതിനാല്‍ മുസ്‌ലിംകളെ ബാധിക്കുന്ന ഏതെങ്കിലും വിഷയങ്ങളില്‍ ഏകീകൃത നിലപാടെടുക്കാന്‍ ഇവര്‍ക്കു സാധിക്കില്ല.



പുതിയ ലോക്‌സഭയിലേക്ക് മൊത്തം തിരഞ്ഞെടുക്കപ്പെട്ട എംപിമാരില്‍ 90.4 ശതമാനം ഹിന്ദുക്കളാണ്. മുസ്‌ലിം പ്രാതിനിധ്യം കഴിഞ്ഞ തവണത്തെ 4.2 ശതമാനത്തില്‍ നിന്ന് 4.8 ശതമാനമായി ഉയര്‍ന്നു. സിഖ്, ക്രിസ്ത്യന്‍ തുടങ്ങിയ മറ്റു ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് നാല് ശതമാനം എംപിമാര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബിജെപിയില്‍ 97.4 ശതമാനവും കോണ്‍ഗ്രസില്‍ 67.3 ശതമാനവുമാണ് ഹിന്ദു എംപിമാരുടെ എണ്ണം.

Next Story

RELATED STORIES

Share it