Sub Lead

ചെയ്യാത്ത കുറ്റത്തിന് 23 വർഷം ജയിൽ; മോചിതനായപ്പോൾ മാതാപിതാക്കളുടെ ഖബറിടത്തിൽ പൊട്ടിക്കരഞ്ഞ് അലി ഭട്ട് (VIDEO)

ചെയ്യാത്ത കുറ്റത്തിന് 23 വർഷം ജയിൽ; മോചിതനായപ്പോൾ മാതാപിതാക്കളുടെ ഖബറിടത്തിൽ പൊട്ടിക്കരഞ്ഞ് അലി ഭട്ട് (VIDEO)
X

ശ്രീനഗര്‍: 1996ലെ സംലേത്തി ബോംബ് സ്‌ഫോടനക്കേസില്‍ ആരോപണവിധേയരായി 23വര്‍ഷം ജയിലില്‍ കഴിയുകയും കഴിഞ്ഞദിവസം രാജസ്ഥാന്‍ ഹൈക്കോടതി വെറുതെവിടുകയും ചെയ്ത കശ്മീര്‍ സ്വദേശി അലിഭട്ടിന്റെ നിസ്സാഹാവസ്ഥയാണ് ഈ വീഡിയോ.

സ്ഫോടനക്കേസില്‍ കുറ്റാരോപിതരായ അലി ഭട്ടിനേയും മറ്റ് നാലുപേരേയും കഴിഞ്ഞ ദിവസമാണ് രാജസ്ഥാന്‍ ഹൈക്കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചത്. ശ്രീനഗറിലെ തന്റെ വീട്ടിലെത്തിയ അലി ഭട്ട് ആദ്യം പോയത് തന്റെ മാതാപിതാക്കളുടെ ഖബറിടത്തിലേക്കായിരുന്നു. ഖബറിടത്തിലെത്തിയ അലിഭട്ട് ഏറെനേരം ഖബറിൽ മുഖംപൂഴ്ത്തി പൊട്ടിക്കരഞ്ഞു. കൂടെയെത്തിയവർക്കും തേങ്ങലടക്കാനായില്ല.

23 വര്‍ഷക്കാലമാണ് കുറ്റം ചെയ്യാതെ അലി ഭട്ട് ജയിലില്‍ കിടന്നത്. ഇൗ കാലയളവിൽ തന്റെ മാതാപിതാക്കളെ കാണാനോ പരോളിൽ പുറത്തുപോകാനൊ സാധിക്കാതെ ജയിലറയിലായിരുന്നു അലി ഭട്ട്. ഈ രണ്ട് പതിറ്റാണ്ടിനിടയില്‍ തന്റെ യുവത്വവും ജീവിതവും മാതാപിതാക്കളേയും അദ്ദേഹത്തിന് നഷ്ടമായി. 25ാം വയസ്സില്‍ ചെയ്യാത്ത കുറ്റത്തിന് ജയിലിലേക്ക് പോയ അദ്ദേഹത്തിന് ഇപ്പോള്‍ 48 വയസ്സായി.

1996ലാണ് സംലേത്തി കേസിൽ കുറ്റക്കാരെന്നാരോപിച്ച് ലത്തീഫ് അഹമ്മദ് (42), മിര്‍സ നാസര്‍ (39), അബ്ദുല്‍ ​ഗനി (57), റയീസ് ബേഗ് (56) എന്നിവരോടൊപ്പം അലിഭട്ടിനെയും ജയിലിൽ കൊണ്ടിടുന്നത്. ഡല്‍ഹിയിലും അഹമ്മദാബാദിലും ജയിലുകളില്‍ ഇവരെ പാര്‍പ്പിച്ചു. ശിക്ഷാ കാലയളവില്‍ ഒരിക്കല്‍ പോലും ഇവരെ ജാമ്യത്തിലോ പരോളിലോ പുറത്തുവിട്ടില്ല.

സ്ഫോടനക്കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്ന ഡോ.അബ്ദുല്‍ ഹമീദുമായി ഇവര്‍ക്ക് ബന്ധമുളളതായി വാദി ഭാഗത്തിന് തെളിയിക്കാനായില്ല. ഇവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന ആരോപണത്തിനും തെളിവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് കേസിൽ കുറ്റക്കാരെല്ലെന്ന് കണ്ട് ചൊവ്വാഴ്ച ജയിൽമോചനം നടന്നത്.

തങ്ങള്‍ക്ക് മുമ്പ് പരസ്പരം അറിയില്ലായിരുന്നു എന്നാണ് അഞ്ച് പേരും മോചനത്തിന് ശേഷം പ്രതികരിച്ചത്. ജയിലില്‍ പോകുന്നതിന് മുമ്പ് അലി ഭട്ട് കാര്‍പറ്റ് കച്ചവടക്കാരനായിരുന്നു. ലത്തീഫ് അഹമ്മദ് കശ്മീരി കരകൗശല വസ്തുക്കള്‍ വിറ്റാണ് ജീവിച്ചിരുന്നത്. നിസാര്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിയും ​ഗനി ഒരു സ്കൂള്‍ നടത്തിപ്പുകാരനുമായിരുന്നു.

ജയ്പൂര്‍ -ആഗ്ര ദേശീയ പാതയിലെ ദൗസയിലെ സംലേത്തി ഗ്രാമത്തിലാണ് 1996 മെയ് 22 സ്ഫോടനം നടന്നത്. നിര്‍ത്തിയിട്ട ബസ്സിലായിരുന്നു സ്ഫോടനം. 14 പേര്‍ കൊല്ലപ്പെടുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് അംഗങ്ങളാണ് പ്രതികളെന്നായിരുന്നു കുറ്റപത്രം. 12 പേരെ പ്രതി ചേര്‍ത്ത കേസില്‍ 7 പേര്‍ ഇതുവരെ കുറ്റവിമുക്തരായി.

Next Story

RELATED STORIES

Share it