തെരുവുനായ ശല്യം: വെറ്ററിനറി ഡോക്ടര്‍മാര്‍ മാര്‍ഗരേഖ കൈമാറി

Update: 2016-05-13 04:26 GMT
തിരുവനന്തപുരം: തെരുവുനായശല്യം നിയന്ത്രിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ മാര്‍ഗരേഖ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരളഘടകം സര്‍ക്കാരിനു കൈമാറി.
നിയമം അനുശാസിക്കുന്ന വന്ധ്യംകരണ ശസ്ത്രക്രിയ പ്രോഗ്രാമിന്റെ (എബിസി- എആര്‍) വിവിധ വശങ്ങളെക്കുറിച്ചും പ്രയോഗികതലത്തില്‍ സംസ്ഥാനത്തു നടപ്പാക്കുന്നതിനെക്കുറിച്ചുമാണ് മാര്‍ഗരേഖയില്‍ വിശദീകരിക്കുന്നത്. എ മോഡല്‍ പ്രൊജക്ട് ഫോര്‍ യൂനിഫോം ഇംപ്ലിമെന്റേഷന്‍ ഓഫ് എബിസി-എആര്‍ പ്രോഗ്രാം ഫോര്‍ സ്ട്രീറ്റ് ഡോഗ്‌സ് ഇന്‍ കേരള എന്ന പേരില്‍ തയ്യാറാക്കിയ റിപോര്‍ട്ട് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. എസ് ചന്ദ്രന്‍കുട്ടി എന്നിവര്‍ക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ കൈമാറി.
ഓരോ ബ്ലോക്കിലും ഓരോ തെരുവുനായ വന്ധ്യംകരണ ശസ്ത്രക്രിയാ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. മുന്‍ഗണനാ ക്രമത്തില്‍ മേഖലകള്‍ തിരഞ്ഞെടുത്തായിരിക്കണം പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് അതത് പ്രദേശത്തെ തെരുവുനായകളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തുന്നതിന് സെന്‍സസ് സംഘടിപ്പിക്കണം. ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരിക്കും പ്രസ്തുത വന്ധ്യംകരണ കേന്ദ്രങ്ങള്‍. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായിരിക്കണം. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍വരുന്ന പഞ്ചായത്തുകൡ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ തുക അതത് പഞ്ചായത്തുകള്‍ ബ്ലോക്ക് പഞ്ചായത്തിനു കൈമാറണം.
പദ്ധതിയുമായി ബന്ധപ്പെട്ട് വെറ്ററിനറി ഡോക്ടര്‍മാര്‍, പാരാ വെറ്ററിനേറിയന്‍സ്, അനിമല്‍ ഹാന്‍സ്ലേഴ്‌സ് തുടങ്ങിയ ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്തു നിയമിക്കണം. പദ്ധതിയുടെ നടത്തിപ്പിന്റെ ജില്ലാതല സാങ്കേതിക മേല്‍നോട്ടവും പരിശോധനയും മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ പുതുതായി രൂപീകരിക്കേണ്ട അനിമല്‍ വെല്‍ഫെയര്‍ വിങ്ങിലെ അനിമല്‍ വെല്‍ഫെയര്‍ ഓഫിസേഴ്‌സിന്റെ ചുമതലയായിരിക്കുമെന്നും മാര്‍ഗരേഖയില്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

Similar News