ആധാരം പണയപ്പെടുത്തി പുരയിടം മറിച്ചുവിറ്റ സംഭവം : പോലിസുകാരനുള്‍പെടെ മൂന്നുപേര്‍ക്കെതിരേ വഞ്ചനക്ക് കേസ്
വൈപ്പിന്‍: പുരയിടത്തിന്റെ ആധാരം പണയപ്പെടുത്തി ബാങ്കില്‍നിന്നും വായ്പ എടുത്ത ശേഷം വായ്പ തിരിച്ചടക്കാതെയും ബാങ്ക് അറിയാതെയും പുരയിടം മറ്റൊരാള്‍ക്ക് മറിച്ചുവിറ്റ സംഭവത്തില്‍ പോലിസുകാരനും ഭാര്യയും ഉള്‍പെടെ മൂന്നുപേര്‍ക്കെതിരേ വഞ്ചനാ കുറ്റത്തിനു കേസെടുത്തു. വടക്കേക്കര പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ എളങ്കുന്നപ്പുഴ വളപ്പ് തോട്ടപ്പള്ളി സുധീഷ്, ഇയാളുടെ ഭാര്യ, സ്ഥലം വാങ്ങിയ കൊടുങ്ങല്ലൂര്‍ ഇരിങ്ങാത്തുരുത്തി തിലകന്‍ എന്നിവര്‍ക്കെതിരേയാണ് ഞാറക്കല്‍ പോലിസ് കേസെടുത്തത്. 2013ല്‍ ഇയാള്‍ ഞാറക്കലി ല്‍ പുതുതായി വാങ്ങിയ വീടിന്റെ ആധാരം പണയപ്പെടുത്തി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ തോപ്പുംപടി ശാഖയില്‍നിന്നും 19.2 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പിന്നീട് തുക തിരിച്ചടക്കാന്‍ കഴിയാതെവന്നപ്പോഴാണ് ഇത് മറ്റൊരാള്‍ക്ക് വിറ്റത്. ബാങ്കിനു ബാധ്യതയുണ്ടെന്ന അറിവോടെയും ഇത് തീര്‍ത്തുകൊള്ളാമെന്ന വ്യവസ്ഥയിലുമാണ് മൂന്നാം പ്രതി വസ്തു വാങ്ങിയത്. എന്നാല്‍ ഇയാളും വായ്പ തുക തിരിച്ചടക്കാതെ വന്നപ്പോഴാണ് ബാങ്ക് നടപടികളുമായി മുന്നോട്ടുവന്നത്. തുടര്‍ന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തോപ്പുംപടി ശാഖ മാനേജര്‍ ഞാറക്കല്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ പോലിസുകാരന്‍ ബാങ്കുമായി ബന്ധപ്പെട്ട് സാവകാശം ചോദിച്ച സാഹചര്യത്തില്‍ പോലിസ് പരാതിയി ല്‍ കേസെടുക്കാതെ വച്ചിരുന്നു. കഴിഞ്ഞദിവസം ഐജി നേരിട്ടെത്തി നടത്തിയ പരിശോധനയെ തുടര്‍ന്ന് അന്ന് രാത്രി തന്നെ പോലിസ് കേസെടുത്തു.
കാന്‍സറിനെ തോല്‍പിച്ച കൊച്ചുകൂട്ടുകാരുടെ കളിക്കൂട്ടം 2017 മരട്: കാന്‍സറിനെ തോല്‍പിച്ച കൊച്ചുകൂട്ടുകാരുടെ സംഗമം കളിക്കൂട്ടം 2017 സംഘടിപ്പിച്ചു. ഡോ. വി പി ഗംഗാധരന്‍ നേതൃത്വം നല്‍കുന്ന കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തൃപ്പൂണിത്തുറ പേട്ടയിലെ എന്‍എസ്എസ് ശ്രീപൂര്‍ണ ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തിയത്. കളിക്കൂട്ടത്തിന്റെ അമ്മയായ ശാന്ത നമ്പ്യാരുടെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പിച്ച് അവരുടെ മകന്‍ പ്രേമചന്ദ്രനും കുടുംബവും ഭദ്രദീപം കൊളുത്തി പരിപാടികള്‍ക്ക് തുടക്കമിട്ടു. എല്ലാ കളിക്കൂട്ടുകാരെയും കുടുംബാംഗങ്ങളെയും സ്വാഗതംചെയ്ത് ഡോ. വി പി ഗംഗാധഗരന്‍ തുടങ്ങിവച്ച പരിപാടി കൊച്ചുകൂട്ടുകാര്‍ക്ക് ആവേശം പകര്‍ന്ന് ചെണ്ടമേളം മുഴക്കി പ്രശസ്ത സിനിമാ താരം ജയറാമും നര്‍മം ചാലിച്ച് സ്വത സിദ്ധമായ ശൈലിയില്‍ ചിരിയുടെ മാലപ്പടക്കം കൊളുത്തി ഇന്നസെന്റും കളികൂട്ടുകാരെ അഭിവാദ്യം ചെയ്ത് എംഎല്‍എ പി ടി തോമസും പരിപാടികള്‍ക്ക് മിഴിവേകി. ഫഌവേഴ്‌സ് ചാനല്‍ അവതാരകരായ സൂരജും ശ്യമും ഹാസ്യകലാ പ്രകടനത്തിലൂടെ കുട്ടികളില്‍ ചിരിപടര്‍ത്തിയപ്പോള്‍ സാക്ഷിയാവാന്‍ പ്രശസ്ത സിനിമാ സംവിധായകന്‍ സിദ്ധാര്‍ഥ് ശിവയും എത്തിയിരുന്നു. പ്രശസ്ത വയലിനിസ്റ്റ് ആര്‍എല്‍വി അസീസ് മാഷും കൂട്ടരും ഒരുക്കിയ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയില്‍ നൃത്തം, പാട്ട് തുടങ്ങി വിവിധ കലാപരിപാടികളിലൂടെ കളിക്കൂട്ടം 2017 ഒരുമയുടെ വസന്തം തീര്‍ത്തു. കുട്ടൂസനും ലുട്ടാപ്പിയുമെല്ലാം കൂട്ടുകാരെ കാണാനെത്തിയപ്പോള്‍ കളികൂട്ടത്തെ കൂടെ നടത്താന്‍ ചാക്യാരായി ആര്‍ട്ടിസ്റ്റ് ബാബുവും ഉണ്ടായിരുന്നു. കെ പി നമ്പൂതിരീസിന്റെ എംഡി ഭവദാസന്‍ കളിക്കൂട്ടത്തിനുള്ള സമ്മാനങ്ങളുമായെത്തി. കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ സെക്രട്ടറി നാരായണന്‍ പോറ്റി സംസാരിച്ചു.