Sub Lead

ഭരണഘടനാ വിരുദ്ധമായ വഖ്ഫ് നിയമം പിന്‍വലിക്കുക; സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും:എസ്ഡിപിഐ

ഭരണഘടനാ വിരുദ്ധമായ വഖ്ഫ് നിയമം പിന്‍വലിക്കുക; സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും:എസ്ഡിപിഐ
X

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ വഖ്ഫ് നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കാന്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. വഖ്ഫ് നിയമം ഭരണഘടനയ്ക്കുമേലുള്ള കൈയേറ്റമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനനുകൂലമായി ഭരണഘടനയെ പരിവര്‍ത്തിപ്പിക്കുകയാണ് ഇതിലൂടെ ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. ഇസ്‌ലാമോഫോബിയയെ മുന്‍നിര്‍ത്തി മുസ്‌ലിംകളെ അപരവല്‍ക്കരിക്കുന്നതിന് ന്യൂനപക്ഷ നിയമങ്ങളില്‍ മാറ്റം വരുത്തുകയെന്നത് ആദ്യപടിയാണ്. പിന്നീട് ഇതര ന്യൂനപക്ഷ, ദലിത്, ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങളുടെ മേല്‍ കൈവെക്കും. ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ മൗലീകാവകാശം പോലും നിഷേധിക്കുന്നതാണ് പുതിയ നിയമം.

നിയമത്തിന്റെ അനീതിയെയും അന്യവല്‍ക്കരണത്തെയും സംബന്ധിച്ച പൗരന്മാരില്‍ അവബോധം സൃഷ്ടിക്കുന്നതിന് വ്യാപകമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. പൊതുയോഗം, കോര്‍ണര്‍ യോഗങ്ങള്‍, തെരുവു യോഗങ്ങള്‍, പ്രതിഷേധ സംഗമം തുടങ്ങിയ വിവിധങ്ങളായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പരിപാടികളില്‍ വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലുള്ളവര്‍ സംബന്ധിക്കും. നുണപ്രചാരണങ്ങളിലൂടെ ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചാണ് ഭരണഘടനാ വിരുദ്ധമായ നിയമം അടിച്ചേല്‍പ്പിക്കുന്നത്. ഒരു ജനത തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്വത്തില്‍ നിന്ന് സാമൂഹിക നന്മയ്ക്കും പുരോഗതിക്കുമായി ദാനം ചെയ്തിരിക്കുന്നതാണ് വഖ്ഫ് സ്വത്തുക്കള്‍. അത് അന്യായമായി തട്ടിയെടുക്കാനാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയമത്തിന്റെ ഓരോ വ്യവസ്ഥകളും നീതിരഹിതമാണ്. അതിലെ വ്യവസ്ഥ പ്രകാരം നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആരാധനാലയം, അനാഥാലയം, ഖബറിസ്ഥാന്‍ ഉള്‍പ്പെടെയുള്ള വഖ്ഫ് സ്വത്തുക്കളില്‍ വംശീയ വിദ്വേഷത്തോടെ ആരെങ്കിലും ഒരു പരാതി നല്‍കിയാല്‍ മതി അതിന്റെ കേസ് തീര്‍പ്പാകുന്നതുവരെ ആ സ്ഥാപനം അടച്ചുപൂട്ടും. സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരവും ഭരണഘടനാ വിരുദ്ധവും പൗരവകാശം നിഷേധിക്കുന്നതുമാണ് ഈ നിയമം. ഇത് വലിയ സാമൂഹിക സംഘര്‍ഷങ്ങള്‍ക്കും അരാജകത്വത്തിനും വഴിവെക്കും. രാജ്യത്ത് നീതിയും സമാധാനവും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന പൗരസമൂഹം ഈ ഭീകര നിയമത്തിനെതിരേ ഐക്യപ്പെട്ട് ശക്തമായി രംഗത്തുവരണമെന്നും യോഗം അഭ്യര്‍ഥിച്ചു.

സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി ആര്‍ സിയാദ്, പി കെ ഉസ്മാന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, പിപി റഫീഖ്, ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, സെക്രട്ടറിയേറ്റംഗങ്ങളായ അഡ്വ. എ കെ സലാഹുദ്ദീന്‍, വി ടി ഇഖ്‌റാമുല്‍ ഹഖ് സംസാരിച്ചു.

Next Story

RELATED STORIES

Share it