Sub Lead

മുനവ്വര്‍ ഫാറൂഖിയുടെ ഷോയ്ക്ക് അനുമതി; തെലങ്കാനയില്‍ ടിആര്‍എസും ഉവൈസിയുടെ പാര്‍ട്ടിയും കലാപത്തിന് ശ്രമിക്കുന്നുവെന്ന് ബിജെപി അധ്യക്ഷന്‍

മുനവ്വര്‍ ഫാറൂഖിയുടെ ഷോയ്ക്ക് അനുമതി; തെലങ്കാനയില്‍ ടിആര്‍എസും ഉവൈസിയുടെ പാര്‍ട്ടിയും കലാപത്തിന് ശ്രമിക്കുന്നുവെന്ന് ബിജെപി അധ്യക്ഷന്‍
X

ഹൈദരാബാദ്: തെലങ്കാനയില്‍ ഉവൈസിയുടെ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും (എഐഎംഐഎം) തെലങ്കാന രാഷ്ട്ര സമിതിയും (ടിആര്‍എസ്) കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന ആരോപണവുമായി തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി സഞ്ജയ് രംഗത്ത്. ഹൈദരാബാദില്‍ സ്റ്റാന്‍ഡപ്പ് കോമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയെ പരിപാടി അവതരിപ്പിക്കാന്‍ അനുവദിച്ചത് വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സഞ്ജയ് ആരോപിക്കുന്നു. സമാധാനവും ക്രമസമാധാനവും ഉറപ്പാക്കേണ്ട മുഖ്യമന്ത്രി നിയമ, ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

ഡല്‍ഹി മദ്യകുംഭകോണത്തില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ഈ ഗൂഢാലോചന നടത്തിയതെന്ന് സഞ്ജയ് പറയുന്നു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും സംസ്ഥാന നിയമസഭാംഗവുമായ കെ കവിതയ്‌ക്കെതിരേ കോടിക്കണക്കിന് രൂപയുടെ ഡല്‍ഹി മദ്യകുംഭകോണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം. ഹാസ്യനടന്‍ ആളുകളുടെ മതവികാരം വ്രണപ്പെടുത്തിയതിനാല്‍ പല സംസ്ഥാനങ്ങളും അദ്ദേഹത്തിന്റെ ഷോകള്‍ നിരോധിച്ചതാണ്.

അങ്ങനെയുള്ള ഒരാളെ ഹൈദരാബാദില്‍ ഷോ നടത്താന്‍ അനുവദിക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നുവെന്ന് ബിജെപി നേതാവ് ചോദിച്ചു. ഫാറൂഖിയുടെ ഷോയ്ക്ക് ടിആര്‍എസ് സര്‍ക്കാര്‍ 2000 പോലിസുകാരുടെ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുമ്പ് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഹാസ്യതാരങ്ങളുടെ ഷോകള്‍ റദ്ദാക്കിയിരുന്നു. ഇത്തരമൊരു വ്യക്തിയെ ഹൈദരാബാദില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുവദിച്ചത് വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല. എഐഎംഐഎം വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടത്തുന്നത്.

പഴയ ഹൈദരാബാദ് നഗരത്തിലെ ബുദ്ധിജീവികളും ജനങ്ങളും വികസനം ആഗ്രഹിക്കുന്നു. എന്നാല്‍, എഐഎംഐഎം വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടത്തുന്നത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചന നടത്താന്‍ ടിആര്‍എസും എഐഎംഐഎമ്മും കൈകോര്‍ക്കുകയാണ്. ആളുകള്‍ അവരുടെ ഗൂഢാലോചനയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും സംയമനത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it