സ്വന്തം പൗരന്മാരെ വേട്ടയാടുന്ന ഇന്ത്യന്‍ സൈന്യം

Update: 2021-12-08 09:39 GMT

കെ എച്ച് നാസര്‍ 

നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഭീകരരെന്നു സംശയിച്ച് 14 ഖനി തൊഴിലാളികളെ സൈന്യം വെടിവച്ചു കൊന്ന സംഭവത്തിന്റെ നടുക്കത്തില്‍നിന്ന് നമ്മുടെ നാട് ഇപ്പോഴും മോചിതമായിട്ടില്ല. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഉയര്‍ന്നുപൊങ്ങിയ രോഷത്തിനുമുന്നില്‍ ഗത്യന്തരമില്ലാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ഖേദപ്രകടനം കൊണ്ട് കെട്ടടങ്ങുന്നതല്ല ഈ കൂട്ടക്കൊല സൃഷ്ടിച്ച പ്രത്യാഘാതത്തിന്റെ അനുരണനങ്ങള്‍. നിരപരാധികളായ ഗ്രാമീണരെയാണ് സൈന്യം വധിച്ചതെന്നു സമ്മതിച്ച കേന്ദ്രസര്‍ക്കാര്‍ പക്ഷേ, ഉത്തരവാദികളായ സൈനികരുടെ കുറ്റവിചാരണയുടെ കാര്യത്തില്‍ തുടരുന്ന വൈമുഖ്യം ആശങ്കയും ഭീതിയും ഉയര്‍ത്തുന്നതാണ്. അപരാധികളെ പോലും നിയമത്തിനതീതമായി കൊലപ്പെടുത്താന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് അധികാരമില്ലാത്ത ഒരു രാജ്യത്താണ് സംശയത്തിന്റെ മാത്രം പേരില്‍ നിരപരാധികളെ സൈന്യം നിഷ്ഠുരം വെടിവച്ചു കൊന്നത്. അതിനവര്‍ക്ക് ധൈര്യമേകിയ സാഹചര്യം രാജ്യത്തു നിലനില്‍ക്കുന്നുവെന്നതാണ് ഏറെ ഭയാനകം. 

കണ്ണില്‍ കാണുന്നവരെയൊക്കെ ഇങ്ങനെ വെടിവച്ചു കൊല്ലാന്‍ സൈന്യത്തിന് ആവേശം നല്‍കുന്നത് സായുധ സേനയ്ക്ക് അമിതാധികാരം നല്‍കുന്ന അഫ്‌സ്പ എന്ന ഭീകരനിയമമാണ്. ഈ നിയമം പിന്‍വലിക്കണമെന്ന ന്യായവും ശക്തവുമായ ആവശ്യത്തിനു മുന്നില്‍ ഇനിയും അനുകൂലമായി നാവുയര്‍ത്തിയിട്ടില്ല കേന്ദ്രസര്‍ക്കാര്‍. കുറ്റക്കാരായ സൈനികരെ വിചാരണചെയ്യാന്‍ അനുമതി നല്‍കുമോ എന്ന കാര്യത്തിലും കടുത്ത മൗനമാണ് സര്‍ക്കാര്‍ തുടരുന്നത്. സൈന്യത്തിന്റെ ഭാഗത്തുനിന്ന് അതിക്രമങ്ങള്‍ ഉണ്ടായാലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ സൈനികരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പറ്റില്ലെന്നാണ് അഫ്‌സ്പ നിയമപ്രകാരമുള്ള വ്യവസ്ഥ. സൈന്യം നടത്തിയ കൊലയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടിസ് അയക്കുകയും 21 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിനെതിരേ പോലിസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും കേന്ദ്രം പറയുന്നു ണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ നയനിലപാടുകള്‍ തുടര്‍ന്നുള്ള നിയമ നടപടികളില്‍ നിര്‍ണായകമായിരിക്കും. പൗരന്മാരെ നിര്‍ദയം വേട്ടയാടുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഒരു ഭരണകൂടത്തില്‍നിന്ന് നിയമപരിരക്ഷയും നീതിയും എത്രത്തോളം ലഭിക്കുമെന്നത് കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്. 

1958 മുതല്‍ നിലനില്‍ക്കുന്ന നിയമമാണ് ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്റ്റ് അഥവാ അഫ്‌സ്പ. സംഘര്‍ഷ മേഖലകളില്‍ സൈന്യത്തിന് സവിശേഷാധികാരങ്ങള്‍ നല്‍കുന്ന നിയമമാണിത്. സംഘര്‍ഷ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച മേഖലകളിലെ വീടുകളില്‍ റെയ്ഡ് നടത്താനും സംശയത്തിന്റെ പേരില്‍ പോലും ആരെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും പോലിസിനും പട്ടാളത്തിനും വെടിവയ്പിനും അധികാരം നല്‍കുന്ന ഭീകരനിയമമാണ് അഫ്‌സ്പ. ക്വിറ്റ് ഇന്ത്യ സമരത്തെ അമര്‍ച്ച ചെയ്യാന്‍ 1942ല്‍ ബ്രിട്ടിഷുകാര്‍ കൊണ്ടു വന്ന നിയമത്തിന്റെ തുടര്‍ച്ചയാണിത്. അസം, നാഗലാന്‍ഡ്, മണിപ്പൂര്‍ , അരുണാചല്‍ പ്രദേശ്, പഞ്ചാബ്, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളിലെ ജനങ്ങളാണ് ഈ നിയമത്തിന്റെ കെടുതികള്‍ അനുഭവിച്ചുവരുന്നത്. 

യുക്തിബോധമുള്ള മനുഷ്യര്‍ മനസ്സാക്ഷിയുടെ യജമാനന്മാരാണ് എന്നു പറഞ്ഞത് അഫ്‌സ്പ എന്ന ഭീകര നിയമത്തിനും മണിപ്പൂരിലെ പട്ടാള അതിക്രമങ്ങള്‍ക്കും എതിരേ ഇരുപത്തി യെട്ടാം വയസ്സില്‍ നിരാഹാര സമരം ആരംഭിക്കുകയും ദീര്‍ഘകാലം അതു തുടരുകയും ചെയ്ത ഇറോം ചാനു ശര്‍മിള എന്ന ഉരുക്കു വനിതയാണ്. 2000 നവംബര്‍ 5 നു തുടങ്ങിയ തന്റെ നിരാഹാര സമരം ഇറോം ശര്‍മിള അവസാനിപ്പിച്ചത് 2016 ആഗസ്ത് 9 നാണ്. 500 ആഴ്ചകള്‍ അഥവാ ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ടുനിന്ന , ലോകത്തിലെ തന്നെ ഏറ്റവും ദൗര്‍ഘ്യമേറിയ നിരാഹാര സമരമായിരുന്നു ഇറോം ശര്‍മിളയുടേത്. തങ്ജം മനോരമ എന്ന 32 കാരി 2004 ജൂലൈ 11 ന് ബലാല്‍സംഗത്തിനു ശേഷം വെടിവച്ചു കൊല്ലപ്പെട്ട സംഭവത്തിലും സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരേ അതിശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. പതിനേഴാം അസം റൈഫിള്‍സ് എന്ന പാരാമിലിറ്ററി യൂനിറ്റായിരുന്നു ഈ ക്രൂരകൃത്യം ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് 2004 ജൂലൈ 15 ന് മണിപ്പൂരിലെ അസം റൈഫിള്‍സിന്റെ അന്നത്തെ ആസ്ഥാനത്തിനു മുന്നില്‍ 'ഞങ്ങളെ ബലാല്‍സംഗം ചെയ്യൂ' എന്നെഴുതിയ പ്ലക്കാര്‍ഡുമേന്തി 12 മണിപ്പൂരി വനിതകള്‍ നഗ്‌നരായി നടത്തിയ സമരം രാജ്യത്തെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു. എന്നിട്ടും ഈ നിയമം പിന്‍വലിക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല എന്നത് നമ്മുടെ ജനാധിപത്യ മനസ്സാക്ഷിക്കും പൗരാവകാശ ബോധത്തിനും നേരെ ഉയരുന്ന ചോദ്യച്ചിഹ്നമായി തന്നെ അവശേഷിക്കുകയാണ്. 

എന്തുകൊണ്ടാണ് പൗരന്മാര്‍ ഭരണകൂടത്തിന്റെ ശത്രുക്കളായി പരിഗണിക്കപ്പെടുകയും പരിചരിക്കപ്പെടുകയും ചെയ്യുന്നത്? ഭരണകൂടം ജനവിരുദ്ധമായതുകൊണ്ട് എന്നു തന്നെയാണതിനുത്തരം. ഭരണകൂടത്തെ വിമര്‍ശിക്കാനും ഭരണാധികാരികളോട് വിയോജിക്കാനും പൗരന്മാര്‍ക്കു കഴിയുമ്പോള്‍ മാത്രമാണ് ഒരു ജനാധിപത്യ രാഷ്ട്രം ശക്തമായി നിലകൊള്ളുക. അതിന് ആദ്യം വേണ്ടത് സ്വന്തം ജനതയെ ഭരണകൂടം വിശ്വാസത്തിലെടുക്കുകയാണ്. ജനക്ഷേമ തല്‍പ്പരതയും ജനാധിപത്യ ബോധവും മതനിരപേക്ഷ നിലപാടും ഉള്ള ഒരു ഭരണകൂടത്തിനേ അതു കഴിയൂ. കോര്‍പറേറ്റ് കങ്കാണിമാരായ, ചങ്ങാത്ത മുതലാളിത്തത്തിന്റെ അപോസ്തലന്മാരായ, അപര വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും പ്രായോജകരായ, വംശഹത്യയുടെ ഉപാസകരായ, ഫാഷിസത്തിന്റെ കുഴലൂത്തുകാരായ, മനുഷ്യാവകാശങ്ങളുടെ അന്തകരായ സംഘപരിവാര നിയന്ത്രിത ഭരണകൂടത്തില്‍നിന്ന് നല്ലതെന്തെങ്കിലും പ്രതീക്ഷിക്കുന്നതാണ് മൗഢ്യം. പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ഒരു ചെറുനാമ്പു പോലും അടയാളപ്പെടുത്താതെ വരാനിരിക്കുന്ന കൊടിയ നാശങ്ങളുടെ മഹാപ്രളയത്തില്‍ മുങ്ങിത്താഴാന്‍ വിധിക്കപ്പെട്ടവരല്ല നമ്മള്‍ എന്ന തിരിച്ചറിവാണ് ഭാവിയെ പ്രതീക്ഷയുറ്റതാക്കുന്നത്. കര്‍ഷക സമരത്തിന്റെ വിജയവും സിഎഎ എന്‍ആര്‍സി വിരുദ്ധ സമരങ്ങളിലെ ജനപങ്കാളിത്തവും നമുക്കു നല്‍കുന്ന ശുഭ സൂചനകളെ നാം കാണാതിരുന്നു കൂടാ. 

Tags:    

Similar News